ആന്റണി സ്വന്തം കല്ലറ കാണാനെത്തിയപ്പോൾ

ആൻറണി നാട്ടിലെത്തി, സ്വന്തം മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ !!!

ആലുവ: ചുണങ്ങുംവേലിയിൽ ഔപ്പാടൻ ദേവസി മകൻ ആൻറണി ദിവസങ്ങൾക്ക് ശേഷം ഇന്ന് നാട്ടിലെത്തിയപ്പോൾ കണ്ടത് പള്ളിസെമിത്തേരിയിൽ സ്വന്തം മരണാനന്തര ചടങ്ങുകൾ നടക്കുന്നത്! അവിവാഹിതനായ ആൻറണി മൂവാറ്റുപുഴ ഭാഗത്ത് ചെറിയ തൊഴിലെടുത്ത് അവിടെ തന്നെ താമസിക്കുകയായിരുന്നു. അവിടെ നിന്ന് ഇന്നലെ നാട്ടിലെത്തിയപ്പോഴാണ്, താൻ മരിച്ചതിന്റെ ഏഴാംദിന ചടങ്ങുകൾ ചുണങ്ങംവേലിയിലെ സെമിത്തേരിയിൽ നടക്കുന്ന വിവരം അറിഞ്ഞത്.

ശവസംസ്കാര ചടങ്ങുകളിൽ സജീവമായി പങ്കെടുത്ത അയൽക്കാരൻ സുബ്രമണ്യൻ ചുണങ്ങംവേലിയിൽ നിൽക്കുമ്പോഴാണ് ‘പരേതൻ’ നാട്ടിൽ വന്നിറങ്ങുന്നത് കണ്ടത്. ആന്റണി ബസിറങ്ങുന്നത് കണ്ടതോടെ സുബ്രമണ്യൻ ഒന്നമ്പരന്നു. താൻ കണ്ടത് സ്വപ്നമല്ലെന്ന് മനസിലാക്കിയ അദ്ദേഹം ഉടനെ പഞ്ചായത്തംഗങ്ങളെയടക്കം വിളിച്ച് വരുത്തി. അവരെത്തിയാണ് ഒറിജിനൽ ആൻറണി ഇതുതന്നെയാണെന്ന് ഉറപ്പ് വരുത്തിയത്.

ഏഴ് ദിവസം മുമ്പാണ് അങ്കമാലിക്കടുത്തുവെച്ച് അപകടത്തിൽ ആന്റണി മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മരണപ്പെട്ട അജ്ഞാതന്റെ ഫോട്ടോ കണ്ട പരിചയക്കാരനാണ് പൊലീസിനോടും ബന്ധുക്കളോടും ഇത് ആന്റണിയാണെന്ന സംശയം പറഞ്ഞത്. ഉടൻ വാർഡ് അംഗങ്ങളായ സ്നേഹ മോഹനന്റെയും ജോയുടെയും നേതൃത്വത്തിൽ നാലു സഹോദരിമാരും ആശുപത്രിയിലെത്തി മൃതദേഹം കണ്ട് സ്ഥിരീകരിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി ചുണങ്ങംവേലി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

തിങ്കളാഴ്ച ഏഴാം ദിന മരണാനന്തര ചടങ്ങുകളായിരുന്നു ഇന്ന് പള്ളിയിൽ നടന്നത്. ബന്ധുക്കളടക്കം കല്ലറയിൽ പ്രാർഥനയും നടത്തി പൂക്കളും വച്ച് പിരിഞ്ഞപ്പോഴാണ് ഇതൊന്നുമറിയാതെ ആൻറണിയുടെ വരവ്. കാര്യങ്ങളറിഞ്ഞ ആന്റണി ജനനവും മരണവും രേഖപ്പെടുത്തിയ ‘സ്വന്തം കല്ലറ’ കാണാനെത്തി.

‘മരിച്ച’ ആൻറണിയെ നാട്ടുകാർ ചേർന്ന് ജീവനോടെ ഉടൻ അങ്കമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഇ​ദ്ദേഹത്തിന് കുറച്ച് ദിവസത്തേക്ക് സംരക്ഷണമൊരുക്കിയിരിക്കുകയാണ് നാട്ടുകാർ. കോട്ടയം സ്വദേശി രാമചന്ദ്രൻ എന്നയാൾക്ക് തന്റെ രൂപസാദൃശ്യമുണ്ടെന്നും മരണപ്പെട്ടത് അയാളായിരിക്കാമെന്നും ആന്റണി പറയുന്നു.


Tags:    
News Summary - ‘Dead’ man returns home after his funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.