ദ്രൗപദി മുർമുവിന് വോട്ട് ചെയ്തിട്ടില്ല; ബി.ജെ.പിയിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതം -മാണി സി. കാപ്പൻ

പാലാ: താൻ ബി.ജെ.പി മുന്നണിയിൽ പോകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ. ബി.ജെ.പിയിലേക്കെന്നല്ല മറ്റൊരു മുന്നണിയിലേക്കും ഇല്ല. പാലായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമുള്ളതായി സംശയമുണ്ട്. കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പാലായിലെ കോൺഗ്രസുകാരോട് ചോദിച്ചാൽ ഉത്തരം കിട്ടുമെന്ന് കാപ്പൻ പറഞ്ഞു. ചിന്തൻ ശിബിരത്തിലെ അഭിപ്രായം കോൺഗ്രസിന്‍റേതാണ്. അത് പറയാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. വിഷയം യു.ഡി.എഫിൽ ചർച്ചക്ക് വന്നിട്ടില്ല. വന്നാൽ പാർട്ടിയിൽ ചർച്ചചെയ്ത് അഭിപ്രായം പറയും. യു.ഡി.എഫിൽ ഡി.സി.കെക്ക് അർഹമായ പരിഗണന ലഭിക്കുന്നുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് താൻ വോട്ടുചെയ്തിട്ടില്ല. അത് യു.ഡി.എഫിന്‍റെ നയത്തിന്‍റെ ഭാഗമാണ്. വോട്ട് ചെയ്തിരുന്നുവെങ്കിൽ തുറന്നുപറയാനുള്ള ആർജവം തനിക്കുണ്ട്.

പാലാക്കാർ തന്നിലർപ്പിച്ച വിശ്വാസത്തിന് കോട്ടം വരുത്തുകയില്ല. ജനം ഏൽപിച്ച ജോലി ഇട്ടെറിഞ്ഞ് മാറി മാറി പോകാൻ താനില്ല. അഭ്യൂഹങ്ങളും വ്യാജ പ്രചാരണങ്ങളും ആസൂത്രിതമായി നടക്കുന്നുണ്ട്. കുറച്ചുനാൾ മുമ്പ് അഭ്യൂഹക്കാർ മന്ത്രി ശശീന്ദ്രനെ മാറ്റി തന്നെ എൽ.ഡി.എഫിൽ എത്തിച്ചു മന്ത്രിയാക്കിയിരുന്നു. പാലായുടെ വികസനം അട്ടിമറിക്കാൻ കേരള കോൺഗ്രസ് എം ശ്രമിക്കുകയാണെന്ന് മാണി സി. കാപ്പൻ കുറ്റപ്പെടുത്തി.

Tags:    
News Summary - Didn't vote for Droupadi Murmu - Mani C. Kappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.