ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ല സെക്രട്ടറി ലസിത നായർ വാർത്താ സമ്മേളനത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്‍റേത് അതിതീവ്രമായ പീഡനമാണെന്നും മുകേഷിന്‍റേത് പീഡനമാണന്ന് ഞങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ. വാർത്താ സമ്മേളനത്തിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്‍റെയും മുകേഷിന്‍റെയും കേസുകൾ രണ്ടും രണ്ടാണെന്നാണോ പറയുന്നത് എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ല സെക്രട്ടറി ലസിത നായരുടേതാണ് പ്രതികരണം.
‘രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളതാണ്. പരാതി വന്നാൽ സി.പി.എം പൊലീസിന് കൈമാറും, പാർട്ടി ശിക്ഷ വിധിക്കാറില്ല. രാഹുൽ മാങ്കൂട്ടത്തിലിന്‍റേത് അതിതീവ്രമായ പീഡനമാണല്ലോ. മറ്റേത് തീവ്രത കുറഞ്ഞതായിരിക്കാം എന്ന് അനുമാനിക്കുന്നു. മുകേഷിന്‍റേത് പീഡനമെന്ന് ഞങ്ങൾ അംഗീകരിച്ചിട്ടില്ലല്ലോ. അതിൽ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കിൽ തുടർ നടപടികളുണ്ടായേനെ. അത് ഞങ്ങൾ നിയമത്തിന് വിടുകയാണ്. ഏത് പീഡകനും അർഹമായ ശിക്ഷയുണ്ടാകണം. പാർട്ടി ഇത്തരം ഒരു കേസുകളിലും ഇടപെടാറില്ല. അത് നിയമം അനുസരിച്ച് പോകും. നിയമം ശിക്ഷ വിധിച്ചാൽ ഞങ്ങൾ അത് അംഗീകരിക്കുക തന്നെ ചെയ്യും. രാഹുൽ മാങ്കൂട്ടത്തിലിനെ അംഗീകരിക്കുക എന്ന് പറഞ്ഞാൽ അത് സ്ത്രീ സമൂഹത്തിന് അംഗീകരിക്കാവുന്ന കാര്യമല്ല...’ -ലസിത നായർ പറഞ്ഞു.
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചയുടൻ പൊലീസിന് കൈമാറി മാതൃകാപരമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും ഇത്തരം വിഷയങ്ങളിൽ എൽ.ഡി.എഫ് സർക്കാറിന്‍റെ നിലപാടല്ല തങ്ങളുടേതെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. എൽ.ഡി.എഫിന്‍റെ മാതൃകയിലാണെങ്കിൽ പാർട്ടി നടപടിയെടുക്കുന്നതിന് പകരം കമീഷനെ നിയോഗിച്ച് റിപ്പോർട്ട് കിട്ടുന്നതുവരെ കാത്തിരിക്കുമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താൻ രാഹുലിനെ പിന്തുണച്ച് നേരത്തെയും അഭിപ്രായം പറഞ്ഞിട്ടില്ല. പാർട്ടി എടുക്കുന്ന ഏത് തീരുമാനത്തോടൊപ്പവും ഉണ്ടാകും. ശബരിമല സ്വർണക്കൊള്ളയിൽനിന്ന് ശ്രദ്ധ തിരിക്കാൻ എൽ.ഡി.എഫ് പയറ്റിയ തന്ത്രങ്ങൾ വിജയിച്ചു. രാഹുൽ ഇപ്പോൾ പാർട്ടിയിലില്ല. എം.എൽ.എസ്ഥാനം കൊടുത്തത് ജനങ്ങളാണ്. ഇതേ അവസ്ഥ മറ്റ് പാർട്ടികളിലെ പല ആളുകൾക്കും ഉണ്ട്. തന്‍റെ മാന്യത വെച്ച് അവരുടെ പേരു പറയുന്നില്ല. രാഹുൽ ഇപ്പോൾ കുറ്റക്കാരനല്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
ആലപ്പുഴ: പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. പുറത്താക്കുന്നത് അടക്കമുള്ള നടപടി ഒറ്റക്ക് എടുക്കാനാവില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിജീവിതയുടെ പരാതി ഇ-മെയിൽ വഴി ചൊവ്വാഴ്ചയാണ് കിട്ടിയത്. നിയമം അനുശാസിക്കുന്ന രീതിയിൽതന്നെ അത് ഡി.ജി.പിക്ക് കൈമാറി. നേരത്തെയുണ്ടായിരുന്ന മറ്റൊരു പരാതി കിട്ടിയത് മുഖ്യമന്ത്രിക്ക് നൽകിയശേഷമാണ്. ഈ വിഷയത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നാണ് കോൺഗ്രസ് നിലപാട്. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾതന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷപദവിയൽനിന്ന് മാറ്റി. പിന്നാലെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്റ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.