തിരുവനന്തപുരം: ആർഎസ്എസ് വംശീയ ഭരണകൂടത്തിന് രാജ്യത്തെ വിദ്യാർത്ഥി യുവജനങ്ങൾ നൽകിയ ശക്തമായ പ്രഹരമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാന്റെ രാജിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി.
ഭരണകൂടത്തിന്റെ അനീതിക്കെതിരെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ഏറ്റെടുത്ത സമരമാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. കേന്ദ്രസർക്കാറിനെതിരെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉറച്ച ശബ്ദമായി തെരുവുകളിൽ വിദ്യാർഥി-യുവജനങ്ങൾ നിലയുറപ്പിക്കുമെന്ന് ഡൽഹി പ്രക്ഷോഭം തെളിയിച്ചിരിക്കുന്നു.
സംവാദങ്ങളോ സമരങ്ങളോ മുഖവിലക്കെടുക്കാതെ തെരുവിൽ സമരം ചെയ്യുന്നവരെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് അടിച്ചൊതുക്കാനും ഭീകരമുദ്ര ചാർത്തി നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ ഇല്ലാതാക്കാനുമാണ് മോദിയും കൂട്ടരും ശ്രമിച്ചത്. പ്രക്ഷോഭത്തെ ഡൽഹി പൊലീസ് ക്രൂരമായാണ് കൈകാര്യം ചെയ്തത്. സംഘ്പരിവാർ ഗുണ്ടകളും ഭരണകൂട പൊലീസും ഒത്തുചേർന്നാണ് സമരക്കാരെ ആക്രമിച്ചത്. എന്നാൽ ജന്തർ മന്തറിൽ ശക്തമായി നിലയുറപ്പിച്ച പോരാളികൾ ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലൂടെ ബി.ജെ.പി ഭരണകൂടത്തിന് കനത്ത പ്രഹരമാണ് നൽകിയത്.
സമരത്തെ അടിച്ചമർത്താൻ ശ്രമിച്ച പൊലീസ് അധികൃതർക്ക് എതിരെ സർക്കാർ നടപടി സ്വീകരിക്കണം. നീറ്റ് രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും സമരക്കാർക്കെതിരെയുള്ള കേസ് പിൻവലിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംഘ്പരിവാർ ഭരണകൂടത്തിന്റെ ക്രൂരമായ അതിക്രമങ്ങൾക്കെതിരെ ധീര സമരം നയിച്ച എല്ലാ വിദ്യാർഥി യുവജനങ്ങൾക്കും പ്രക്ഷോഭകർക്കും വെൽഫെയർ പാർട്ടിയുടെ അഭിവാദ്യങ്ങൾ അറിയിക്കുന്നതായി റസാഖ് പാലേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.