തെരഞ്ഞെടുപ്പ് തോൽവി: സി.പി.എമ്മിൽ തിരുത്തൽവാദം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം അണികളിലേക്ക് തട്ടിയകറ്റി കൈ കഴുകാനുള്ള പിണറായി വിജയന്റെ തന്ത്രം തൊണ്ട തൊടാതെ വിഴുങ്ങാനാവില്ലെന്ന കേന്ദ്ര കമ്മിറ്റിയംഗം .എം. തോമസ് ഐസക്കിന്റെ പ്രഖ്യാപനം, സംസ്ഥാന സി.പി.എമ്മിലെ പ്രബല പക്ഷത്തിനെതിരായ പടയൊരുക്കത്തിന്റെ കൂടി പ്രഖ്യാപനം.
നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളിൽ പിണറായി വിജയനെ തിരുത്തുംവിധം തോമസ് ഐസക് ഉയർത്തിയ പരസ്യ വിമർശനങ്ങൾ കൃത്യമായ രാഷ്ട്രീയ നീക്കമാണെന്ന് വിലയിരുത്തപ്പെടുന്നു. പാർട്ടിക്കല്ല, ജനത്തിനാണ് തെറ്റുപറ്റിയതെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശങ്ങളെ തള്ളി, ജനം നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണ് തോൽവിയെന്ന് ഐസക് അടിവരയിട്ടതും ആവർത്തിച്ചതും വിശാല സംസ്ഥാന സമിതിയുടെ പശ്ചാത്തലത്തിൽ തുടർചലനങ്ങൾ മുന്നിൽ കണ്ടുതന്നെയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങൾക്കും അണികൾക്കുംമേൽ കെട്ടിവെച്ച് നേതൃമാറ്റ ചർച്ചകൾ തടുക്കാനുള്ള പിണറായി വിജയന്റെ ശ്രമങ്ങളെ പരോക്ഷമായി തടയുകയാണ് തോമസ് ഐസക്.
തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സി.പി.എമ്മിന്റെ ആഭ്യന്തര ചർച്ചകളിൽ, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലെ വൈരുധ്യങ്ങൾ പ്രകടം. ഒരുവശത്ത് സംസ്ഥാന നേതൃത്വവും മറുവശത്ത് കേന്ദ്ര കമ്മിറ്റിയും അതിനെ പിന്തുണക്കുന്ന സംസ്ഥാനത്തെ ഒരുവിഭാഗം നേതാക്കളും നിലയുറപ്പിക്കുകയാണ്. ഫലത്തിൽ കേവലം വ്യക്തിപരമായ വിയോജിപ്പുകൾക്കപ്പുറം പാർട്ടിയുടെ ഭാവിപ്രവർത്തന ശൈലിയെയും ഘടനാപരമായ നിലനിൽപ്പിനെയും സംബന്ധിച്ച അടിസ്ഥാനപരമായ സംഘട്ടനങ്ങളാണ് നിലവിലെ തർക്കത്തിൽ വെളിപ്പെടുന്നത്.
പരാജയ ഉത്തരവാദിത്തം നേതൃത്വത്തിൽനിന്ന് മാറ്റി ജനങ്ങളിലേക്കും അണികളിലേക്കും തിരിച്ചുവിടുന്നതിലൂടെ, തന്റെ പതിറ്റാണ്ടുകൾ നീണ്ട അനിഷേധ്യ അധികാര കേന്ദ്രീകരണത്തിന്മേൽ ഉയരാൻ സാധ്യതയുള്ള ചോദ്യങ്ങളെ മുളയിലേ നുള്ളാനാണ് പിണറായിയുടെ ശ്രമം. എന്നാൽ, കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിന്റെ പിൻബലത്തിലാണ്, തോൽവിയുടെ കാരണങ്ങൾ ജനങ്ങളുടെമേൽ ചാരാനുള്ള ശ്രമങ്ങളെ ഐസക് ചോദ്യം ചെയ്യുന്നത്. സംസ്ഥാന കമ്മിറ്റിയുടെയും കേന്ദ്രകമ്മിറ്റിയുടെയും റിപ്പോർട്ടുകളിൽ പറഞ്ഞതിനപ്പുറം ഒരുവരി താൻ പറഞ്ഞോയെന്ന് തോമസ് ഐസക് ചോദിക്കുന്നതിലൂടെ താൻ പറയുന്നതാണ് പാർട്ടി നിലപാടെന്നുകൂടി സ്ഥാപിക്കാനാണ് ശ്രമം.
10 വർഷം തുടർച്ചയായി ഭരണത്തിലിരുന്നത് പാർട്ടിയിൽ വലിയ തോതിൽ അഹങ്കാരം വളർത്താൻ കാരണമായെന്നും ജനങ്ങളോട് വിനയത്തോടെ ഇടപെടുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നുമുള്ള വാക്കുകളിലും ഉന്നം വ്യക്തം. നേതാക്കൾക്കിടയിലുള്ള അഴിമതി, ആഡംബര ജീവിതം, പാർലമെന്ററി വ്യാമോഹം എന്നിവക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുകയും മുകളിൽനിന്ന് താഴേക്ക് തിരുത്തൽ പ്രക്രിയ ആരംഭിക്കുകയും വേണമെന്ന് കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്.
പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയത് തിരിച്ചടിയായി എന്നതാണ് മറ്റൊരു വിലയിരുത്തൽ. പാർട്ടി നേതൃത്വവും താഴെത്തട്ടിലുള്ള പ്രവർത്തകരും തമ്മിൽ വലിയ വിടവ് രൂപപ്പെട്ടതായും ഇത് വോട്ടുചോർച്ചക്ക് കാരണമായെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു. എന്നാൽ, ഈ റിപ്പോർട്ടിനെ പൂർണമായും ഉൾക്കൊള്ളാൻ സംസ്ഥാന നേതൃത്വം തയാറായില്ല. തോൽവിയുടെ ഉത്തരവാദിത്തം ഏതെങ്കിലും വ്യക്തിക്കല്ല, മറിച്ച് പാർട്ടിക്കാകെയാണെന്ന സമവായ നിലപാടിലൂടെ പിണറായി വിജയനെ നേരിട്ടുള്ള വിമർശനങ്ങളിൽനിന്ന് സംരക്ഷിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
പറയേണ്ടതെല്ലാം വൃത്തിക്ക് പറഞ്ഞിട്ടുണ്ട് -ഐസക്
തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച പരാമർശങ്ങളിൽ ഉറച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക്. കേന്ദ്രകമ്മിറ്റി പ്രമേയത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളാണ് താൻ സംസരിച്ചതെന്ന് പറഞ്ഞ അദ്ദേഹം, അതിൽ പറയാത്ത ഏതെങ്കിലും കാര്യം പറഞ്ഞോയെന്ന് ചോദിച്ചു.
സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് പാർട്ടിയിലുടനീളം ചർച്ച നടത്തിയശേഷം രണ്ടു രേഖകൾ അംഗീകരിച്ചിട്ടുണ്ട്. ഇത് മാത്രമല്ല താൻ പറഞ്ഞത്. ഒരുമണിക്കൂർ നീണ്ട പ്രസംഗമായിരുന്നു. അതിലെ അഞ്ച് മിനിറ്റ് മാത്രമായിരുന്നു ഇത്. ജനങ്ങൾ തിരുത്തണമെന്ന പിണറായിയുടെ വാദം ശരിയാണോ എന്ന ചോദ്യത്തിന് പറയേണ്ടതെല്ലാം താൻ വൃത്തിക്ക് പറഞ്ഞു കഴിഞ്ഞു എന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.