കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തി എന്ന ആരോപണം വന്നതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ വാദം പൂർത്തിയായി. ദീപക്കിന്‍റെ വിഡിയോ പ്രചരിപ്പിച്ച ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ജനുവരി 27ന് കോടതി വിധി പറയും. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഷിംജിത ലൈംഗികാതിക്രമ ആരോപണം നടത്തിയത്. ദീപക് ജീവനൊടുക്കിയതിനെത്തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരൻ സിയാദ് പരാതി നൽകി. എന്നാൽ ഷിംജിതയുടെ ആരോപണങ്ങൾ തള്ളുന്നതാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. ബസിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ ആരോപണം ശരിവെക്കുന്ന തരത്തിൽ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
ദീപക്കുൾപ്പെടുന്ന ഏഴോളം വിഡിയോകളാണ് ഷിംജിതയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. ഒളിവിൽ പോയ ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസാണ് പിടികൂടിയത്. അതേസമയം, തന്‍റെ മുഖം അനുവാദമില്ലാതെ ചിത്രീകരിച്ചതിന് ഷിംജിതക്കെതിരെ ബസ് യാത്രക്കാരിയായ പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിനിയാണ് പരാതിക്കാരി. ഷിംജിത ചിത്രീകരിച്ച ദീപക്കിന്‍റെ ദൃശ്യങ്ങളിൽ പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു. വിഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടി കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.