തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാര വകുപ്പ് 'ഡെസ്റ്റിനേഷൻ ചലഞ്ച്' പദ്ധതി തുടങ്ങുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

സംസ്ഥാനതല ഉദ്ഘാടനം ജൂൺ എട്ടിന് തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

വിനോദ സഞ്ചാര വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുക. പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പിനായി സർക്കാർ നേരത്തെ 50 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പദ്ധതിത്തുകയുടെ 60 ശതമാനം (പരമാവധി 50 ലക്ഷം രൂപ) ടൂറിസം വകുപ്പ് വഹിക്കും. ബാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തനത് ഫണ്ടിൽനിന്നോ സ്‌പോൺസർഷിപ് വഴിയോ കണ്ടെത്തണം. ഇത്തരത്തിൽ ഒരു വർഷം 100 ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ടൂറിസം വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

തങ്ങളുടെ പ്രദേശത്തെ ഡെസ്റ്റിനേഷനുകളാക്കി മാറ്റാൻ സാധ്യതയുള്ള പ്രദേശങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ ടൂറിസം വകുപ്പിന് ഓൺലൈൻ വഴിയാണ് തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിക്കേണ്ടത്. ഇതുസംബന്ധിച്ച വിശദ പദ്ധതിരേഖ അതത് തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കി എസ്റ്റിമേറ്റ് സഹിതം സമർപ്പിക്കണം. പദ്ധതി പ്രദേശത്തുനിന്ന് ലഭിക്കുന്ന വരുമാനം പൂർണമായി തദ്ദേശ സ്ഥാപനങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഈ തുക പദ്ധതി പരിപാലനത്തിന് ഉപയോഗിക്കണം. ഇതിനായി കൃത്യമായ ബിസിനസ് പ്ലാൻ തയാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കണം. പദ്ധതി നടപ്പാവുന്നതോടെ സംസ്ഥാനത്തെ ആഭ്യന്തര ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

Tags:    
News Summary - 'Destination challenge' to boost tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.