അമ്പലപ്പുഴ ക്ഷേത്രത്തിന് പണം നൽകിയതിൽ വിമർശനം, നാളെ പള്ളികൾക്കും സർക്കാർ പണം നൽകുമോയെന്ന് ജി. സുധാകരൻ

ആലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ അമിനിറ്റി സെന്‍റർ നിർമിക്കാൻ പണം നൽകിയതിൽ പൊതുമരാമത്ത് വകുപ്പിനും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരൻ. ഒരു ദേവാലയത്തിന് വേണ്ടി പണം മുടക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും നാളെ മുസ്ലിം പള്ളികളോ ക്രിസ്ത്യന്‍ ദേവാലയങ്ങളോ ആവശ്യപ്പെട്ടാല്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമോയെന്നും ജി. സുധാകരന്‍ ചോദിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തില്‍ അമിനിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

'നമ്മുടെ താലൂക്കിലാണ്. ആ ക്ഷേത്രത്തിനകത്ത് ഡീലക്‌സ് മുറികള്‍ പണിയാന്‍ പോവുകയാണ്. ഭരണഘടനാപരമായി ഒരു ദേവാലയത്തിനും പണം മുടക്കാന്‍ സര്‍ക്കാരിന് അധികാരം ഇല്ല. സര്‍ക്കാരിന് മതം ഇല്ല. ഇവിടെ നേതാക്കന്മാരുടെ പടമെല്ലാം അമ്പലത്തിനുള്ളില്‍ കൊണ്ടുവെച്ചിരിക്കുകയല്ലേ. ഇതൊക്കെ ശരിയായ കാര്യമാണോ.

അമ്പലം നോക്കാന്‍ ദേവസ്വം ബോര്‍ഡുണ്ട്. അവര്‍ക്ക് പൈസയുടെ കുറവുണ്ടെങ്കില്‍ സര്‍ക്കാരിനോട് ചോദിക്കാം. സര്‍ക്കാരിന് ദേവസ്വം ബോര്‍ഡിന് പൈസ കൊടുക്കാം. നേരിട്ട് ക്ഷേത്രത്തിന് കൊടുക്കാന്‍ അധികാരം ഇല്ല. നാളെ ഏതെങ്കിലും മുസ്ലിം പള്ളി ചോദിച്ചാലോ ക്രിസ്ത്യന്‍ പള്ളി ചോദിച്ചാലോ കൊടുക്കാന്‍ പറ്റുമോ?' എന്നായിരുന്നു ജി. സുധാകരൻ എസ്.എ.ന്‍ഡി.പി പരിപാടിയിൽ പ്രസംഗിച്ചത്.

കേന്ദ്രത്തിന്റെ പണം ഉപയോഗിച്ച് ഉത്തര്‍പ്രദേശില്‍ അമ്പലം പണിതതിനെ വിമര്‍ശിച്ചവരാണ് നമ്മളെന്നും ജി. സുധാകരന്‍ പറഞ്ഞു. ഡീലക്‌സ് മുറികള്‍ കേരളത്തിന് ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ദൂരപ്രദേശങ്ങളിൽ നിന്ന് ക്ഷേത്രദർശനത്തിന് എത്തുന്നവര്‍ക്ക് സൗകര്യം ഒരുക്കാനായാണ് അഞ്ച് കോടി രൂപ ചെലവില്‍ അമനെറ്റി സെന്റര്‍ നിര്‍മിക്കുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം.

Tags:    
News Summary - Criticism over money given to Ambalapuzha temple, G. Sudhakaran asks if the government will also give money to churches tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.