അമ്പലപ്പുഴയും തളിപ്പറമ്പും പ്രത്യേകം പരിശോധിക്കും; സി.പി.എം സംസ്ഥാന സെക്രട്ടിയേറ്റ് ഇന്ന്

തിരുവനന്തപുരം: വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും ജയസാധ്യതകളും വിലയിരുത്താൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. ബൂത്ത് തലം മുതൽ ജില്ലാ കമ്മിറ്റികൾ വഴി ശേഖരിച്ച വോട്ട് കണക്കുകൾ കീറിമുറിച്ചുള്ള പരിശോധനയാണ് എ.കെ.ജി സെന്ററിൽ നടക്കുക. ഓരോ മണ്ഡലത്തിലും പാർട്ടിക്കുണ്ടായ വോട്ടുനേട്ടവും വോട്ട് ചോർച്ചയും യോഗം വിശദമായി വിലയിരുത്തും.

അതിശയോക്തി ഒഴിവാക്കി യാഥാർഥ്യബോധത്തോടെയുള്ള റിപ്പോർട്ടുകൾ നൽകാനാണ് ജില്ലാ കമ്മിറ്റികളോട് പാർട്ടി നിർദേശിച്ചിരുന്നത്. ഉറപ്പുള്ള വോട്ടുകൾ മാത്രം അടിസ്ഥാനമാക്കിയാണ് നിലവിലെ കണക്കെടുപ്പ്. സ്ത്രീ വോട്ടർമാരുടെ വർധിച്ച പങ്കാളിത്തം ഇത്തവണ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

പാർട്ടി വിട്ട ജി. സുധാകരൻ മത്സരിച്ച അമ്പലപ്പുഴയിലെയും, ടി.കെ. ഗോവിന്ദൻ പോരാട്ടത്തിനിറങ്ങിയ തളിപ്പറമ്പിലെയും വോട്ടുനില പാർട്ടി പ്രത്യേകം പരിശോധിക്കുന്നുണ്ട്. മുതിർന്ന നേതാക്കളുടെ വ്യക്തിപ്രഭാവം വോട്ടുകളെ സ്വാധീനിച്ചിട്ടുണ്ടോ എന്നും സംഘടനാ വോട്ടുകളിൽ വിള്ളലുണ്ടായോ എന്നുമുള്ള ആശങ്കകൾ യോഗം ചർച്ച ചെയ്യും. ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണവും പ്രധാന ചർച്ചാവിഷയമാകും.

ഭരണവിരുദ്ധ തരംഗമില്ലെന്നും സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറിയെന്നുമാണ് നേതാക്കളുടെ പ്രാഥമിക വിലയിരുത്തൽ. 75 മുതൽ 83 സീറ്റുകൾ വരെ നേടി എൽ.ഡി.എഫ് ഭരണത്തുടർച്ച ഉറപ്പാക്കുമെന്നാണ് സി.പി.എം നേതൃത്വത്തം കണക്കുകൂട്ടുന്നുണ്ട്.

Tags:    
News Summary - CPM State Secretariat to Meet Today for Post-Poll Analysis; LDF Confident of Retaining Power with Up to 83 Seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.