കൊച്ചി: ഷാർജയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം കുണ്ടറ സ്വദേശി വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നതടക്കം ആവശ്യപ്പെടുന്ന ഹരജിയിൽ ഭർത്താവിനെ ഹൈകോടതി കക്ഷിചേർത്തു. വിപഞ്ചികയുടെ മാതൃസഹോദരി എസ്. ഷീല സമർപ്പിച്ച ഹരജിയിലാണ് ഭർത്താവ് കോട്ടയം പനച്ചിക്കാട് പൂവന്തുരുത്ത് വലിയവീട്ടിൽ നിധീഷ് മോഹനെ കക്ഷി ചേർക്കാൻ ജസ്റ്റിസ് എൻ. നഗരേഷിന്റെ നിർദേശം.
വിപഞ്ചികയുടെയും ഒരുവയസ്സുകാരി കുട്ടിയുടെയും മരണത്തിൽ ദുരൂഹതയുള്ളതായി ഹരജിയിൽ പറയുന്നു. ജൂലൈ എട്ടിനാണ് ഇവർ മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും നിരന്തരം ശാരീരിക, മാനസിക പീഡനത്തിന് ഇരയായെന്നത് വിപഞ്ചിക അടുത്ത ബന്ധുക്കൾക്കയച്ച സന്ദേശങ്ങളിൽനിന്ന് വ്യക്തമാണ്. കൊലപാതകമാണെന്ന് കാട്ടി ദുബൈ പൊലീസിന് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ഒരുരേഖയും ലഭ്യമായിട്ടില്ല. ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കുണ്ടറ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കാത്തവിധം മൃതദേഹം കൊണ്ടുവരാനും വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാനും ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം. വിശദ അന്വേഷണത്തിനും ഉത്തരവിടണം.
വിപഞ്ചികയുടെ മാതാവ് ഷൈലജ ഷാർജയിലേക്ക് പോയതിനാലാണ് ഹരജി നൽകാൻ മാതൃസഹോദരിയെ ചുമതലപ്പെടുത്തിയതെന്നും ഹരജിയിൽ പറയുന്നു. എന്നാൽ, മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നിയമപരമായ അവകാശമുള്ള ഭർത്താവിനെ കേൾക്കാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കക്ഷിചേർത്തത്. എംബസിയുടെ അടക്കം നിലപാടും തേടിയിട്ടുണ്ട്. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.