അമ്പലപ്പുഴ: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതക്കെതിരെ ജാതി അധിക്ഷേപവുമായി അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം. സി.എസ്. സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോകുന്നുള്ളൂവെന്നും, താൻ നായരാണെന്ന് ബോധ്യപ്പെടുത്താൻ മുല്ലപ്പൂവും തുളസിപ്പൂവും ചൂടിയാണ് അവർ വോട്ട് ചോദിക്കാൻ ഇറങ്ങുന്നതെന്നും സുധാകരൻ പറഞ്ഞു.
അമ്പലപ്പുഴയിൽനിന്ന് നായർ സമുദായത്തിന്റെ വോട്ടൊന്നും കിട്ടില്ലെന്നും എൽ.ഡി.എഫ് സ്ഥാനാർഥി നായരെയും ധീവരനെയും തമ്മിൽ തെറ്റിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജി. ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്.എഫ്.ഐ ക്രിമിനലുകളാണ്. നിർബന്ധിച്ച് ഭുവനേശ്വരനെ കോളജിലേക്ക് വിട്ടത് സി.പി.എമ്മുകാരാണ്. ഭുവനേശ്വരന് സ്വയം കൊല്ലപ്പെട്ടതല്ല സാഹചര്യം സൃഷ്ടിച്ചത് എസ്.എഫ്.ഐ ഗുണ്ടകളാണെന്നും ജി. സുധാകരൻ ആരോപിച്ചു. നേരത്തെ ജി. സുധാകരൻ പറഞ്ഞത് നായർ ഗുണ്ടകളാണ് ഭുവനേശ്വരനെ കൊലപ്പെടുത്തിയത് എന്നാണ്.
സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സി.പി.എം വിട്ട് യു.ഡി.എഫിൻ ചേർന്ന ജി. സുധാകരൻ സി.പി.എമ്മിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയെയും ജി. സുധാകരൻ വിമർശിച്ചു. കുട്ടനാട് കണ്ടിട്ടില്ലാത്ത മുഖ്യമന്ത്രി വരമ്പത്തുകൂടി ഒരിക്കൽപോലും നടക്കാതെ വെല്ലുവിളിക്കാൻ വരരുതെന്ന് ജി. സുധാകരൻ. സി.പി.എം കുട്ടനാട് താലൂക്ക് സെക്രട്ടറിയായി പ്രവർത്തിച്ച തന്നോട് കുട്ടനാട് കണ്ടിട്ടില്ലാത്ത മുഖ്യമന്ത്രി വെല്ലുവിളിക്കാൻ വരരുതത്. ചളിയിൽ ചവിട്ടിതാഴ്ത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ആലപ്പുഴ ഇരുതലമൂർച്ചയുള്ള ആയുധമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം തൊഴിലാളികളുടെ പാർട്ടിയല്ലെന്നും പൊളിറ്റിക്കൽ ക്രിമിനലുകളുടേതാണെന്നും സുധാകരൻ പറഞ്ഞു. പിണറായി വിജയനാണ് സി.പി.എമ്മിനെ ഭരിക്കുന്നത്. പാർട്ടി തിരുത്താൻ തയാറായില്ലെങ്കിൽ അവസാനത്തെ തെരഞ്ഞെടുപ്പാണിത്. നന്നായിട്ട് വായിക്കുകയും സംസാരിക്കുകയും ചെയ്യുന്ന എം.എ. ബേബി നല്ലവനാണ്. പറഞ്ഞിട്ട് എന്തുകാര്യം?. കേരളത്തിൽ എന്ത് പ്രത്യശാസ്ത്രം, എന്ത് ആദർശം, വൻകിടക്കാരുടെയും സമ്പന്നമാരുടെയും കൂടെയാണ് പാർട്ടി. ഇത് പറയുന്നത് നശിപ്പിക്കാൻ വേണ്ടിയല്ല, സ്വയംവിമർശനത്തിനാണ്. സെക്കുലർ പാർട്ടികളായ കമ്യൂണിസ്റ്റും കോൺഗ്രസും കേരളത്തിൽ വേണം.
ചെങ്ങന്നൂരിൽ സി.പി.എം-ബി.ജെ.പി ഡീലാണെന്നും മുൻമന്ത്രി ജി. സുധാകരൻ ആരോപിച്ചു. അറവുകാട് ക്ഷേത്രത്തിനുസമീപം യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിൽ സജിചെറിയാൻ വിജയിക്കുന്നത് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വോട്ടുകൊണ്ടാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രത്യുപകാരം നൽകിയതിനാലാണിത്. ചെങ്ങന്നൂരിൽ നിരന്തരം പ്രകടമായ ബി.ജെ.പി കൂട്ടുകെട്ടിനെപ്പറ്റി അന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറുണ്ടോ?. ചെങ്ങന്നൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് പോലും സജി ചെറിയാനാണ്. ക്രിമിനൽ രാഷ്ട്രീയത്തിന്റെ തലവനാണ് സജി ചെറിയാൻ. പാവപ്പെട്ട തൊഴിലാളികളുടെ മാറിൽ വെടിയേറ്റ് അസ്ഥിവാരമുണ്ടാക്കിയ പാർട്ടിയാണ്. സജിചെറിയാനും എച്ച്. സലാമും ആ അസ്ഥിവാരം തോണ്ടി വാഴപ്പിണ്ടി കുഴിച്ചിട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.