പുനഃ​സംഘടനയിൽ പുകഞ്ഞ് കോൺഗ്രസ്

കോഴിക്കോട്: ഡി.സി.സി പു​നഃ​സം​ഘ​ട​ന​ക്ക് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ വൻ പ്രതിസന്ധിയാണുണ്ടാകുന്നത്. പ്രബല നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പു​നഃ​സം​ഘ​ട​നാ രീതിയിൽ പരസ്യമായി പ്രതിഷേധം അറിയിക്കാൻ തയാറായി. ഇതോടെ എ, ഐ ഗ്രൂപ്പുകളിലെ വിവിധ നേതാക്കളും വിമർശനവുമായെത്തി. ഇവർക്ക് ശക്തമായ മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. കെ. ശിവദാസൻ നായർക്കും കെ.പി. അനിൽകുമാറിനുമെതിരെ കെ.പി.സി.സി നടപടിയെടുത്തതും വിവാദമായി. അതേസമയം, പട്ടികയെ അനുകൂലിക്കുന്ന നിലപാടാണ് കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ. പി.ടി. തോമസ് തുടങ്ങിയവർ കൈക്കൊണ്ടത്. വിവിധ നേതാക്കളുടെ പ്രതികരണം വായിക്കാം;-

ഉമ്മൻചാണ്ടി

സംസ്ഥാനത്ത് ഫലപ്രദമായ ചർച്ച നടത്തിയിരുന്നെങ്കിൽ ഇതിനേക്കാൾ നല്ല അന്തരീക്ഷം ഉണ്ടാക്കാൻ സാധിക്കുമായിരുന്നു. ചർച്ച കാര്യമായി നടത്തിയില്ല. ചർച്ച നടത്തിയെന്ന് വരുത്തി. പിന്നീട് ചർച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും ചർച്ചയൊന്നും നടന്നില്ല. അതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. മുമ്പെല്ലാം പുനഃസംഘടനയെക്കുറിച്ച് ഫലപ്രദമായ ചർച്ച നടക്കുന്നത് കൊണ്ട് ഇതുപോലെ പ്രശ്നം ഉണ്ടായിരുന്നില്ല.

രമേശ് ചെന്നിത്തല

പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമായിരുന്നു. എല്ലാവർക്കും ഗ്രൂപ്പുണ്ട്. എല്ലാവരും ഗ്രൂപ്പ് മാനേജർമാരായി പ്രവർത്തിച്ചിട്ടുമുണ്ട്. എന്നാൽ, ഹൈക്കമാൻഡിന്‍റെ നിർദേശങ്ങൾ അനുസരിക്കേണ്ടത് എല്ലാവരുടേയും കടമയാണ്. പട്ടിക പൂര്‍ണമായും അംഗീകരിക്കുന്നു.

കെ. സുധാകരൻ

ചർച്ച നടത്തിയില്ലെന്ന് പറയുന്നത് അസത്യവും വാസ്തവവിരുദ്ധവുമാണ്. ഉമ്മൻചാണ്ടിയെ പോലെ ഒരാൾ അങ്ങനെ പറഞ്ഞതിൽ മനോവിഷമം ഉണ്ട്. ഞാനും ഉമ്മൻ ചാണ്ടിയും രണ്ടു തവണ ചർച്ച നടത്തി. രണ്ടു തവണ ചർച്ച നടത്തിയപ്പോഴും ഉമ്മൻ ചാണ്ടി സ്വന്തം ആളുകളുടെ പ്രൊപ്പോസൽ പറഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടി പറഞ്ഞവരിൽ പലരും പട്ടികയിൽ വന്നിട്ടുമുണ്ട്. രമേശ് ചെന്നിത്തലയുമായി രണ്ടു തവണ സംസാരിച്ചിട്ടുണ്ട്.

വി.ഡി. സതീശൻ

എല്ലാവരുമായും വിശദമായ ചർച്ച നടത്തിയിട്ടുണ്ട്. ഞങ്ങൾ മാറ്റമാണ് കൊണ്ടുവരുന്നത്. സാമ്പ്രദാ‍യിക രീതിയിൽ നിന്ന് മാറ്റം വരും. കോൺഗ്രസിൽ എല്ലാവരെയും തൃപ്തിപ്പെടുത്തി പട്ടിക തയാറാക്കാനാകുമോ. വിമർശനമുന്നയിക്കുന്നവരുടെ കാലത്ത് ഒരു വർഷം ഒക്കെ ഇരുന്നാണ് പട്ടിക നൽകിയത്. അവർ രണ്ടുപേരും തന്ന പേര് അങ്ങനെ തന്നെ വീതംവെച്ച് ഏഴും ഏഴുമായി കൊടുക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്ത് ഇരിക്കേണ്ട ആവശ്യമില്ലല്ലോ. അവർ ചിലപ്പോൾ അങ്ങനെയാവും ആഗ്രഹിക്കുന്നത്. പണ്ട് അങ്ങനെയാവും നടക്കാറുള്ളതും.

കെ. മുരളീധരൻ

ഇന്നത്തെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാ കാലഘട്ടങ്ങളിലും പട്ടികകൾ പ്രഖ്യാപിക്കുമ്പോൾ ചെറിയ പൊട്ടിത്തെറികൾ ഉണ്ടാകാറുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമായും ഉണ്ടാകാം. എന്നാൽ ഇപ്പോൾ നിയമിച്ചവരെല്ലാം ആ പദവിക്ക് യോഗ്യരാണ്. മുതിർന്നവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് എന്ന് ചിലർ വിമർശനം ഉന്നയിക്കുന്നുണ്ട്. അവർ നടക്കാൻ കഴിയാത്തവരോ പ്രവർത്തിക്കാൻ കഴിയാത്തവരോ അല്ല. നന്നായി പ്രവർത്തിക്കാൻ കഴിയുന്നവരാണ്.

കെ.സി. ജോസഫ്

നേതാക്കളോട് സാമാന്യ മര്യാദ കാട്ടിയില്ല. പരസ്യ പ്രതികരണം നടത്താത്ത നേതാക്കളില്ല. നടപടിയെടുത്തവർ തങ്ങളുടെ ചരിത്രം ഓർക്കണം. ഉമ്മൻ ചാണ്ടിയുടെ വാക്കുകളിൽ എല്ലാമുണ്ട്. കോൺഗ്രസ് ഹൈകമാൻഡിനെ ആർക്കും കുറ്റപ്പെടുത്താനാവില്ല. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി അധ്യക്ഷന്മാർ എന്നിവരുമായി ചർച്ച നടത്തി സമവായത്തിലെത്തണമായിരുന്നു. എന്നാൽ, അത്തരം ചർച്ചകൾ നടന്നില്ല. അതിൽ ദു:ഖവും പ്രതിഷേധവുമുണ്ട്.

രാജ്മോഹൻ ഉണ്ണിത്താൻ

പ്രതിസന്ധിയുടെ കാലത്ത്‌ കോൺഗ്രസ് പ്രസ്ഥാനത്തെ നയിക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റികളുടെ അധ്യക്ഷന്മാരായി പാർട്ടി നേതൃത്വം ചുമതല ഏൽപ്പിച്ച എല്ലാ സഹപ്രവർത്തകർക്കും അഭിവാദ്യങ്ങൾ. കോൺഗ്രസ് നേതാക്കൾ എല്ലാവരും ഹൈകമാൻഡിനെ അനുസരിക്കണം. ഇല്ലെങ്കിൽ വേറെ പാർട്ടി ഉണ്ടാക്കണം. പാർട്ടിയുള്ളത് കൊണ്ട് മാത്രമാണ് ഗ്രൂപ്പുകളും ഉള്ളത്. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണെന്നുള്ളത് എല്ലാ നേതാക്കളും മനസിലാക്കണം.

പി.ടി. തോമസ്

ഉമ്മൻചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മാറ്റിനിർത്തി കേരളത്തിലെ ഒരു ജില്ല കമ്മിറ്റിയുടെയോ കെ.പി.സി.സിയുടെയോ പുന:സംഘടന നടക്കും എന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. അവരോടൊക്കെ ചർച്ച നടത്തിയിട്ടുമുണ്ട് അവരെല്ലാം നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. ഇരുവർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. സസ്പെൻഡ് ചെയ്തവരെ എല്ലാക്കാലത്തേക്കും തള്ളിക്കളഞ്ഞതല്ല. പോരായ്മയുണ്ടെങ്കിൽ പരിഹരിക്കും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഹൈകമാൻഡ് തീരുമാനത്തെ കുറിച്ച് പ്രാഥമിക വിവരമല്ലാതെ മറ്റ് വിശദാംശങ്ങൾ അറിയില്ല. കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തിയോ ഇല്ലയോ എന്ന കാര്യങ്ങൾ അറിയില്ല. നിലവിലെ കാര്യങ്ങൾ വളരെ ദൗർഭാഗ്യകരമാണ്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങളുമായി മുന്നോട്ടുപോകരുത്.

കെ. ശിവദാസൻ നായർ

(കെ.പി.സി.സി സസ്പെൻഡ് ചെയ്ത നേതാവ്)

അംഗത്വം റദ്ദാക്കാൻ സാധിച്ചേക്കും, കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കാൻ സാധിക്കില്ല. തന്‍റെ കൂടി രക്തം കൊടുത്ത് വളർത്തിയ പാർട്ടിയാണിത്. എന്നും കോൺഗ്രസുകാരനായിരിക്കും. അച്ചടക്കം ലംഘിച്ചെന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം പരസ്യപ്രതികരണം തിരുത്താം. സദുദ്ദേശപരമായ വിമർശനം പാടില്ലെങ്കിൽ കോൺഗ്രസ് പാർട്ടിയല്ലാതാകും. ഇപ്പോൾ പ്രതികരിച്ചത് ഭാവിയിൽ കുറ്റബോധം തോന്നാതിരിക്കാനാണ്. കെ. സുധാകരനോട് വിയോജിപ്പില്ല. വിമർശനമുയർന്നവർ അത് ഉൾക്കൊള്ളാൻ തയാറാകണം.

കെ.പി. അനില്‍കുമാർ

(കെ.പി.സി.സി സസ്പെൻഡ് ചെയ്ത നേതാവ്)

യോഗ്യതയില്ലാത്ത പലരും ഡി.സി.സി അധ്യക്ഷ സ്ഥാനത്തെത്തി. സസ്പെൻഡ് ചെയ്ത് പേടിപ്പിക്കേണ്ട. ഡി.സി.സി ഓഫിസിൽ കയറാൻ ആളുകൾ ഇനി ഭയക്കും. പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ പുറത്താക്കുകയും കൂട്ടിക്കൊടുക്കുന്നവനെയും ഇഷ്ടക്കാരനെയും പാർട്ടിക്കകത്ത് വെച്ചുചേർക്കുകയുമാണ് ചെയ്യുന്നത്. പകുതിയിലേറെ പേരും അങ്ങനെ വന്നതാണ്. ഗ്രൂപ്പിനതീതമായ ഒരാളെയെങ്കിലും കാണിക്കാൻ സാധിക്കുമോ. 

Tags:    
News Summary - DCC Reorganization crisis in congress party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.