കുരുന്നുകൾക്ക് ക്രൂരമർദനം; പിതാവും സഹോദരീ ഭർത്താവും കസ്റ്റഡിയിൽ

നെടുങ്കണ്ടം: കുരുന്നു സഹോദരിമാർക്ക് ക്രൂര മർദനം. പിതാവിനെയും സഹോദരീ ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഞ്ചും ഏഴും വയസ്സുള്ള കുഞ്ഞുങ്ങളെയാണ് രക്ഷിതാക്കളുടെ മുന്നിൽവെച്ച് മർദിച്ചത്. മുണ്ടിയെരുമയിലാണ് സംഭവം. അഞ്ച് വയസ്സുകാരിയുടെ ദേഹത്ത് ഡസനോളം മുറിവുകളും ചതവുകളും ഏഴ് വയസ്സുകാരിയുടെ ശരീരത്തിൽ പത്തിലധികം ചതവുകളും മുറിവുകളുമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി 11.30 മുതൽ പുലർച്ച 1.30 വരെ കുട്ടികളുടെ ഉറക്കെയുള്ള നിലവിളിയും മുതിർന്നവരുടെ അട്ടഹാസവും കേട്ട് അയൽവാസികൾ ആശവർക്കറെ വിവരം അറിയിക്കുകയായിരുന്നു. ആശ വർക്കർ കുട്ടികൾ താമസിക്കുന്ന വീട്ടിലെത്തിയപ്പോഴാണ് അഞ്ച് വയസ്സുകാരിയുടെ മുഖത്ത് പൊള്ളലേറ്റ പാടും ഏഴ് വയസ്സുകാരിക്ക് നടക്കാനുള്ള ബുദ്ധിമുട്ടും ശ്രദ്ധയിൽപെട്ടത്. കുട്ടികളുടെ മാതാവ് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ്. ആശ പ്രവർത്തക പട്ടം കോളനി മെഡിക്കൽ ഓഫിസർ ഡോ.വി.കെ. പ്രശാന്തിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ആരോഗ്യ പ്രവർത്തകർ കുട്ടികളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് രണ്ട് കുട്ടികൾക്കും ദേഹമാസകലം മുറിവേറ്റത് കണ്ടെത്തിയത്.

മെഡിക്കൽ ഓഫിസർ പൊലീസിൽ വിവരം അറിയിച്ചതോടെ നെടുങ്കണ്ടം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. രക്ഷിതാവ് പെയിന്‍റിങ് തൊഴിലാളിയാണ്. ഇയാളുടെ സഹോദരീ ഭർത്താവിനൊപ്പം വാടകക്കാണ് ഇവർ താമസിക്കുന്നത്.

ജോലി കഴിഞ്ഞ് രക്ഷിതാവും ബന്ധുവും മദ്യലഹരിയിൽ രാത്രിയിലാണ് വരുന്നത്. നെടുങ്കണ്ടം എസ്.ഐ ടി.എസ്. ജയകൃഷ്ണനും സംഘവും സ്ഥലത്തെത്തി കുട്ടികളുടെ രക്ഷിതാവിനെയും ബന്ധുവിനെയും കസ്റ്റഡിയിലെടുത്തു. കുട്ടികളെ ശിശുസംരക്ഷണ സമിതിക്ക് കൈമാറാനുള്ള നീക്കത്തിലാണ് പൊലീസ്.

Tags:    
News Summary - Cruelty to children; Father and brother-in-law in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.