കൊച്ചി: നയതന്ത്ര ചാനൽ വഴി ഖുർആൻ എത്തിച്ച സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസെടുത്തു. വിഷയത്തിൽ മന്ത്രി കെ.ടി ജലീൽ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) നൽകിയ മൊഴി കസ്റ്റംസ് പരിശോധിക്കും. ശേഷം മന്ത്രി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. മതഗ്രന്ഥം സംബന്ധിച്ച എണ്ണം, അയച്ചത് ആര്, എവിടെ വിതരണം ചെയ്തത്, തൂക്ക വ്യത്യാസം അടക്കമുള്ള കാര്യങ്ങൾ കസ്റ്റംസ് പരിശോധിക്കും എന്നാണ് റിപ്പോർട്ട്.
നയതന്ത്ര പാർസലുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ ലംഘനം സംബന്ധിച്ച കേസിൽ മന്ത്രി ജലീലിനെ എൻ.ഐ.എ എട്ടു മണിക്കൂർ ഇന്നലെ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെയും പ്രോട്ടോകോൾ ലംഘിച്ച് നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്നതിന്റെയും അടക്കം വിശദാംശങ്ങളിൽ ഊന്നിയായിരുന്നു ചോദ്യം ചെയ്യൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്ത് ഒരാഴ്ചക്കകമാണ് എൻ.ഐ.എ വിളിപ്പിച്ചത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രിയെ എൻ.ഐ.എ ചോദ്യം ചെയ്തത്.
നേരത്തെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മന്ത്രി നൽകിയ മൊഴികൾ പരിശോധിച്ച ശേഷമായിരുന്നു എൻ.ഐ.എ ചോദ്യം ചെയ്യൽ. സ്വപ്നയുമായി പലതവണ ഫോണിൽ ബന്ധപ്പെട്ടത് പുറത്തുവന്നത് മുതൽ മന്ത്രിക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ സാക്ഷിമൊഴി നൽകാനായി ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. സ്വപ്നയുടെ മൊബൈലുകളും ലാപ്ടോപ്പുകളും സി-ഡാക്കിൽ ശാസ്ത്രീയ പരിശോധന നടത്തിയപ്പോഴാണ് മന്ത്രിയുമായുള്ള ആശയ വിനിമയത്തിന് കൂടുതൽ തെളിവ് ലഭിച്ചത്.
യു.എ.ഇ കോൺസുലേറ്റ് ജനറൽ നിർദേശിച്ചതിനാലാണ് സ്വപ്നയുമായി സംസാരിച്ചതെന്നായിരുന്നു മന്ത്രിയുടെ മുൻ നിലപാട്. എന്നാൽ, ഇത്തരം ബന്ധമല്ല ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് മതഗ്രന്ഥം കൊണ്ടുവരാൻ നയതന്ത്ര ചാനൽ ഉപയോഗിച്ചതെന്നുമാണ് എൻ.ഐ.എ ആരോപണം. ഇതിന്റെ മറവിൽ സ്വർണക്കടത്ത് നടന്നോ എന്നും പരിശോധിക്കുന്നുണ്ട്.
300 ഖുർആനാണ് വാങ്ങിയതെന്നാണ് ജലീൽ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, ഏകദേശം 7500 ഖുർആൻ പതിപ്പുകൾ ഇറക്കുമതി ചെയ്തതായാണ് ലഭിച്ച വിവരം. അതേസമയം, നയതന്ത്ര ചാനൽ വഴി സ്വർണം കൊണ്ടുവന്നത് ജലീലിന് അറിവുണ്ടായിരുന്നില്ലെന്നാണ് എൻ.ഐ.എ വിലയിരുത്തൽ. എൻ.ഐ.എ അന്വേഷിക്കുന്നത് സ്വർണക്കടത്ത് കേസായതിനാൽ അതുമായി ജലീലിനെ ബന്ധിപ്പിക്കാൻ തക്ക തെളിവുകൾ ശേഖരിക്കാൻ കഴിയാത്തതിനാൽ സ്വപ്നക്കെതിരെ സാക്ഷിയായി മന്ത്രി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.