കൈക്കൂലി: എക്സൈസ് ഡെപ്യൂട്ടി കമീഷണർക്കെതിരെ വിജിലൻസ് അന്വേഷണ ശിപാർശ

തിരുവനന്തപുരം: ബാറുകളിൽനിന്ന് കൈക്കൂലി വാങ്ങിയ പരാതിയിൽ സസ്പെൻഷനിലായ കോട്ടയം മുൻ ഡെപ്യൂട്ടി എക്സൈസ് കമീഷണർ അശോക് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ.

അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലി ഉൾപ്പെടെ വിഷയങ്ങളിൽ അശോക് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് കമീഷണര്‍ സീറാം സാംബശിവറാവു വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി. 55,000 രൂപ ബാറുടമകളിൽനിന്ന് വാങ്ങിയെന്ന് എക്സൈസ് കമീഷണർ നേരിട്ട് നടത്തിയ പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് അശോക്കുമാറിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തത്. ഈ ഉദ്യോഗസ്ഥനെതിരെ സമാനമായ നിരവധി പരാതികൾ വകുപ്പിലുണ്ട്. ഈ സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് കമീഷണർതന്നെ കത്ത് നൽകിയത്. കരിങ്കട ജോയി എന്ന ഇടനിലക്കാരനെ കുറിച്ചും അന്വേഷിക്കാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വളരെ രഹസ്യമായി നടത്തിയ നീക്കത്തിലാണ് എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട ക്രമക്കേട് എക്സൈസ് കമീഷണർ കഴിഞ്ഞദിവസം പിടികൂടിയത്. താൻ നാട്ടിലേക്ക് പോകുന്നെന്ന് ചെക്ക്പോസ്റ്റിലുള്ള എക്സൈസ് ഉദ്യോഗസ്ഥർക്ക് തെറ്റായ സന്ദേശം നൽകിയശേഷം രഹസ്യമായി കോട്ടയത്ത് എത്തിയാണ് കൈക്കൂലി വാങ്ങുന്നത് കമീഷണർ കൈയോടെ പിടികൂടിയത്. ചങ്ങനാശ്ശേരി റേഞ്ചിൽ സമയപരിധി കഴിഞ്ഞും ബാറുകൾ പ്രവർത്തിക്കുന്നെന്നും പണവും മദ്യവും മറ്റു ഉപഹാരങ്ങളും വാങ്ങി എക്സൈസ് ഉദ്യോഗസ്ഥർ ഇതിന് ഒത്താശ ചെയ്യുന്നെന്നുമായിരുന്നു പരാതി.

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കാതെ വന്നപ്പോൾ ചില ബാറുടമകളാണ് മന്ത്രി എം. ലിജുവിനുൾപ്പെടെ പരാതി നൽകിയത്. അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Tags:    
News Summary - Bribery: Vigilance investigation recommended against Excise Deputy Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.