തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണ റിപ്പോർട്ട് നൽകാത്തതിൽ വിജിലൻസ് ഉദ്യോഗസ്ഥന് കോടതിയുടെ ശകാരം. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ഷിബു പാപ്പച്ചനാണ് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാരയുടെ വിമർശനം.
റിപ്പോർട്ട് സർക്കാറിന് നൽകിയെന്ന് ഡിവൈ.എസ്.പി അറിയിച്ചപ്പോള്‍ എന്തുകൊണ്ട് കോടതിയിൽ നൽകിയില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിയുടെ പരിഗണനയിലുള്ള കേസിൽ റിപ്പോർട്ട് ഇവിടെയല്ലേ ഹാജരാക്കേണ്ടതെന്നും കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് മേയ് 12ന് ഹാജരാക്കാനും കോടതി നിർദേശിച്ചു. അജിത്കുമാറിനും പി. ശശിക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ സ്വകാര്യ ഹരജിയിലെ അന്വേഷണമാണ് കോടതി പരിഗണിച്ചത്.
അജിത്കുമാറിനെതിരെ ഹരജിക്കാരൻ ഉന്നയിച്ചതടക്കമുള്ള വിവിധ ആരോപണങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷിക്കുകയാണ്. അത് പൂർത്തിയാക്കാൻ വിജിലൻസ് നേരത്തേ രണ്ടു മാസം സമയം ആവശ്യപ്പെട്ടിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് ചൊവ്വാഴ്ച കേസ് പരിഗണിച്ചത്.
ഹരജിക്കാരന് ഹാജരാക്കിയ പി.വി. അന്‍വറിന്റെ പ്രസംഗത്തിന്റെ ശബ്ദരേഖ കോടതി പരിശോധിച്ചു. ആരോപണങ്ങളെക്കുറിച്ച് കേട്ടറിവേ ഉള്ളൂവെന്ന ഹരജിക്കാരന്റെ മറുപടി കോടതിക്ക് തൃപ്തികരമായില്ല.
എം.ആര്. അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിർമിക്കുന്നതില്‍ അഴിമതി പണമുണ്ടെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എ.ഡി.ജി.പിയെ വഴിവിട്ട് സഹായിക്കുന്നതായും ഹരജിക്കാരന് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.