65 വയസ്സായി മണിയേട്ടന്. 45 വര്‍ഷമായി കോഴിക്കോട്ട് ഓട്ടോ ഓടിക്കുന്നു. നോട്ട് പ്രതിസന്ധി വന്നതോടെ ഓട്ടം കിട്ടാന്‍ പ്രയാസപ്പെടുകയാണെന്ന് അദ്ദേഹം പറയുന്നു.  ‘‘ഇനി മറ്റൊരു ജോലിക്ക് പോകാനാവില്ല. ജോലി ചെയ്യാതെ കുടുംബം പോറ്റാനുമാവില്ല’’ -മണിയേട്ടന്‍ പറയുന്നു.  മണിയേട്ടന്‍ മാത്രമല്ല, കോഴിക്കോട്ടെ ആറായിരത്തോളം ഓട്ടോക്കാരില്‍ അഞ്ഞൂറോളം പേര്‍ ഓട്ടം നിര്‍ത്തി മറ്റ് ജോലികള്‍ക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന്  ഓട്ടോ കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ മമ്മദ് കോയയും ആര്‍.എം.ടി.യു നേതാവ് പ്രേമാനന്ദനും പറയുന്നു.  ഇത്രത്തോളം പേര്‍ പകുതിദിവസം മാത്രമാണ് ജോലിക്കത്തെുന്നത്.

ജോലിക്കത്തെുന്നവര്‍ക്ക്  പ്രതിദിനം അഞ്ഞുറുരൂപയാണ് ഏറ്റവും കൂടിയ വരുമാനം. ഇതില്‍ 350 രൂപ സി.സി ഉടമക്ക് നല്‍കണം. ശേഷിക്കുന്നതാണ് പെട്രോളിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉണ്ടാവുക.  പ്രതിമാസം അയ്യായിരം മുതല്‍ പതിനായിരം വരെ വായ്പ അടവുള്ളവരാണ് മിക്കവരും. ഇതെല്ലാം മുടങ്ങി. ജില്ലയിലെ 1800 ബസുകളില്‍ മുന്നൂറ് എണ്ണമെങ്കിലും ജനുവരിയോടെ നിര്‍ത്തേണ്ടിവരുമെന്ന് ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.കെ. സുരേഷ്കുമാര്‍ പറയുന്നു. ആയിരത്തോളം ജീവനക്കാര്‍ക്ക് ഇതോടെ ജോലി നഷ്ടപ്പെടും. മൂന്നു മാസമായി ബസുകള്‍ നികുതിയും ക്ഷേമനിധി വിഹിതവും അടയ്ക്കുന്നില്ല. യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതിന് പുറമെ സ്പെയര്‍ പാര്‍ട്സ്, ഓയില്‍ എന്നിവയുടെ അടക്കം ചെലവ് വര്‍ധിച്ചതുമാണ് കാരണം.

കെ.എസ്.ആര്‍.ടി.സിക്ക് നോട്ടു പ്രതിസന്ധി ഊര്‍ധശ്വാസം വലിക്കുന്നവനെ പാമ്പ് കടിച്ചതുപോലെയായി. ഇതോടെ ചരിത്രത്തില്‍ ആദ്യമായി 15 ദിവസം ശമ്പളം മുടങ്ങി. മലബാര്‍ മേഖലയില്‍ 767 സര്‍വിസുകളില്‍ 436നും പതിനായിരത്തില്‍ താഴെയാണ് വരുമാനം. (56.8 ശതമാനം). ഡിപ്പോ, സര്‍വിസ്, വരുമാനം കുറഞ്ഞ സര്‍വിസുകള്‍ ക്രമത്തില്‍: കല്‍പ്പറ്റ 67 (37), സുല്‍ത്താന്‍ ബത്തേരി 93 (46), മാനന്തവാടി 95 (32), കോഴിക്കോട് 73 (19), താമരശ്ശേരി 69 (44), തിരുവമ്പാടി 30 (22), തൊട്ടില്‍പാലം 47 (37), വടകര 31 (18), കണ്ണൂര്‍ 120 (83), പയ്യന്നൂര്‍ 81 (53), 61 (45). പ്രതിസന്ധി തുടര്‍ന്നാല്‍ പല സര്‍വിസുകളും റദ്ദാക്കേണ്ടിവരുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു.

Tags:    
News Summary - currency crysis, auto rickshaw drivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.