ജാമ്യാപേക്ഷ തള്ളി; രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് കോടതി, പി.സി. ജോർജ് ജയിലിലേക്ക്

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശക്കേസിൽ ബി.ജെ.പി നേതാവ് പി.സി. ജോർജ് രണ്ടാഴ്ച റിമാൻഡിൽ. കീഴടങ്ങിയ ജോർജിന്റെ ജാമ്യാപേക്ഷ ഈരാറ്റു പേട്ട മജിസ്ട്രേറ്റ് കോടതി തള്ളിയതോടെയാണ് മാർച്ച് 10 വരെ ഇദ്ദേഹത്തെ റിമാൻഡിൽ വിട്ടത്. ഇന്ന് വൈകീട്ട് ആറുമണിവരെ ജോർജ് പൊലീസ് കസ്റ്റഡിയിലാണ്. പാലാ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.

അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് അദ്ദേഹം ബി.ജെ.പി നേതാക്കൾക്കൊപ്പം കോടതിയിലെത്തി നാടകീയമായി കീഴടങ്ങിയത്. ഇരു ഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതിയുടെ നടപടി. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ നാലു​മണിക്കൂർ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. 

ഇന്ന് രാവിലെ 11 നാണ് പൊലീസിനെ നോക്കുകുത്തിയാക്കി ജോർജ് കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് 12.15 ന് ഇരുവിഭാഗങ്ങളുടെയും വാദം കേട്ടു. ജോർജിനെ കസ്റ്റഡിയിൽ വിടേണ്ട ആവശ്യം ഇല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ മുമ്പും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ വ്യക്തിയാണ് ജോർജെന്നും കോടതിയലക്ഷ്യമാണ് ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് ജോർജിന്റെ മുൻ കേസുകളുടെ വിശദാംശങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാക്കാൻ പൊലീസിന് കോടതി നിർദേശം നൽകി. രണ്ട് മണിക്ക് ഈ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് ഈരാറ്റുപേട്ട കോടതി ജോർജിനെ കസ്റ്റഡിയിൽ വിട്ടത്. കോടതി വളപ്പിൽ നിരവധി ബി.ജെ.പി പ്രവർത്തകർ തടിച്ചു കൂടിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ പൊലീസ് സംഘം വീട്ടിലെത്തിയെങ്കിലും ജോർജ് സ്ഥലത്തുണ്ടായിരുന്നില്ല. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. പിന്നാലെ രണ്ടു തവണ ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല.

പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്നാണ് അദ്ദേഹം പൊലീസിനെ അറിയിച്ചിരുന്നത്. മറ്റു വഴികളെല്ലാം അടഞ്ഞതോടെയാണ് ഒടുവിൽ ജോർജ് കോടതിയിലെത്തി കീഴടങ്ങിയത്. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈകോടതിയും പി.സി. ജോർജിന്‍റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു.

Tags:    
News Summary - Denied anticipatory bail; P C George on remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.