സിൽവർലൈൻ: പാളംതെറ്റി പാർട്ടി ലൈൻ

കണ്ണൂർ: സിൽവർലൈൻ സംബന്ധിച്ച നിലപാട് സി.പി.എം ആവർത്തിച്ച് വിശദീകരിക്കുമ്പോഴും ഇക്കാര്യത്തിൽ പാർട്ടിലൈൻ പാളം തെറ്റിയ നിലയിൽ. സിൽവർലൈൻ സംബന്ധിച്ച് പാർട്ടിയിൽ ഭിന്നാഭിപ്രായം ഇല്ലെന്ന് സംസ്ഥാന കേന്ദ്ര നേതൃത്വങ്ങൾ ആവർത്തിച്ച് വിശദീകരിക്കുമ്പോഴും നേതാക്കളുടെ വിശദീകരണങ്ങളിൽ ചേർച്ചക്കുറവ് പ്രകടമാണ്. പാർട്ടി കോൺഗ്രസിന്‍റെ അജണ്ടയിൽ സിൽവർലൈൻ ചർച്ചാ വിഷയമല്ല.

എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതപ്രസംഗത്തിൽ തന്‍റെ സർക്കാറിന്‍റെ അഭിമാന പദ്ധതിയായി സിൽവർലൈൻ മുന്നോട്ടുവെച്ചു. പിന്നാലെ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നൽകിയ മറുപടി സിൽവർ ലൈനിനെ പൂർണമായി പിന്തുണക്കുന്നതായിരുന്നില്ല.

പരിസ്ഥിതി ആഘാതപഠനം പൂർത്തിയാക്കി പദ്ധതിയുടെ വ്യക്തമായ ചിത്രം ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നാണ് യെച്ചൂരി പാർട്ടി കോൺഗ്രസിന്‍റെ ആദ്യം ദിനം പ്രതികരിച്ചത്. കേന്ദ്രവും കേരളവും ചേർന്നുള്ള സംയുക്ത പദ്ധതിയെക്കുറിച്ച് ഇരു സർക്കാറുകളും ധാരണയാകേണ്ടതുണ്ടെന്നും അതിനുമുമ്പ് സിൽവർലൈനിനെക്കുറിച്ച് തീർപ്പ് വേണ്ടെന്നും സീതാറാം യെച്ചൂരി വിശദീകരിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ നിലപാട് ഇക്കാര്യത്തിൽ തീരുമാനം ആയിക്കഴിഞ്ഞു എന്നതാണ്.

സിൽവർലൈൻ പദ്ധതി നടപ്പാക്കിയേ തീരൂവെന്ന് പലകുറി പറഞ്ഞ മുഖ്യമന്ത്രി, ഏതുവിധേനെയും കേന്ദ്രാനുമതി നേടിയെടുത്ത് പദ്ധതി നടപ്പാക്കാൻ ആവതു ശ്രമിച്ചുവരുകയാണെന്ന് പാർട്ടി കോൺഗ്രസ് സ്വാഗതപ്രസംഗത്തിലും വ്യക്തമാക്കി. അതിന് പിന്നാലെ സീതാറാം യെച്ചൂരി മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് സിൽവർലൈനിൽ പിണറായി വിജയൻ പറഞ്ഞതിലും യെച്ചൂരി പറഞ്ഞതിലുമുള്ള വൈരുധ്യം ചോദ്യമായത്.

വൈരുധ്യമില്ലെന്ന് യെച്ചൂരി വിശദീകരിച്ചുവെങ്കിലും യെച്ചൂരിയുടെ മറുപടിയുടെ ആകെത്തുക സിൽവർലൈൻ നടപ്പാക്കുകതന്നെ ചെയ്യുമെന്ന പിണറായി വിജയന്‍റെ നിലപാട് അംഗീകരിക്കുന്ന വിധമായിരുന്നില്ല. സിൽവർലൈൻ പിണറായി സർക്കാറിന്‍റെയും ഇടതുമുന്നണിയുടെയും സ്വപ്നമാണെന്നും അത് നടപ്പാക്കുമെന്ന് അവർ പറയുന്നത് സ്വാഭാവികമാണെന്നും യെച്ചൂരി വിശദീകരിച്ചതോടെ പിണറായിയുടെ സ്വപ്നത്തിന് യെച്ചൂരിയുടെ പിന്തുണയില്ലെന്ന പ്രതീതി പടർന്നു. ഇക്കാര്യം വാർത്തകളിൽ നിറഞ്ഞതോടെയാണ് കേന്ദ്ര നേതൃത്വം ഒന്നടങ്കം സിൽവർലൈനിൽ നിലപാട് വിശദീകരിച്ച് രംഗത്തെത്തിയത്. വൈരുധ്യമില്ലെന്ന് ആവർത്തിച്ച യെച്ചൂരി വെള്ളിയാഴ്ച ഒരുഘട്ടത്തിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി.

പാർട്ടി കോൺഗ്രസ് ചർച്ചയിൽ സിൽവർലൈൻ സംബന്ധിച്ച് ഇതര സംസ്ഥാന പ്രതിനിധികൾ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ബംഗാളിലെ തകർച്ചയിൽ നന്ദിഗ്രാം, സിംഗുർ സംഭവങ്ങളുടെ സ്വാധീനം ഓർക്കണമെന്ന വിമർശനമാണ് ഉയർന്നത്.

പാർട്ടി കോൺഗ്രസ് രണ്ടാംദിന ചർച്ചകൾ വിശദീകരിച്ച പി.ബി അംഗം വൃന്ദ കാരാട്ട് എല്ലാം നിഷേധിച്ചു. സിൽവർലൈൻ പാർട്ടി കോൺഗ്രസിലെ ചർച്ചാ വിഷയമല്ലെന്ന് അവർ പറഞ്ഞു. ന്യായമായ നഷ്ടപരിഹാരം നൽകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ, ബി.ജെ.പിയും മറ്റും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരിസ്ഥിതി ആഘാതപഠനമില്ലാതെയും മതിയായ നഷ്ടപരിഹാരം നൽകാതെയുമാണ് ആദിവാസികളുടെ ഭൂമി ഉൾപ്പെടെ ഏറ്റെടുക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ, കേരളം പോലൊരു ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് വൻതോതിലുള്ള കുടിയിറക്കലിന്‍റെ സാമൂഹിക പ്രശ്നങ്ങൾ, പരിസ്ഥിതി ആശങ്ക, ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഉൾപ്പെടെയുള്ള സിൽവർലൈനുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സി.പി.എം കേന്ദ്ര നേതാക്കൾ പ്രതികരിക്കുന്നില്ല.

ക്ഷുഭിതനായി യെച്ചൂരി; ഭിന്നതയില്ലെന്ന് എസ്.ആർ.പി

കണ്ണൂർ: സിൽവർലൈൻ പദ്ധതിയിൽ സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന്‌ ആവർത്തിച്ച്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം പലതവണ വ്യക്തമാക്കിയതാണെന്നും ഏത്‌ ഭാഷയിലാണ്‌ ഇനി പറയേണ്ടതെന്നും യെച്ചൂരി മാധ്യമ പ്രവർത്തകരോട്‌ ചോദിച്ചു.

കേരളത്തിൽ വികസനമുണ്ടാകാൻ പാടില്ല എന്ന നിലപാടുള്ള ഒരു സംഘമാണ്‌ സിൽവർലൈൻ പദ്ധതി തകർക്കാൻ ശ്രമിക്കുന്നതെന്ന്‌ പി.ബി അംഗം എസ്‌. രാമചന്ദ്രൻ പിള്ള പറഞ്ഞു.

ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ല. പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങൾ അങ്ങേയറ്റം പ്രാധാന്യത്തോടെ പരിഗണിക്കുന്ന പാർട്ടിയാണ്‌ സി.പി.എം. ഇക്കാര്യത്തിൽ യെച്ചൂരിയും പിണറായിയും ഞാനും പറയുന്നത്‌ ഒരേ കാര്യമാണ്‌. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച്‌ പദ്ധതി നടപ്പാക്കുമെന്നും എസ്‌.ആർ.പി പറഞ്ഞു.

Tags:    
News Summary - Derailed CPM party line in Silverline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.