കൊച്ചി: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളെയും എം.എൽ.എമാരെയും ഇകഴ്ത്തിക്കാട്ടാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. തന്നെയും മുസ്‍ലിം ലീഗിനെയും ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾ പാർട്ടിയെയും പ്രവർത്തകരെയും ദുർബലപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള നന്ദി പര്യടനത്തിനിടെ പ്രവർത്തകർ തന്നെ തടഞ്ഞു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ വീഡിയോ പരിശോധിച്ചിരുന്നു. തെരഞ്ഞെടുപ്പ് പര്യടന സമയത്ത് ലീഗിലെ ഒരു വിമതൻ ജയിച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോൾ അയാൾ നൽകുന്ന സ്വീകരണവുമായി ബന്ധപ്പെട്ട് ലീഗിലെ പ്രവർത്തകർ തമ്മിൽ ചെറിയ വാക്കുതർക്കം ഉണ്ടായിരുന്നു.
ഉടനെ ഞാൻ വണ്ടിയിൽനിന്ന് ഇറങ്ങി പരിഹരിച്ച് മുന്നോട്ടു പോയി. ഇക്കാര്യം മറച്ചുവെച്ച്, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മൂലം പ്രവർത്തകർ തടഞ്ഞു എന്ന പേരിൽ ഇപ്പോൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‍ലിം ലീഗിനെതിരെയോ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയോ താൻ സംസാരിച്ചു എന്ന പ്രചാരണവും അടിസ്ഥാനരഹിതമാണെന്ന് കുഴൽനാടൻ വ്യക്തമാക്കി. വി.ഡി. സതീശന് വേണ്ടി ലീഗ് സമ്മർദ്ദം ചെലുത്തുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ലീഗ് അത്തരത്തിൽ ഇടപെടാറില്ലെന്ന് പറഞ്ഞ് അവയെ ന്യായീകരിക്കാനാണ് താൻ ശ്രമിച്ചത്. എന്നാൽ ഈ വീഡിയോ എഡിറ്റ് ചെയ്ത് ലീഗ് നേതൃത്വത്തിന് എതിരെ സംസാരിച്ചു എന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുകയാണ്.
അജ്ഞാത കേന്ദ്രങ്ങളിൽ ഇരുന്ന് കോൺഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ച് ആസൂത്രിതമായ നുണപ്രചാരണങ്ങൾ നടക്കുന്നുണ്ട്. മറ്റ് പല എം.എൽ.എമാരും സമാനമായ സൈബർ ആക്രമണം നേരിടുന്നുണ്.
തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കാനാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്. സത്യമറിയാതെ യു.ഡി.എഫ് പ്രവർത്തകർ പോലും ഇത്തരം പ്രചാരണങ്ങളിൽ വീണുപോകരുതെന്നും നീതിയുടെ പാതയിൽ സഞ്ചരിക്കണമെന്നും അഭ്യർഥിച്ചാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.