കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുന്നയിച്ച് കുടുംബം. കോളജിൽ 13ന് നടന്ന സംഭവത്തിൽ സിദ്ധാർഥൻ മരിച്ച 18ാം തീയതിയാണ് പരാതി നൽകിയതെന്നും സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിയല്ല ഇത് നൽകിയതെന്നും കുടുംബം ആരോപിക്കുന്നു. അങ്ങനെയാണെങ്കിൽ ഗൂഢാലോചനക്കുറ്റം ചുമത്തി ആ പെൺകുട്ടിക്കെതിരെയും നടപടിയെടുക്കണമെന്നാണ് സിദ്ധാർഥന്റെ കുടുംബം ആവശ്യപ്പെടുന്നത്. സിദ്ധാർഥന് എസ്.എഫ്.ഐ മെംബർഷിപ്പില്ലെന്നും ബന്ധുക്കൾ പറയുന്നു. അറസ്റ്റിലായ പ്രതിപ്പട്ടികയിലുള്ള 18 പേരിൽ അഞ്ചുപേരും സിദ്ധാർഥനൊപ്പം ഒരേ ബാച്ചിൽ പഠിക്കുന്നവരാണ്. സിദ്ധാർഥനെ മർദിക്കാനും ആൾക്കൂട്ട വിചാരണ നടത്താനും സഹപാഠികളും കൂട്ടുനിന്നത് എന്തുകൊണ്ടാണെന്ന സംശയം ഇനിയും ദൂരീകരിച്ചിട്ടില്ല. വാലൈന്റൻസ് ഡേയുടെ ഭാഗമായി ഫെബ്രുവരി 13ന് വൈകീട്ട് കോളജിൽ പരിപാടി സംഘടിപ്പിച്ചിരുന്നു.
സിദ്ധാർഥന്റെ നേതൃത്വത്തിലാണ് പാർട്ടി നിയന്ത്രിച്ചിരുന്നത്. പാർട്ടിക്കിടെ ഒരു പെൺകുട്ടിയുമായി സിദ്ധാർഥൻ ഡാൻസ് കളിച്ചു. ഇത് സീനിയർ വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായാണ് അന്വേഷിച്ച ബന്ധുക്കൾക്ക് അറിയാൻ കഴിഞ്ഞത്.
എന്നാൽ, പാർട്ടിക്കിടെ സിദ്ധാർഥൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതാണ് തർക്കത്തിന് കാരണമെന്നും പറയപ്പെടുന്നു. എന്താണ് നടന്നത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ബന്ധുക്കൾക്കടക്കം ലഭിച്ചിട്ടില്ല. അവിടെ ഉണ്ടായിരുന്ന ഒരു വിദ്യാർഥിയും സംഭവിച്ചതെന്തെന്ന് പുറത്തുപറയുന്നുമില്ല. ഇത് ഭയം കാരണമാണെന്നാണ് പറയപ്പെടുന്നത്.
സിദ്ധാർഥനെ ഒന്നാം വർഷം മുതൽ തന്നെ സ്റ്റുഡന്റ് ക്ലാസ് റെപ്രസന്റേറ്റിവാക്കിയതും യൂനിവേഴ്സിറ്റി ഔദ്യോഗിക ഫോട്ടോഗ്രാഫറാക്കിയതും പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയതിന് അധ്യാപകർ അഭിനന്ദിച്ചതും ക്ലാസിലെ ഏതാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് സിദ്ധാർഥനോട് നീരസം ഉണ്ടാക്കിയിരുന്നുവെന്ന് പറയുന്നുണ്ട്. ഇതാവാം അവസരം ഒത്തുകിട്ടിയപ്പോൾ സിദ്ധാർഥനെതിരെ നീങ്ങാനും മർദനത്തിലടക്കം പങ്കാളിയാവാനും വിദ്യാർഥികളെ പ്രേരിപ്പിച്ചതെന്നും പറയുന്നു.
കല്പറ്റ: സിദ്ധാര്‍ഥനെ അതിക്രൂരമായി മർദിച്ച കേസിലെ പ്രതികള്‍ക്ക് തെളിവ് നശിപ്പിക്കാനും ഒളിവില്‍ പോകാനും പൊലീസ് സൗകര്യം ചെയ്തുകൊടുത്തുവെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് ബോധപൂര്‍വമായ കാലതാമസം വരുത്തി. ഉന്നതതല രാഷ്ട്രീയ ഇടപെടലാണ് ഇതിന് പിന്നിലുള്ളത്. പ്രതികളെ പിടികൂടുന്നതിലെ ആദ്യത്തെ സുവര്‍ണ സമയമാണ് പൊലീസ് നഷ്ടപ്പെടുത്തിയത്. സീന്‍ മഹസര്‍ തയാറാക്കിയത് എസ്.എഫ്.ഐ നേതാക്കളുടെ സാന്നിധ്യത്തിലാണ്.
സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ ചെയ്തതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്ന് വ്യക്തമായിട്ടും പൊലീസ് ആ വകുപ്പ് ചേർക്കാന്‍ തയാറായില്ല. കേസ് കുടുംബം ആവശ്യപ്പെട്ടതുപോലെ സി.ബി.ഐ പോലുള്ള ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.
വൈത്തിരി: സിദ്ധാര്‍ഥന്റെ മരണത്തില്‍ കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കുക, കോളജ് ഡീന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കവാടത്തിന് മുന്നില്‍ കെ.എസ്.യു ജില്ല കമ്മിറ്റി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാർഢ്യവുമായി കെ.പി.സി.സി സംസ്കാര സാഹിതി ജില്ല കമ്മിറ്റി നേതാക്കൾ സത്യഗ്രഹപ്പന്തലിലെത്തി.
ജില്ല പ്രസിഡന്റ് സുരേഷ് ബാബു വാളൽ, സുന്ദർരാജ് എടപ്പെട്ടി, ഒ.ജെ. മാത്യു, കെ. പത്മനാഭൻ, വിനോദ് തോട്ടത്തിൽ വി.ജെ. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കൾ എത്തിയത്.
കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഗൂഢാലോചനയുണ്ടെങ്കിൽ സമഗ്രാന്വേഷണം നടത്തണമെന്നും യുവജനതാദൾ -എസ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജനതാദൾ -എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പുത്തൂർ ഉമ്മർ അധ്യക്ഷത വഹിച്ചു.സർവകലാശാല അധികാരികളുടെ മൂക്കിനു താഴെ ഇത്രയും വലിയ അക്രമം നടന്നിട്ടും കൃത്യമായ ഇടപെടലുകൾ നടത്താതെ ഒരു വിദ്യാർഥിയെ മരണത്തിലേക്ക് തള്ളിവിട്ട അധികാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കൽപറ്റ: വിദ്യാർഥി രാഷ്ട്രീയം അരാഷ്ട്രീയമായി മാറുന്നതിന്റെ പ്രതിഫലനമാണ് സിദ്ധാർഥന്റെ മരണമെന്ന് സി.പി.ഐ -എം.എൽ. സംഭവത്തിൽ അധ്യാപകരടക്കമുള്ള മുഴുവൻ കുറ്റവാളികളെയും മാതൃകാപരമായി ശിക്ഷിക്കുകയും ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയാറാകുകയും വേണം.
കാമ്പസുകളെ അരാഷ്ട്രീയവത്കരിക്കുന്ന ജീർണശക്തികളെ തിരിച്ചറിയാനും തിരുത്താനും രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കഴിയാതെവരുകയും തൽപരകക്ഷികളുടെ രാഷ്ട്രീയ ജീർണതക്കനുസൃതമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടാണ് അരാഷ്ട്രീയതയും മതാന്ധവാദവും ലഹരിവസ്തുക്കളും കാമ്പസുകളെ കീഴടക്കുന്നതെന്നും ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
പൂക്കോട്: രാഷ്ട്രീയ മുതലെടുപ്പിനും മാധ്യമ വേട്ടക്കുമെതിരെ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ചില വിദ്യാർഥികൾ സർവകലാശാല കാമ്പസിൽ വിദ്യാർഥി പ്രതിരോധം സംഘടിപ്പിച്ചു. പൂക്കോട്ടെ വിദ്യാർഥികൾ എല്ലാവരും കുറ്റവാളികളല്ലെന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധ ജാഥ നടത്തിയത്.
മെൻസ് ഹോസ്റ്റലിന് സമീപത്തുനിന്ന് ഡീൻ ഓഫീസ് പരിസരം വരെയായിരുന്നു പ്രതിഷേധം.സർവകലാശാലയിലെ വിവിധ വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ പങ്കെടുത്തു.
കല്പറ്റ: സിദ്ധാര്‍ഥന്റെ മരണത്തിനുത്തരവാദികളായവരെ സംരക്ഷിക്കാനുള്ള മുന്‍ എം.എല്‍.എ സി.കെ. ശശീന്ദ്രന്റെ നീക്കം നാടിന് അപമാനകരമാണെന്ന് യു.ഡി.എഫ് ജില്ല ചെയര്മാന് കെ.കെ. അഹമ്മദ് ഹാജി, കണ്‍വീനര്‍ കെ.കെ. വിശ്വനാഥൻ മാസ്റ്റര്‍ എന്നിവര്‍ കുറ്റപ്പെടുത്തി.
എസ്.എഫ്.ഐക്കാരുടെ അതിക്രൂരമായ മർദനത്തിനിരയായാണ് സിദ്ധാർഥന് മരിക്കുന്നത്. ഇതിനുശേഷം കേസന്വേഷിച്ച എസ്.എച്ച്.ഒയുടെ ഭാഗത്തുനിന്ന് രാഷ്ട്രീയ ഇടപെടല്‍ മൂലം ഗുരുതര വീഴ്ചയാണുണ്ടായത്.
വിഷയം പുറംലോകമറിയാതെ ഒതുക്കിവെക്കുകയാണ് കോളജ് അധികൃതരും ചെയ്തത്. പിന്നീട് പ്രതിഷേധം ശക്തമാകുകയും ഡിവൈ.എസ്.പി അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി സി.കെ. ശശീന്ദ്രന് ഡിവൈ.എസ്.പിയുമായി വാക്കേറ്റമടക്കം നടത്തിയത്.
രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കം നടത്തിയെന്ന് മാത്രമല്ല, പ്രതികളെ ഹാജരാക്കുന്ന സമയത്ത് മജിസ്ട്രേറ്റിന്റെ റൂമില്‍ കയറുകയും അവിടെനിന്ന് പുറത്താക്കുന്ന സാഹചര്യവുമുണ്ടായി.കൊലപാതകികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സ്വീകരിച്ച ഈ നടപടി അംഗീകരിക്കാനാവില്ലെന്നും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.