ഇന്ത്യന്‍ ജനതയെ മോദി ഗിനി പന്നികളാക്കിയെന്ന് തോമസ് ഐസക്

കോഴിക്കോട്: നിയോ ലിബറല്‍ പരീക്ഷണത്തിനായി ഇന്ത്യന്‍ ജനതയെ മോദി ഗിനി പന്നികളാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ബാങ്കുകളുടെ പണമെല്ലാം കോര്‍പറേറ്റ് കള്ളപ്പണക്കാര്‍ വാരിക്കോരി കൊണ്ടുപോയി. രണ്ടു മാസം കഴിഞ്ഞിട്ടും ആഴ്ചയില്‍ പരമാവധി 24,000 രൂപയെ കാശായി പിന്‍വലിക്കാന്‍ കഴിയൂവെന്നും മന്ത്രി ഐസക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ബാങ്കുകളുടെ പണമെല്ലാം കോര്‍പറേറ്റ് കള്ളപ്പണക്കാര്‍ വാരിക്കോരി കൊണ്ടുപോയി. റിസര്‍വ് ബാങ്കിന്‍റെ 2016ലെ അസറ്റ് ക്വാളിറ്റി റിവ്യൂ പ്രകാരം 8.5 ലക്ഷം കോടി രൂപ കിട്ടാക്കടമാണ്. ഇതില്‍ 7 ലക്ഷം കോടി രൂപ ഇന്ത്യയിലെ 10 പ്രമുഖ കുത്തക കുടുംബങ്ങളുടേതാണത്രേ. 2014-15ല്‍ 1.12 ലക്ഷം കോടി രൂപ എഴുതിത്തള്ളിയ ശേഷമുള്ള സ്ഥിതിയാണിത് ഇതെന്ന് ഓര്‍ക്കുക. അതേസമയം, ഇന്ത്യയിലെ സാധാരണക്കാരുടെ പണമെല്ലാം മോദി സര്‍ക്കാര്‍ രണ്ടു മാസമായി ബാങ്ക് അറകളില്‍ തടവിലാക്കിയിരിക്കുകയാണ്. മേല്‍പറഞ്ഞ സ്ഥിതിവിശേഷത്തിന് 2008ലെ ആഗോള സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ബാങ്കുകളെ ഭാവിതകര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന തന്ത്രവുമായി സാമ്യമുണ്ട്.

ഭീമന്‍ ബാങ്കുകളുടെ കടബാധ്യത മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണല്ലോ ചെയ്തത്. ഇതിനെയാണ് ബെയില്‍ഔട്ട് എന്നു പറയുന്നത്. ഇതുമൂലം സാധാരണ ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍ വിശ്വാസം വർധിക്കുകയും തങ്ങളുടെ പണം പിന്‍വലിക്കുവാന്‍ തിരക്ക് കൂട്ടിയില്ല. എന്നാല്‍, കടഭാരംമൂലം സര്‍ക്കാരുകളുടെ നട്ടെല്ലൊടിഞ്ഞു. അതുകൊണ്ട് സാമ്പത്തിക വിദഗ്ദ്ധര്‍ ബെയില്‍ഔട്ട് അല്ല ഇനിമേല്‍ വേണ്ടത് ബെയില്‍ഇന്‍ ആണ് വേണ്ടത് എന്നു വാദിക്കുവാന്‍ തുടങ്ങി. അതായത് കിട്ടാക്കടം സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നതിനു പകരം സാധാരണക്കാര്‍ തങ്ങളുടെ പണം പിന്‍വലിക്കുന്നത് നിയന്ത്രിക്കുക. 2013 സൈപ്രസിലാണ് ഇത്തരമൊരു പരീക്ഷണം നടത്തി നോക്കിയത്. ലക്ഷ്യം നേടുകയും ചെയ്തു.

ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാര്‍ ജി20യിലും മറ്റും നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി ബാങ്കുകളുടെ ധനകാര്യ സുസ്ഥിരത സംബന്ധിച്ച് ഒരു നിയമം തന്നെ തായാറാക്കി. ഇതുപ്രകാരം ഏതെങ്കിലും ബാങ്ക് പൊളിയുന്നതിനുള്ള സാധ്യതയുണ്ടെങ്കില്‍ അവയെ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ ലയിപ്പിക്കാം. അല്ലെങ്കില്‍ ഡെപ്പോസിറ്റുകള്‍ പിന്‍വലിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താം. ഏതായാലും ഇപ്പോള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണം പൗരന്‍മാരുടെ ഡെപ്പോസിറ്റുകള്‍ക്കുമേല്‍ ചുമത്തുവാന്‍ ആകില്ലല്ലോ. രണ്ടു മാസം കഴിഞ്ഞിട്ടും ആഴ്ചയില്‍ പരമാവധി 24,000 രൂപയേ കാശായി പിന്‍വലിക്കാന്‍ കഴിയൂ. ഒരു നിയോലിബറല്‍ പരീക്ഷണത്തിന് ഇന്ത്യന്‍ ജനതയെ മോഡി ഗിനിയാ പിഗ്ഗുകളാക്കിയിരിക്കുകയാണ്- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Full View
Tags:    
News Summary - currency demonetization minister thomas issac attack to modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.