വി.കെ ശ്രീകണ്ഠൻ, അബ്ദുൽ ഷുക്കൂർ
പാലക്കാട്: സി.പി.എം ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂറിനെ സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തി കൺവെൻഷന് എത്തിക്കുകയായിരുന്നു എന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. സി.പി.എം പോലെയൊരു പാർട്ടിയിൽ തുടരുക എളുപ്പമല്ല. ഷുക്കൂറിനെ കോൺഗ്രസിലേക്ക് കൊണ്ടുവരാനായി പ്രാദേശിക നേതാക്കൾ ഇടപെട്ട് ചർച്ച നടത്തിയിരുന്നുവെന്നും ശ്രീകണ്ഠൻ പറഞ്ഞു.
“കോൺഗ്രസ് ഔദ്യോഗികമായി ഷുക്കൂറിനെ കാണുകയോ പാർട്ടിയിലേക്ക് ക്ഷണിക്കുകയോ ചെയ്തിട്ടില്ല. സി.പി.എമ്മുമായി ഭിന്നത വന്നപ്പോൾ പ്രാദേശിക നേതാക്കൾ ബന്ധപ്പെട്ടു. നിലപാട് ഇന്നലെതന്നെ പ്രഖ്യാപിക്കുമെന്നും വൈകിട്ട് തീരുമാനം അറിയിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തി കൺവെൻഷന് എത്തിക്കുകയായിരുന്നു എന്നാണ് അറിഞ്ഞത്.
സി.പി.എമ്മിന്റെ നയങ്ങളിലും നേതൃത്വത്തിന്റെ ധാർഷ്ട്യത്തിലും എതിർപ്പ് അറിയിച്ച ഒരാൾ, ജില്ലാ സെക്രട്ടറിയുടെ പരസ്യ അധിക്ഷേപത്തെ തുടർന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിക്കുകയാണ്. മതേതര നിലപാടുള്ള ഒരാളായതിനാൽ സ്വാഭാവികമായും അദ്ദേഹത്തെ പ്രാദേശിക നേതൃത്വം സമീപിക്കും. ഞങ്ങളുടെയെല്ലാം സുഹൃത്തുകൂടിയാണ് അദ്ദേഹം” -വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
നേരത്തെ ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് ഷുക്കൂർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പാലക്കാട് നഗരസഭ കൗൺസിലറും പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററുമാണ് അബ്ദുൽ ഷുക്കൂർ. സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ടെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് ഷുക്കൂർ പറഞ്ഞു. പാർട്ടിക്ക് വേണ്ടി ആത്മാർഥമായാണ് താൻ പ്രവർത്തിച്ചത്. എന്നാൽ, പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തുകയാണ്.
ഒരുപാടായി സഹിക്കുകയാണ്. ജില്ല സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. ജില്ല സെക്രട്ടറിയുടെ പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ബോർഡുകൾ സ്ഥാപിച്ചില്ലെന്നും ചുമരെഴുതിയില്ലെന്നുമാണ് തനിക്കെതിരായ നേതൃത്വത്തിന്‍റെ കുറ്റാരോപണം. ഇതൊന്നും തന്നെ ഏൽപിച്ചിട്ടുള്ള കാര്യങ്ങളായിരുന്നില്ല. ബൂത്ത് സെക്രട്ടറിമാർ ചെയ്യാത്ത കാര്യങ്ങളിൽ തനിക്കുമേൽ കുറ്റം ചുമത്തുകയാണ്.
നാൽപതോളം പേരുള്ള യോഗത്തിലാണ് തന്നെ അവഹേളിച്ചത്. നിന്നെ കാണിച്ചു തരാമെന്ന് ഏതാനും ദിവസം മുമ്പ് സെക്രട്ടറി ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷം യോഗത്തിൽ അപമാനിച്ചു. സഹിച്ചു നിൽക്കാൻ സാധിക്കാത്തത് കൊണ്ട് പാർട്ടിയുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചതെന്നും ഷുക്കൂർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ജില്ല സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂർ ആരോപിച്ചു.
എന്നാൽ വൈകിട്ടോടെ മുതിർന്ന സി.പി.എം നേതാവ് എൻ.എൻ കൃഷ്ണദാസ് ഷുക്കൂറിന്‍റെ വീട്ടിലെത്തി സംസാരിച്ചതിനു ശേഷം ഷുക്കൂർ പാർട്ടി കൺവെൻഷനിൽ പങ്കെടുക്കുകയായിരുന്നു. തുടർ പ്രതികരണങ്ങൾക്ക് ഷുക്കൂർ തയാറായിട്ടില്ല. അതിനിടെ മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച് എൻ.എൻ കൃഷ്ണദാസ് രംഗത്തുവന്നത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.