തലസ്ഥാനത്ത് വീണ്ടും പെൺകുട്ടികൾക്കുനേരെ അതിക്രമം

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പെൺകുട്ടികൾക്കുനേരെ വീണ്ടും അതിക്രമം. മ്യൂസിയം, വഞ്ചിയൂർ എന്നിവിടങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടതിന്‍റെ ഞെട്ടൽ വിട്ടുമാറുംമുമ്പാണ് സിവിൽ സ‍ർവിസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങിയ പെൺകുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ചത്.

മ്യൂസിയം പൊലീസിൽ പരാതി നൽകി അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽതപ്പുകയാണ്.

നവംബർ 26ന് രാത്രി എട്ടരയോടെ കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലായിരുന്നു സംഭവം. സിവിൽ സർവിസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന നാല് പെൺകുട്ടികളിൽ രണ്ടുപേർക്ക് നേരെയായിരുന്നു അതിക്രമം. ബൈക്കിലെത്തിയ ആൾ ബൈക്ക് സമീപത്ത് ഒതുക്കിയ ശേഷമാണ് കുട്ടികളെ കടന്നുപിടിച്ചത്.

അന്നുതന്നെ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെന്ന് പെൺകുട്ടികൾ പറയുന്നു. സംഭവം നടന്ന സ്ഥലത്ത് തെരുവുവിളക്ക് ഇല്ലാതിരുന്നതിനാൽ പ്രതിയുടെ മുഖമോ ബൈക്കിന്‍റെ നമ്പറോ തിരിച്ചറിയാനായില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, സമീപത്തെ സി.സി.ടി.വി കാമറകളിൽ പ്രതിയുടെ ദൃശ്യങ്ങളുണ്ടെങ്കിലും ആരെന്നതിൽ വ്യക്തത വന്നിട്ടില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം.  

Tags:    
News Summary - Crime against girls again in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.