ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിത മുസ്തഫക്ക് ഉപാധികളോടെ ജാമ്യം

കോഴിക്കോട്: ദീപക് ജീവനൊടുക്കിയ കേസിൽ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫക്ക് ജാമ്യം. മഞ്ചേരി സബ് ജയിലിലാണ് ഷിംജിത കഴിഞ്ഞത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഷിംജിതക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയിട്ടുള്ളത്. 9000 രൂപയുടെ ബോണ്ട് വേണം, കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ മാസത്തിൽ രണ്ടു തവണ ഹാജരാകണം എന്നീ ഉപാധികളോടെയാണഅ ജാമ്യം. മാസത്തെ രണ്ടാമത്തെ വെള്ളിയാഴ്ചയും മാസത്തിലെ അവസാന ആഴ്ചയിലെ ഒരു ദിവസവുമാണ് പൊലീസിന് മുന്നിൽ ഹാജരാകേണ്ടത്.

കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഷിംജിത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ ഷിംജിത 22 ദിവസമാണ് റിമാൻഡിലായി കോഴിക്കോട് ജയിലിൽ കിടന്നത്. അപകീര്‍ത്തികരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിൽ മനംനൊന്തായിരുന്നു ദീപക്കിന്‍റെ ആതമഹത്യ. ദീപക്കിന്‍റെ രക്ഷിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാൻകാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങളാണെന്നാണ് കുടുംബത്തിന്റെ പരാതി.

സ്വകാര്യ ബസില്‍ വെച്ച് ഷിംജിത ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിന്‍റേയും ലാപ്ടോപ്പിന്‍റേയും ശാസ്ത്രീയ പരിശോധനാ ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. 22 ദിവസമായി ഷിംജിത റിമാന്‍ഡിൽ കഴിയുകയാണെന്നും ഫോറന്‍സിക് ഫലം വരുന്നത് വരെ ജയിലില്‍ കഴിയേണ്ടതില്ലെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ജാമ്യപേക്ഷയിൽ വാദം കേട്ട കോടതി ഇന്നത്തേക്ക് വിധി പറയാൻ മാറ്റി വെക്കുകയായിരുന്നു. ആത്മഹത്യ ചെയ്ത ദീപക്കിനെ ഷിംജിതക്ക് മുന്‍പരിചയമില്ല, വീഡിയോ ചിത്രീകരണത്തിന് പിന്നിൽ ദുരുദ്ദേശമില്ല എന്നെല്ലാമായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെ പ്രതിഭാഗം കോടതിയില്‍ വാദിച്ചു. 

Tags:    
News Summary - Deepak's suicide: Shimjita Mustafa granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.