കരുവന്നൂർ: 117 കോടിയുടെ തട്ടിപ്പെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: ഇതുവരെ കരുവന്നൂർ സർവിസ് സഹകരണ ബാങ്കിൽ 117 കോടി രൂപയുടെ വായ്പ തട്ടിപ്പ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ. വ്യാജവായ്പകളെടുത്ത് പ്രതികൾ നിക്ഷേപകരെയും ബാങ്കിനെയും ചതിക്കുകയായിരുന്നു. 2011 മുതൽ നടന്ന തട്ടിപ്പിന്റെ മുഴുവൻ വിവരങ്ങളും കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നും ആറു മാസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്നും കേസുമായി ബന്ധപ്പെട്ട രേഖകൾ ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിലെ മുൻ ജീവനക്കാരനും തൃശൂർ പൊറത്തശ്ശേരി സ്വദേശിയുമായ എം. വി. സുരേഷ് നൽകിയ ഹരജിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എ ഉല്ലാസാണ് റിപ്പോർട്ട് നൽകിയത്. 192 വ്യാജ വായ്പകളാണ് ഇതുവരെ കണ്ടെത്തിയത്. ഇവയിൽ 98ൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ട്. ബാങ്കിലെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് 17 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനിൽ കുമാർ, മുൻ മാനേജർ എം.കെ. ബിജു, മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ്, മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ, പി.പി. കിരൺ, റബ്കോ കമീഷൻ ഏജന്റായിരുന്ന എ.കെ. ബിജോയി, സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റായിരുന്ന കെ. റെജി, ടി.എസ്. ബൈജു, എം.ബി. ദിനേശ്, വി.കെ. ലളിതകുമാർ, കെ.വി. സുഗതൻ, എൻ. നാരായണൻ, എ.എം. മുഹമ്മദ് അസ്ലം, സി.എ ജോസ്, എം.എ. ജിജോരാജ്, അമ്പിളി മഹേഷ്, സുമതി ഗോപാലകൃഷ്ണൻ, മിനി നന്ദൻ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 18 വരെയുള്ള പ്രതികൾ. മൂന്നാറിലും തേക്കടിയിലും റിസോർട്ടുകളടക്കം പ്രതികൾക്ക് 11 ബിസിനസ് സംരംഭങ്ങളുണ്ട്. ഇവയുടെ വിശദാംശങ്ങൾ ശേഖരിച്ചു വരികയാണ്. ഈടു നൽകിയ ഭൂമിയുടെ വില കൂട്ടിക്കാണിച്ചാണ് തട്ടിപ്പു നടത്തിയത്. ഭൂമിയുടെ വില പുനർനിർണയിക്കണം.

പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതികളുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് കണ്ടുകെട്ടാൻ അനുമതി ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും മരവിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. ബാങ്കിലെ എല്ലാ വായ്പാ അക്കൗണ്ടുകളും ഓഡിറ്റ് ചെയ്യണം. റബ്കോ ഔട്ട്‌ലെറ്റിൽ 13 ലക്ഷത്തിന്റെ കുറവു കണ്ടെത്തിയിട്ടുണ്ട്.

സൂപ്പർ മാർക്കറ്റിലെ ഒന്നരക്കോടി രൂപയുടെ ക്രമക്കേട് വിലയിരുത്താനും ഓഡിറ്റിങ് നടത്തണം. കർണാടകത്തിലോ തമിഴ്നാട്ടിലോ പ്രതികൾക്ക് ഭൂമിയുള്ളതായി അന്വേഷിച്ചു വരുന്നുണ്ട്. വിജിലൻസ് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Crime branch on karuvannur Bank scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.