സി.പി.എം വിശാല സംസ്ഥാന സമിതിക്ക് തുടക്കം;വീഴ്ചകൾ നിരത്തി സിപിഎം രേഖ
കോഴിക്കോട്: ഭൂരിപക്ഷ വർഗീയതയോട് എൽ.ഡി.എഫും സി.പി.എമ്മും മൃദുസമീപനം സ്വീകരിക്കുന്നുവെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും അതിനെ പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച പാർട്ടി രേഖയിൽ വിമർശനം. യു.ഡി.എഫിനുണ്ടായ വിജയത്തിന്റെ പ്രധാന ഘടകമായി ഇത് മാറിയെങ്കിലും ഇക്കാര്യം തിരിച്ചറിയാനാകാഞ്ഞത് വലിയ പോരായ്മയായി. ആഗോള അയ്യപ്പ സംഗമത്തിൽ യു.പി മുഖ്യമന്ത്രിയുടെ സന്ദേശം പാർട്ടിയിലെ സെക്രട്ടറിയേറ്റ് അംഗംതന്നെ വായിച്ചത് തെറ്റായ സന്ദേശം നൽകി. ചില നേതാക്കളുടെ പ്രസ്താവനകൾ കൂടിയായപ്പോൾ, വർഗീയതക്കെതിരായ പോരാട്ടത്തിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യുന്നുവെന്ന തെറ്റായ ധാരണ സൃഷ്ടിക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ‘ബി.ജെ.പി-സി.പി.എം അന്തർധാര’ എന്ന യു.ഡി.എഫ് പ്രചാരണത്തിന് ശക്തി പകർന്നുവെന്നും രേഖ കുറ്റപ്പെടുത്തുന്നു.
വർഗീയതയെ എതിർക്കുന്നത് മതവിശ്വാസത്തെ എതിർക്കലാണെന്ന് പ്രചാരണം നടത്തി വിശ്വാസികളെ പാർട്ടിക്കെതിരെ തിരിച്ചുവിടാനും ഇടപെടലുണ്ടായി. സംഘ്പരിവാറിന്റെ നിലപാടുകൾ എതിർത്താൽ ഹിന്ദുവിരുദ്ധമെന്നും മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും രീതികൾ തുറന്നു കാണിക്കുമ്പോൾ മുസ്ലിം വിരുദ്ധമാണെന്നുമുള്ള ആഖ്യാനങ്ങൾ ബോധപൂർവം പ്രചരിപ്പിക്കപ്പെട്ടു. ഈ കാഴ്ചപ്പാടുകളെ തുറന്നു കാട്ടുകയെന്നത് വർഗീയതക്കെതിരായ പോരാട്ടത്തിൽ പ്രധാനമാണ്.
നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റത്തെ സംബന്ധിച്ച പരാതികൾ പല മേഖലയിൽനിന്നും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ജനസൗഹാർദപരമായ സമീപനത്തിലേക്ക് പാർട്ടി മാറണം. നേതാക്കൾക്കിടയിലെ അഹങ്കാരം, സ്വജനപക്ഷപാതം, ആഢംബര ജീവിതം എന്നിവ ജനങ്ങളിൽ പാർട്ടിയോടുള്ള വിശ്വാസം കുറച്ചു. പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും മോശം സമീപനം ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കി.
ചില മന്ത്രിമാരെ കാണാൻ സാധിക്കാത്തതും ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചതും തിരിച്ചടിയായി. ഭരണം മുഴുവൻ സർക്കാർ സംവിധാനങ്ങളിലൂടെയും ഉദ്യോഗസ്ഥരിലൂടെയുമാണ് നടക്കുന്നതെന്ന ധാരണ പാർട്ടി കേഡർമാരിലുണ്ടായി.
അതിനാൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിൽ തങ്ങളുടെ സജീവ ഇടപെടൽ ആവശ്യമില്ലെന്ന് വലിയ വിഭാഗം പ്രവർത്തകർ കരുതി. പാർട്ടിയുടെ വർഗ-ബഹുജന സംഘടനകൾ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് ഏറ്റെടുക്കുന്നതിന് പകരം അത് ഉദ്യോഗസ്ഥർക്ക് വിട്ടുകൊടുത്തു.
പാർട്ടിയിൽ തെറ്റായ പ്രവണതകൾ കടന്നു വരാതിരിക്കാൻ നൽകിയ നിർദേശം ഭരണപരമായ കാര്യങ്ങളിൽ പ്രാദേശികമായി ഒരു ഇടപെടലും പാടില്ലെന്ന ധാരണ ചിലരിൽ സൃഷ്ടിക്കപ്പെട്ടു. തുടർച്ചയായി പാർട്ടി ഭരിക്കുമ്പോൾ തെറ്റായ ശീലങ്ങൾ പ്രവർത്തകർക്ക് ഉണ്ടാകാൻ പാടില്ലെന്നത് മാത്രമാണ് പാർട്ടി ലക്ഷ്യമാക്കിയത്. അല്ലാതെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഭരണമുള്ളപ്പോൾ വിലക്കേർപ്പെടുത്തുകയല്ല ചെയ്തത്. ഇത് അടിസ്ഥാന വർഗത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പാർട്ടിക്കുണ്ടായിരുന്ന സ്വാധീനം കുറയാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർട്ടിരേഖ സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ചു
കോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് അങ്കണത്തിൽ മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. ജനറൽ സെക്രട്ടറി എം.എ. ബേബി യോഗം ഉദ്ഘാടനം ചെയ്തു.
എളമരം കരീം, കെ.കെ. ശൈലജ, പി.കെ. ബിജു, സേവ്യർ ചിറ്റലപ്പള്ളി, വി. ശിവപ്രസാദ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ഇവർക്ക് പുറമേ പി.ബി അംഗങ്ങളായ യു. വാസുകി, വിജു കൃഷ്ണൻ, വി.ബി. രാഘവലു, അശോക് ധാവ്ളെ, പിണറായി വിജയൻ, എ. വിജയരാഘവൻ എന്നിവർ വേദിയിലുണ്ടായിരുന്നു.
ഉദ്ഘാടന ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് തയാറാക്കുകയും സംസ്ഥാന സമിതി അംഗീകരിക്കുകയും ചെയ്ത പാർട്ടി രേഖ സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ചു. തുടർന്ന് രാത്രി ഏഴ് വരെ ജില്ല അടിസ്ഥാനത്തിലുള്ള ഗ്രൂപ്പുതല ചർച്ചയായിരുന്നു. ഏഴുമണിക്ക് പൊതുചർച്ച ആരംഭിച്ചു. രാത്രി എട്ടുവരെയായിരുന്നു ആദ്യ ദിനത്തിലെ ചർച്ച. തിങ്കളാഴ്ച പൂർണമായും പൊതുചർച്ചയാണ്. ചൊവ്വാഴ്ച രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ സംസ്ഥാന കമ്മിറ്റിയും ചേരും. തുടർന്ന് സംസ്ഥാന സെക്രട്ടറി പൊതുചർച്ചയിലുയർന്ന വിമർശനങ്ങൾക്ക് മറുപടി പറയും.
സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ല സെക്രട്ടറിയേറ്റംഗങ്ങളും വർഗ-ബഹുജന പ്രസ്ഥാനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുമടക്കം 307 പേരാണ് വിശാല സമിതിയിൽ പങ്കെടുക്കുന്നത്. വിശാല സമിതിയിൽ അവതരിപ്പിച്ച കരട് രേഖ നേരത്തെ രണ്ടു ദിവസമായി ചേർന്ന സംസ്ഥാന സമിതിയിൽ വിശദ ചർച്ചക്ക് വിധേയമാക്കിയിരുന്നു.
അതിനാൽ വിശാല സമിതിയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരമില്ല. ജില്ലതല ഗ്രൂപ്പ് ചർച്ചയിലുയർന്ന കാര്യങ്ങൾ പ്രതിനിധികളാണ് പൊതുചർച്ചയിൽ ഉന്നയിച്ചത്.
‘അടിയൊഴുക്കുകൾ അറിഞ്ഞില്ല; ജനം അകന്നതും കണ്ടില്ല’
കോഴിക്കോട്: അടിയൊഴുക്കുകൾ മനസ്സിലാക്കി പ്രതിരോധിക്കുന്നതിൽ എല്ലാ തലങ്ങളിലെയും ഘടകങ്ങൾ പരാജയപ്പെട്ടെന്ന് സി.പി.എം വിശാല സമിതിയിൽ അവതരിപ്പിച്ച പാർട്ടി രേഖ. രാഷ്ട്രീയവും ഭരണപരവും സംഘടനാപരവുമായ പ്രശ്നങ്ങളാണ് തിരിച്ചടിക്ക് കാരണമായത്. ശക്തികേന്ദ്രങ്ങളിൽ പാർട്ടി വോട്ട് ചോർന്നു. ചിലയിടങ്ങളിൽ ഓരോരുത്തരും വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്ന നിലയുമുണ്ടായി. ഈ സാഹചര്യം അവസാനിപ്പിക്കാൻ ശരിയായ പാർട്ടി കാഴ്ചപ്പാട് നടപ്പാക്കപ്പെടുന്നുണ്ടെന്ന് മേൽകമ്മിറ്റികൾ ഉറപ്പുവരുത്തണമെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു.
പാർട്ടിയിൽ കടന്നുകൂടിയ തെറ്റായ പ്രവണതകൾ പലയിടത്തും അവമതിപ്പുണ്ടാക്കി. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ ഇത്തരം സ്ഥിതിവിശേഷത്തെ സൃഷ്ടിച്ചിട്ടുണ്ട്. പരാജയപ്പെടുന്ന പ്രദേശങ്ങളിൽ പരാജയ കാരണങ്ങളെയും സവിശേഷമായ സാഹചര്യങ്ങളെയും വിശകലനം ചെയ്യുന്ന തരത്തിൽ ചർച്ചകൾ നടക്കുന്നില്ല. പുതിയ ജനവിഭാഗങ്ങളെ പാർട്ടിയോടൊപ്പം കൊണ്ടുവരാനുള്ള ബോധപൂർവമായ ഇടപെടലുമില്ല. ജനങ്ങളുമായി സംവദിച്ച് രാഷ്ട്രീയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ ശേഷിയുള്ള പ്രവർത്തകരുടെ എണ്ണം കുറയുന്നതും വർഗ-ബഹുജന സംഘടനകളിൽ രാഷ്ട്രീയവത്കരണം വേണ്ടത്ര നടക്കാത്തതും സംഘടനാ ദൗർബല്യമാണ്. ജനങ്ങളുമായി ബന്ധപ്പെടാൻ ഗൃഹസന്ദർശന പരിപാടികൾ ലക്ഷ്യമിട്ടെങ്കിലും അതും ഫലം കാണുന്നില്ല.
പാർട്ടി കേഡർമാർ പ്രദേശത്ത് നല്ല അംഗീകാരമുള്ളവരും എല്ലാ കുടുംബങ്ങളുമായും ഇടപെടാൻ കഴിയുന്നവരുമാകണം. എന്നാൽ, അത്തരം പ്രവർത്തനങ്ങൾക്കും വലിയ ദൗർബല്യമുണ്ട്. ജനങ്ങളുമായുള്ള ബന്ധം വലിയതോതിൽ കുറയാൻ കാരണമാകുന്ന ഈ സാഹചര്യം ഗൗരവമായി കാണണം. ഈ ഇടങ്ങൾ ജാതി-വർഗീയ ശക്തികളും വലതുപക്ഷ രാഷ്ട്രീയ ശക്തികളും കൈയടക്കുകയാണ്. ഇത്തരം സാഹചര്യങ്ങൾ കൂടി പാർട്ടിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കാൻ ഇടയാക്കുന്നുണ്ടെന്നും രേഖ വിലയിരുത്തുന്നു.
ഇടതുപക്ഷ മനസ്സുള്ള കേരളത്തിൽ യഥാർഥ ഇടതുപക്ഷം കോൺഗ്രസ് ഉൾപ്പെടെയുള്ള വലതുപക്ഷമാണെന്ന പ്രചാരണം ഉയർന്നുവന്നു. ഇത്തരം പ്രചാരണം ശരിയായ രാഷ്ട്രീയ ധാരണയുടെ അഭാവത്തിൽ പാർട്ടി സഖാക്കളെയും ബാധിച്ചു. പാർട്ടി മുന്നോട്ടുവെക്കുന്ന ആശയങ്ങൾ ശരിയായ രീതിയിൽ ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നില്ലെന്നും വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.