സണ്ണി ജോസഫ്
കെ.പി.സി.സി പുനഃസംഘടന വൈകുന്നതിൽ അതൃപ്തി; സർക്കാർ-പാർട്ടി ഏകോപനം ഫലപ്രദമല്ലെന്നും രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനം
തിരുവനന്തപുരം: ഭരണത്തിലേറി നൂറ് ദിവസം പിന്നിട്ടിട്ടും സർക്കാർ-പാർട്ടി ഏകോപനം ഫലപ്രദമല്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനം. ഇത് വലിയ പോരായ്മയാണെന്നും അടിയന്തര തിരുത്ത് വേണമെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ചൂണ്ടിക്കാട്ടി. സർക്കാർ അധികാരത്തിലെത്തിയശേഷം ആദ്യമായി ചേർന്ന യോഗത്തിലാണ് നേട്ടങ്ങൾക്കൊപ്പം കോട്ടങ്ങളും നേതാക്കൾ അക്കമിട്ടത്.
പാർട്ടി പ്രസിഡന്റുമായി കൂടിയാലോചിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിക്കാറുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ യോഗത്തെ അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ നിലവിലെ സംവിധാനം പോരെന്നും മെച്ചപ്പെടണമെന്നും പ്ലീഡർ നിയമന വിവാദമടക്കം പരാമർശിച്ച് ദീപാദാസ് മുൻഷി ചൂണ്ടിക്കാട്ടി. പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും മന്ത്രിസഭ അംഗങ്ങളായതിനെ തുടർന്ന് സംഘടന നേരിടുന്ന പ്രതിസന്ധി യോഗത്തിൽ ഉന്നയിക്കപ്പെട്ടു. ഒപ്പം കെ.പി.സി.സി പുനഃസംഘടന വൈകുന്നതിലെ അതൃപ്തിയും ഭൂരിപക്ഷം നേതാക്കളും ഉന്നയിച്ചു.
കെ.പി.സി.സിയും ഡി.സി.സികളും സ്തംഭനാവസ്ഥയിലാണ്. സർക്കാർ നടപ്പാക്കുന്ന നല്ല കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാകുന്നില്ല. സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് നയപരമായ പിന്തുണ നൽകാൻ പാർട്ടിക്ക് കഴിയുന്നില്ല. പുനഃസംഘടന നീണ്ടാൽ സർക്കാറജന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും വിമർശനമുണ്ടായി. കെ.പി.സി.സിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യത്തോട് സണ്ണി ജോസഫും യോജിച്ചു. പിന്നാലെ, സർക്കാർ-പാർട്ടി ഏകോപനം കൂടുതൽ മെച്ചപ്പെടാനുണ്ടെന്ന് സണ്ണി ജോസഫ് പരസ്യമായി വാർത്തസമ്മേളനത്തിൽ സ്ഥിരീകരിക്കുകയും ചെയ്തു.
ബോർഡ്, കോർപറേഷൻ വിഭജനമാണ് യോഗത്തിൽ ഉയർന്ന മറ്റൊരു പ്രധാന വിഷയം. പ്രധാന പദവികൾ കോൺഗ്രസിനുതന്നെ ലഭിക്കണമെന്ന അഭിപ്രായമുണ്ടായി. നിയമനങ്ങൾ വൈകാതെ എത്രയും വേഗം പൂർത്തീകരിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പേരുകൾ നിർദേശിക്കാൻ മാനദണ്ഡങ്ങൾ നിശ്ചയിക്കാനും തീരുമാനിച്ചു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ കാര്യങ്ങളും സർക്കാറുമായി ബന്ധപ്പെട്ട പ്രവർത്തന പരിപാടികളും ചർച്ച ചെയ്തു. 100 ദിവസത്തെ സർക്കാർ പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തരാണ് എന്നാണ് പൊതുവിലയിരുത്തൽ. പ്രിയദർശിനി പദ്ധതി വൻ വിജയമാണ്. ഓപറേഷൻ തൂഫാനും സർക്കാറിന്റെ പ്രതിഛായ മെച്ചപ്പെടുത്തി. പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങൾ കാര്യക്ഷമായി നടന്നു.
അതേസമയം, വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വിലയിരുത്തി. മന്ത്രി സണ്ണി ജോസഫ് തന്നെയാണ് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയത്. രാജ്യത്തൊട്ടാകെയുള്ള പ്രതിസന്ധിയാണിതെന്നും പരിഹരിക്കാൻ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.