കൊച്ചി: ഒരുമാസം പ്രായമുള്ള ആൺകുഞ്ഞിന്‍റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മയും സുഹൃത്തും പൊലീസ് കസ്‌റ്റഡിയിൽ. കുട്ടിയുടെ അമ്മ എഴുപുന്ന സ്വദേശിനി അശ്വനി ഓമനക്കുട്ടൻ, സുഹൃത്ത് കണ്ണൂർ ചക്കരക്കല്ല് സ്വദേശി വി.പി. ഷാനഫ് എന്നിവരെയാണ് എളമക്കര പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ഞായറാഴ്‌ചയാണ് കുഞ്ഞ് മരിച്ചത്. കറുകപ്പിള്ളിയിലെ ലോഡ്‌ജിൽ താമസിച്ചുവരുകയായിരുന്നു ഇരുവരും. പാൽ കുടിച്ചശേഷം കുട്ടി ഉറങ്ങിയെന്നും പിന്നീട് ഉണർന്നില്ലെന്നും പറഞ്ഞ് ഇരുവരും ചേർന്ന് രാവിലെ കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടി മരിച്ചനിലയിലായിരുന്നു. കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ ഡ്യൂട്ടി ഡോക്ടർ നോർത്ത് പൊലീസിനെ അറിയിച്ചു.
പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതിനകം അമ്മയും സുഹൃത്തും ആശുപത്രിയിൽനിന്ന് കടന്നു. നോർത്ത് പൊലീസ് ഇവരെ തന്ത്രപൂർവം വിളിച്ചുവരുത്തുകയായിരുന്നു. കുട്ടിക്ക് പാൽ നൽകിയെന്നും ശേഷം കുട്ടിയും തങ്ങളും ഉറങ്ങിയെന്നും ഇവർ പറഞ്ഞു. ഉറക്കമുണർന്നപ്പോൾ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല. തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചതെന്നുമാണ് ആദ്യം പൊലീസിനോട് പറഞ്ഞത്.
സംഭവം നടന്നത് എളമക്കര സ്‌റ്റേഷൻ പരിധിയിലായതിനാൽ ഇരുവരെയും എളമക്കര പൊലീസിന് കൈമാറി. ഇതിനകം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുട്ടിയുടെ തലയിൽ ഉൾപ്പെടെ ഗുരുതര മുറിവുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇതോടെ കുട്ടി കൈയിൽനിന്ന് വീണതായി ഇരുവരും മൊഴി മാറ്റി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ വിവരങ്ങൾ വെളിച്ചത്തുവന്നത്.
എറണാകുളത്ത് ജോലി അന്വേഷിച്ച് വന്നതാണെന്നാണ് ഇവർ പറയുന്നത്. ഈ മാസം ഒന്നിന് ലോഡ്‌ജിലെത്തിയ ഇവർ രണ്ടിന് മുറി ഒഴിഞ്ഞു. തുടർന്ന് രണ്ടിന് വൈകീട്ട് വീണ്ടും മുറിയെടുത്തു. മൂന്നിന് രാവിലെയാണ് കുട്ടി മരിച്ചത്. മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് സംഘം മുറിയിലെത്തി പരിശോധന നടത്തി. കുട്ടി മറ്റൊരു ബന്ധത്തിലുള്ളതാണെന്ന് കണ്ണൂർ സ്വദേശി പറഞ്ഞു. എന്നാൽ, ഇരുവരുടെയും മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടരുകയാണ്. എ.സി.പി. ജയകുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.