കാട്ടാന ആക്രമണത്തിൽ ബില്ലിയുടെ മൃതദേഹവുമായി പോകുന്ന ആര്യാടൻ ഷൗക്കത്തും ഉദ്യോഗസ്ഥ സംഘവും
മലപ്പുറം: നിയുക്ത എം.എൽ.എ ആര്യാടന്‍ ഷൗക്കത്തും പൊലീസ്-ഫയര്‍ഫോഴ്‌സ്-വനംവകുപ്പ് ഉദ്യോഗസ്ഥരും ഡിങ്കി ബോട്ട് തകരാറിലായതിനെ തുടർന്ന് കാട്ടില്‍ കുടുങ്ങി.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലമ്പൂർ മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ (56) മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേയാണ് കുടുങ്ങിയത്. രണ്ടുമണിക്കൂറോളം കാട്ടിൽ കുടങ്ങിയ ഇവരെ ജില്ലാ കളക്ടറുടെ ഇടപെടലില്‍ മലപ്പുറത്ത് നിന്നും ദേശീയ ദുരന്തനിവാരണ സേന ബോട്ടെത്തിച്ചാണ് കരയിലെത്തിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതദേഹം ഡിങ്കി ബോട്ടില്‍ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്. ഡിങ്കി ബോട്ടില്‍ മടങ്ങുന്നതിനിടെ ചാലിയാര്‍ പുഴയുടെ മധ്യത്തിലെത്തിയതോടെ എന്‍ജിന്‍ തകരാറിലാവുകയായിരുന്നു. സാഹസപ്പെട്ടാണ് ഫയര്‍ ഫോഴ്‌സ് സംഘം ബോട്ട് മറുതീരത്ത് അടുപ്പിച്ചത്.
നാളെ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ ഷൗക്കത്ത് ഇന്ന് രാത്രിയാണ് തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തിരുന്നത്. രാത്രി 9.30-നുള്ള രാജ്യറാണി എക്സ്പ്രസിനാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനു മുൻപായി മാർത്തോമ കോളേജിലും ചുങ്കത്തറ മാർത്തോമ സ്കൂളിലും കൊണ്ടോട്ടിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കേണ്ടിയിരുന്നു. എന്നാൽ കാട്ടിൽ കുടുങ്ങിയതിന്റെ പശ്ചാത്തലത്തിൽ ഈ പരിപാടികൾ മാറ്റിവെച്ചു.
ബുധനാഴ്ച വൈകിട്ടാണ് മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലി (56) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.