വൈദ്യുതി പ്രതിസന്ധി; രാജ്യത്തെ സ്തംഭിപ്പിക്കുമോ?

മൂന്ന് ദിവസം തുടർച്ചയായി വൈദ്യുതി ലഭിക്കാത്ത സാഹചര്യം നമുക്ക് സങ്കൽപിക്കാനാകുമോ? ജീവിതംതന്നെ സ്തംഭിച്ചുപോകുന്ന അവസ്ഥ വരും. എന്തെല്ലാം ഉപകരണങ്ങളാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്നത്. റഫ്രിജറേറ്റർ, ബൾബ്, വാഷിങ് മെഷീൻ തുടങ്ങി സാധാരണ വീട്ടുപകരണങ്ങൾ മുതൽ ഇലക്ട്രിക് കാറുകൾ വരെ. മാത്രമല്ല വ്യവസായിക മേഖലയും തൊഴിൽ മേഖലകളും സ്തംഭിക്കുന്ന സാഹചര്യമുണ്ടായാലുള്ള പ്രത്യാഘാതം സങ്കൽപിക്കാവുന്നതിനുമപ്പുറത്താണ്. കോടിക്കണക്കിനാളുകൾക്ക് ഫോൺ ചാർജ് ചെയ്യാൻ ഒരു വഴിയുയുമില്ലാതായാൽ എന്താകും സ്ഥിതി.

എന്തിനാണിപ്പോൾ ഇങ്ങനെ കടന്നുചിന്തിക്കുന്നത് എന്ന് പറയാൻ വരട്ടെ. ഭരണകൂടം കൃത്യമായ ആസൂത്രണം നടത്തുകയും പദ്ധതികൾ രൂപപ്പെടുത്തുകയും ഉപഭോഗം കുറക്കാൻ ഫലപ്രദമായ ബോധവത്കരണം നടത്തുകയും ചെയ്തില്ലെങ്കിൽ അത്തരമൊരു സാഹചര്യം അസംഭവ്യമല്ല. ഇന്ത്യയിലെ കൽക്കരി അധിഷ്ഠിത താപനിലയങ്ങളിൽ ഏകദേശം മൂന്നിലൊന്നും ഇന്ധന ശേഖരം കുറഞ്ഞ് ആശങ്കജനകമായ അവസ്ഥയിലാണുള്ളത്. വിതരണം തടസ്സപ്പെട്ടാൽ ഏതാനും ദിവസത്തേക്ക് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള കൽക്കരിയേ സ്റ്റോക്കുള്ളൂ എന്നാണ് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജലസംഭരണികളിലെ കുറഞ്ഞ ജലനിരപ്പും ആശങ്കക്ക് വക നൽകുന്നു. ഓരോ വർഷവും ഉപഭോഗം വർധിക്കുന്നതിനനുസരിച്ച് ഉൽപാദനം വർധിക്കുന്നില്ല. രാജ്യത്ത് വൈദ്യുതി ഉൽപാദന ശേഷി വർധിച്ചിട്ടുണ്ടെങ്കിലും, ആവശ്യകതയുടെ വേഗത്തിനൊപ്പം എത്താൻ കഴിയുന്നില്ല.

2026ൽ ഇന്ത്യയുടെ വൈദ്യുതി ആവശ്യകത ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഏപ്രിലിൽ പരമാവധി ആവശ്യകത (പീക്ക് ഡിമാൻഡ്) 256.11 ജിഗാവാട്ട് ആയി ഉയർന്നു. മേയിൽ ഇത് വീണ്ടും വർധിച്ച് 270.82 ജിഗാവാട്ട് എന്ന റെക്കർഡ് നിലവാരത്തിലെത്തി. ആഗസ്റ്റിൽ ഇത് 258 ജിഗാവാട്ട് ആയിരുന്നു.

ഇന്ത്യയിലെ ഊർജ പ്രതിസന്ധി എന്നത് വെറും വൈദ്യുതി ക്ഷാമത്തിൽ ഒതുങ്ങുന്നതല്ല. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹുർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയുടെ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതി പ്രതിസന്ധിയിലായി. ഇതിന്റെ ഫലമായി ഗ്യാസ് അധിഷ്ഠിത വൈദ്യുതി ഉൽപാദനം നിലച്ചു. വൈകുന്നേരത്തെ പീക്ക് ആവശ്യകതയിൽ വലിയ ആശ്വാസമായിരുന്നു എട്ട് ജിഗാവാട്ട് വരെ നൽകിയിരുന്ന ഗ്യാസിൽനിന്നുള്ള വൈദ്യുതി.

കേരളത്തിലെ പ്രതിസന്ധി

ഉയർന്ന ചൂടും, ആവശ്യത്തിന് മഴ ലഭിക്കാത്തതും, ആഭ്യന്തര ഉൽപാദനത്തിലുണ്ടായ കുറവുമാണ് സംസ്ഥാനത്തെ ഈ വലിയ ഊർജ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ആവശ്യകതയുടെ 25-40% മാത്രമാണ് സ്വന്തമായി ഉൽപാദിപ്പിക്കുന്നത്. 465 മെഗാവാട്ട് വൈദ്യുതി യൂനിറ്റിന് 4.29 രൂപ നിരക്കിൽ ലഭ്യമാക്കുന്ന ദീർഘകാല കരാർ മുൻ സർക്കാറിന്റെ കാലത്ത് റെഗുലേറ്ററി കമീഷൻ റദ്ദാക്കിയത് വലിയ തിരിച്ചടിയായി. സോളാർ വൈദ്യുതി സംഭരിക്കാൻ വേണ്ടത്ര സൗകര്യമില്ല. നേരത്തേ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട സമയമാണിപ്പോൾ. മഴ കുറഞ്ഞതോടെ ഡാമുകളിൽ ജലനിരപ്പ് താഴ്ന്നത് പ്രതിസന്ധിക്ക് വഴിവെച്ചു. ചൂട് കാരണം വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചു. ഉപഭോഗത്തിൽ സ്വയം നിയന്ത്രണം കൊണ്ടുവരുകയും ഉൽപാദനത്തിനും സംഭരണത്തിനും സൗകര്യങ്ങൾ വർധിപ്പിക്കുകയുമല്ലാതെ വഴിയില്ല.

വൈദ്യുതി ആവശ്യകത വർധിക്കുന്ന കാരണങ്ങൾ

കാലാവസ്ഥാ മാറ്റം

കടുത്ത ചൂടും ഈർപ്പവും ഫാനുകളുടെയും എയർ കണ്ടീഷണറുകളുടെ ഉപയോഗം കൂട്ടി. എൽനിനോ പ്രതിഭാസം ഇതിന് ആക്കംകൂട്ടി

ഇലക്ട്രിക് വാഹനങ്ങൾ

ഇന്ത്യയിലെ ആകെ ഇലക്ട്രിക് വാഹനങ്ങൾ ഒരു കോടിയിലേക്ക് അടുക്കുന്നു (90 ലക്ഷമായി). പ്രതിവർഷം 25 ലക്ഷത്തിലധികം പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നു

എ.ഐ അടിസ്ഥാന സൗകര്യം

ഡേറ്റ സെന്ററുകൾക്ക് വൻതോതിൽ ഊർജം ആവശ്യമാണ്

നഗരവത്കരണം

ഗതാഗതം, വ്യവസായങ്ങൾ, വൻകിട കെട്ടിടങ്ങൾ, തെരുവ് വിളക്കുകൾ എന്നിവക്കായി വൻതോതിൽ വൈദ്യുതി വേണം

ജീവിതശൈലി

ജനങ്ങളുടെ ജീവിതശൈലിയും സാമ്പത്തിക ശേഷിയും മാറുന്നതിനനുസരിച്ച് ഊർജ ഉപഭോഗം കൂടി

സോളാർ കൊണ്ടും കാര്യമില്ലേ!

ഊർജ്ജത്തിന്റെ അക്ഷയഖനിയാണ് സൂര്യൻ മനസ്സിലാക്കി സൗരോർജ്ജം ഉപയോഗപ്പെടുത്താൻ ലോകം ശ്രമിക്കുന്നുണ്ട്. സബ്സിഡിയും നൽകി ഭരണകൂടം പ്രോത്സാഹിപ്പിച്ചപ്പോൾ പുരപ്പുറ സോളാർ ഉൾപ്പെടെ ഗണ്യമായി വർധിച്ചു. അതേസമയം, പകൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി രാത്രിയിലേക്ക് സംഭരിച്ചു വെക്കാനുള്ള വലിയ ബാറ്ററികളുടെ (ബാറ്ററി സ്റ്റോറേജ്) ഉയർന്ന നിർമാണച്ചെലവും സാങ്കേതിക പരിമിതികളും വലിയൊരു പ്രതിസന്ധിയാണ്. ഈ മേഖലയിൽ ഗവേഷണങ്ങൾക്ക് വലിയ പിന്തുണ നൽകണം. പകൽ സമയത്ത് സോളാർ വൈദ്യുതി ഉൽപാദനം ഉയർന്നതാണെങ്കിലും വൈകുന്നേരവും രാത്രിയിലാണ് വൈദ്യുതി ആവശ്യകത കൂടുതൽ. പകൽ സമയത്ത് സോളാർ പാനലുകൾ വഴി വലിയ തോതിൽ വൈദ്യുതി ഗ്രിഡിലേക്ക് എത്തുമ്പോൾ വൈദ്യുതിയുടെ വില വളരെ കുറയുകയും വൈകുന്നേരങ്ങളിൽ പെട്ടെന്ന് വൈദ്യുതി ആവശ്യം കൂടുകയും ചെയ്യുന്നത് പവർ ഗ്രിഡുകളെ പ്രതിസന്ധിയിലാക്കുന്നു. ഗ്രിഡ് കണക്ടിവിറ്റിയുടെ പ്രശ്നങ്ങളുമുണ്ട്.

Tags:    
News Summary - India Faces Rising Power Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.