എം.വി. ഗോവിന്ദൻ

‘യുവതീപ്രവേശനം കഴിഞ്ഞ അധ്യായം, സി.പി.എം വിശ്വാസികൾക്കൊപ്പം’; അയ്യപ്പ സംഗമവുമായി മുന്നോട്ടെന്നും എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം കഴിഞ്ഞ അധ്യായമാണെന്നും സി.പി.എം വിശ്വാസികൾക്കൊപ്പമാണെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ പ്രീണനമാണ് ലക്ഷ്യമിടുന്നതെന്ന പ്രചരണം വർഗീയവാദികളുടേതാണ്. ഒരു വിശ്വാസത്തിനും എതിരായ നിലപാട് സ്വീകരിക്കുന്ന സമീപനം പാർട്ടിക്കില്ല. അയ്യപ്പ സംഗമവുമായി മുന്നോട്ടു പോകുമെന്നും വർഗീയവാദികളാണ് ഇതിന് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

“ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ താൽപര്യം പരിഗണിച്ച് ദേവസ്വം ബോർഡാണ് അയ്യപ്പ സംഗമം നടത്താൻ തീരുമാനിച്ചത്. അതിന് രാജ്യവ്യാപകമായി അംഗീകാരം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മതത്തേയും വിശ്വാസത്തേയും കൈകാര്യം ചെയ്യുന്നവർ വർഗീയവാദികളാണ്. ആ വർഗീയവാദികളാണ് അയ്യപ്പ സംഗമത്തിന് വ്യത്യസ്ത നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്നത്. അവർ വിശ്വാസത്തെ ഒരു ഉപകരണമാക്കുന്നു. ആ പ്രചരണത്തിനൊപ്പം നിൽക്കാൻ സി.പി.എമ്മില്ല. വിശ്വാസികൾക്കൊപ്പമാണ് ഞങ്ങൾ.

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദം കോടതി വിധിയുമായി ബന്ധപ്പെട്ട് ഉയർന്നതാണ്. ഇപ്പോൾ അതിലേക്ക് കടന്നുപോകേണ്ടതില്ല. അതെല്ലാം കഴിഞ്ഞുപോയ അധ്യായമാണ്. അതിനേക്കുറിച്ച് ഒന്നും പറയാനുദ്ദേശിക്കുന്നില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ പ്രീണനമാണ് ലക്ഷ്യമിടുന്നതെന്ന പ്രചരണം വർഗീയവാദികളുടേതാണ്. ഒരു വിശ്വാസത്തിനും എതിരായ നിലപാട് ഇന്നലെയും ഇന്നും നാളെയും സ്വീകരിക്കുന്ന സമീപനം പാർട്ടിക്കില്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വാസികളാണ്” -എം.വി. ഗോവിന്ദൻ പറഞ്ഞു.

വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽനിന്ന് മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ഹരജി നൽകിയതിൽ അഭിപ്രായം പറയാനില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഗവർണർക്ക് അത്തരത്തിൽ കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും വർഗീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനാണ് ഗവർണർ ലക്ഷ്യമിടുന്നത്. കോടതി വിധി വരുന്നതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്തർക്ക് എന്ത് ഗുണമെന്ന് പന്തളം കൊട്ടാരം

അതേസമയം, സെപ്റ്റംബർ 20ന് പമ്പയിൽ സർക്കാരും ദേവസ്വം ബോർഡും ചേർന്നു നടത്തുന്ന ആഗോള അയ്യപ്പ സംഗമം കൊണ്ട് അയ്യപ്പ ഭക്തർക്ക് എന്ത് ഗുണമുണ്ടെന്ന് വ്യക്തമാക്കണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. 2018 ലെ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്ത ഭക്തജനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും പൊലീസ് കേസുകളും എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നാണ് പന്തളം കൊട്ടാരം ആവശ്യപ്പെടുന്നത്. ഇനി ഒരിക്കലും ഭക്തജനങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്കും മേൽ 2018 ൽ സ്വീകരിച്ചതുപോലെ ഉള്ള നടപടികൾ ഉണ്ടാക്കില്ല എന്ന ഉറപ്പും ഭക്തജനങ്ങൾക്ക് നൽകാൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറാകണമെന്ന് കൊട്ടാരം നിർവാഹകസംഘം ജനറൽ സെക്രട്ടറി എം.ആർ. സുരേഷ് വർമ ആവശ്യപ്പെട്ടു.

ഭക്തജനസമൂഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കുവാനും അവരെ വിശ്വാസത്തിൽ എടുത്തും അവരുടെ അഭിപ്രായങ്ങൾ കൂടി കേട്ട് ഭക്തരുടെ വിശ്വാസങ്ങൾക്ക് കോട്ടം വരാതെ സംരക്ഷിച്ചെങ്കിൽ മാത്രമേ അയ്യപ്പ സംഗമത്തിന്റെ എല്ലാ ഉദ്ദേശ്യങ്ങളും സാധൂകരിക്കാൻ കഴിയു. യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സർക്കാരും ദേവസ്വം ബോർഡും നിലപാട് തിരുത്തി ആചാരം സംരക്ഷിക്കുന്നതിന് വേണ്ട രീതിയിലുള്ള മാറ്റം വരുത്തണം. കൊട്ടാരത്തിന് ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ല. ആചാരം സംരക്ഷിക്കുന്നതിന് ഭക്തജനങ്ങൾക്കൊപ്പം എക്കാലവും കൊട്ടാരം ഉണ്ടാകുമെന്നും സുരേഷ് വർമ പറഞ്ഞു.

Tags:    
News Summary - CPM State Secratary MV Govindan says, Party is with Believers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.