'പോറ്റിയേ കേറ്റിയേ' പാരഡി ഗാനത്തിനെതിരെ സി.പി.എം പരാതി നൽകും

പത്തനംതിട്ട: 'പോറ്റിയേ കേറ്റിയേ'എന്ന പാരഡി ഗാനത്തിന് എതിരെ തെരഞ്ഞടുപ്പ് കമീഷന് പരാതി നൽകുമെന്ന് സി.പി.എം. ഈ ​ഗാനം അതി​ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. കോൺഗ്രസും ലീഗും ചേർന്ന് തെരഞ്ഞെടുപ്പിൽ സാമുദായി ധ്രുവീകരണത്തിന് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

പാട്ടില്‍ പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായി. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാകും പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുക.

'മതങ്ങളെയോ, മതസ്ഥാപനങ്ങളെയോ ദൈവങ്ങളെയോ മറ്റും പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടമുണ്ട്. അത് പരസ്യമായി ലംഘിച്ചുകൊണ്ടാണ് കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു പാട്ട് വോട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ഗുരുതരമായ ചട്ടലംഘനമാണ്.

പല സംഘടനകളും ഈ പാട്ടിനെതിരെ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പാട്ടുകള്‍ നാട്ടിലെ സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്നതാണെന്നും ഈ പാട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എവിടെയാണ് ഉപയോഗിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കുകയാണ്'- രാജു എബ്രഹാം പറഞ്ഞു.

അയ്യപ്പ ഭക്തി ഗാനത്തെ അവഹേളിക്കുന്ന പാരഡി ഗാനത്തിനെതിരെ നിയമ നടപടി വേണമെന്നാവശ്യപ്പെട്ട പ്രസാദ് കുഴിക്കാലയേയും സി.പി.എം പിന്തുണച്ചിരുന്നു. തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേതാവ് പ്രസാദ് കുഴിക്കാല തന്നെയാണെന്നും പാരഡി ഗാനത്തിനെതിരെ പരാതി നൽകാൻ കൂടുതൽ ഹൈന്ദവ സംഘടനകൾ ബന്ധപ്പെടുന്നുണ്ടെന്നും രാജു എബ്രഹാം അറിയിച്ചു.

ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരായ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുക്കിയ പാരഡി ഗാനം വൈറലായിരുന്നു. തെരഞ്ഞെടുപ്പ് വിധിയിൽ സ്വര്‍ണക്കൊള്ള നിർണായക ഘടകമായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പാട്ട് ഏറ്റുപാടി. പാർലമെന്‍റിലെ സമരത്തിനും കോൺഗ്രസ് നേതാക്കൾ ഈ പാട്ട് പാടിയിരുന്നു.

അയ്യപ്പന്‍റെ പേര് ഉപയോഗിക്കുകയും ശരണം വിളിക്കുകയും ചെയ്യുന്ന പാരഡി ഗാനം അയ്യപ്പ ഭക്തരുടെ മനസ്സിനെ വവേദനിപ്പിക്കുന്നതും വ്രണപ്പെടുത്തുന്നതുമാണെന്നാണ് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ പരാതി. ഇതിനെയാണ് സി.പി.എം പിന്തുണച്ചത്. 

Tags:    
News Summary - CPM to file complaint against 'Potiye Ketiye' parody song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.