സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കാനെത്തിയവരുടെ സിസിടിവി ദൃശ്യം കിട്ടി; നിർണായക തെളിവുകൾ ശേഖരിച്ച്‌ ക്രൈംബ്രാഞ്ച്‌

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ നിർണായക തെളിവുകൾ ശേഖരിച്ച്‌ ക്രൈംബ്രാഞ്ച്‌. ആശ്രമത്തിന്‌ സമീപത്തുള്ള വീട്ടിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ അക്രമികൾ വന്നുപോകുന്നത്‌ വ്യക്തമാണ്‌. ആശ്രമത്തിലെ സിസിടിവികൾ അക്രമത്തിന്‌ ആറ്‌ മാസം മുമ്പ്‌ പ്രവർത്തന രഹിതമായിരുന്നതിനാൽ പ്രതികൾ എത്തുന്ന ദൃശ്യങ്ങൾ ശേഖരിക്കാനായിരുന്നില്ല. ദൃശ്യങ്ങൾ ശേഖരിച്ച സാഹചര്യത്തിൽ പ്രതികളിലേക്ക്‌ എളുപ്പത്തിലെത്താനാകുമെന്ന പ്രതീക്ഷയിലാണ്‌ ക്രൈംബ്രാഞ്ച്‌.

2018 ഒക്ടോബർ 27ന്‌ പുലർച്ചെ രണ്ടരയ്‌ക്കാണ്‌ ആശ്രമത്തിന്‌ തീയിട്ടത്‌. 2.27നാണ്‌ ബൈക്കിൽ അക്രമികൾ എത്തുന്നത്‌. പത്ത്‌ മിനിറ്റിന്‌ ശേഷം മടങ്ങുന്നതും ദൃശ്യങ്ങളിൽ നിന്ന്‌ വ്യക്തമാണ്‌. തൊട്ടടുത്ത്‌ നിന്നുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളല്ല ലഭ്യമായിരിക്കുന്നത്‌. ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ കൈമാറിയാലേ ദൃശ്യങ്ങളിലുള്ള വ്യക്തികളെ തിരിച്ചറിയാൻ സാധിക്കൂ. ലഭ്യമായ ദൃശ്യങ്ങൾ ഫോറൻസിക്‌ ലാബിന്‌ കൈമാറാനുള്ള നടപടികളിലേക്ക്‌ ക്രൈം ബ്രാഞ്ച്‌ ഉടൻ കടക്കും. കൂടുതൽ സമീപ പ്രദേശങ്ങളിൽ സിസിടിവി ഉണ്ടായിരുന്നോ എന്നുള്ള പരിശോധനയും അന്വേഷണ സംഘം നടത്തുന്നുണ്ട്‌.

സംഭവം നടക്കുന്നതിന്‌ ആറ്‌ മാസം മുമ്പ്‌ ആശ്രമത്തിലെ സിസിടിവികൾ പ്രവർത്തന രഹിതമായിരുന്നു. അറ്റകുറ്റപ്പണികൾക്ക്‌ 65000 രൂപ ചെലവ്‌ വരുന്നതിനാൽ തൽക്കാലം പ്രവൃത്തി മാറ്റിവെച്ചിരുന്നു. സിസിടിവി അറ്റകുറ്റപ്പണിക്കെത്തിയ വ്യക്തിയുടെ മൊഴിയിലും ഇക്കാര്യമുണ്ട്‌. സിസിടിവി പ്രവർത്തനരഹിതമാണെന്നും സെക്യുരിറ്റി ഇല്ലായെന്നുമറിയുന്ന പ്രദേവാസികളായവർ തന്നെയാണ്‌ അക്രമത്തിന്‌ പിന്നിലെന്നാണ്‌ അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തിലുൾപ്പെട്ടുവെന്ന്‌ സഹോദരൻ വെളിപ്പെടുത്തിയ പ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതോടെ ഇക്കാര്യത്തിലും വ്യക്തത വരുമെന്നാണ്‌ അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. 

Tags:    
News Summary - Crime branch collects crucial evidence in Swami Sandipanandagiri ashram burning case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.