തിരുവനന്തപുരം: വൈസ് ചാൻസിലർ വിളിച്ച ഓൺലൈൻ യോഗത്തിലും കേരള സർവകാലാശാലയിലെ ഭരണപ്രതിസന്ധി പ്രകടം. വി.സി ഡോ. മോഹൻ കുന്നുമ്മലും സിൻഡിക്കേറ്റ് അംഗങ്ങളുമാണ് ‘ഓൺലൈനായി’ ഏറ്റുമുട്ടിയത്. പി.എം ഉഷ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടായിരുന്നു യോഗം. സിൻഡിക്കേറ്റിന്റെ ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. ജി. മുരളീധരനായിരുന്നു ക്ഷണം. ഇദ്ദേഹത്തിന് പുറമെ മൂന്ന് സിൻഡിക്കേറ്റ് അംഗങ്ങളും സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറും പങ്കെടുത്തു.
സബ് കമ്മിറ്റിയിലില്ലാത്തവർ പുറത്തുപോകണമെന്ന് വി.സി ആവശ്യപ്പെട്ടു. ഇതിനെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ചോദ്യംചെയ്തതോടെ വാക്കേറ്റമായി. തർക്കം മുറുകിയതോടെ വി.സി യോഗം പിരിച്ചുവിട്ടു. ഇതിനിടെ ഫയൽ നീക്കവുമായി ബന്ധപ്പെട്ട് ജീവനക്കാരെ വിളിച്ചുവരുത്തി രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ നിർദേശം നൽകിയതും വിവാദമായി.
ജി. മുരളീധരൻ, ഷിജൂഖാൻ എന്നിവരാണ് മുതിർന്ന ഉദ്യോഗസ്ഥരെ സിൻഡിക്കേറ്റ് മുറിയിലേക്ക് വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകിയത്. ഇതിനെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന ഭാരവാഹികൾ ചോദ്യംചെയ്തു.
ഒരു മാസത്തിലധികമായി സ്തംഭനത്തിലായ സർവകലാശാലയുടെ പ്രവർത്തനം സാധാരണ നിലയിലാക്കുന്നതിനെ തടസ്സപ്പെടുത്താനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിർക്കുമെന്ന് യൂനിയൻ ഭാരവാഹികൾ പറഞ്ഞു. എന്നാൽ സെലക്ഷൻ കമ്മിറ്റി യോഗമായിരുന്നു നടന്നതെന്നാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.