ചെങ്കൊടി ഉയർന്നു; സി.പി.എം സമ്മേളന ആരവത്തിലേക്ക് കൊല്ലം

കൊല്ലം: പതാക, ദീപശിഖ, കൊടിമര ജാഥകൾ സംഗമിച്ച ആശ്രാമം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ സ്വാഗത സംഘം ചെയർമാൻ കെ.എൻ. ബാലഗോപാൽ ചെങ്കൊടി ഉയർത്തിയതോടെ സി.പി.എം സംസ്ഥാന സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള മുതിർന്ന നേതാക്കളുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് പതാക ഉയർത്തിയത്.

സി. കേശവൻ മെമ്മോറിയൽ മുനിസിപ്പൽ ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഇന്ന് രാവിലെ ഒമ്പതിന് പതാക ഉയർത്തലിനും തുടർന്ന് രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനക്കും ശേഷം പാർട്ടി ദേശീയ കോഓഡിനേറ്ററും മുതിർന്ന പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

പ്രതിനിധി സമ്മേളന ചർച്ചകൾ വെള്ളിയും ശനിയും തുടരും. ശനിയാഴ്ച വിവിധ പ്രമേയാവതരണങ്ങളും നടക്കും. നവകേരളത്തിനുള്ള പുതുവഴികൾ എന്ന വികസന രേഖ പ്രതിനിധി സമ്മേളനത്തിൽ പ്രധാന ചർച്ചയാകും. പ്രതിനിധി സമ്മേളനത്തിന്‍റെ അവസാന ദിനമായ ഒമ്പതിന് ചർച്ചകൾക്കുള്ള മറുപടിയും റിപ്പോർട്ട് അംഗീകരിക്കലും അഭിവാദ്യ പ്രസംഗങ്ങളും നടക്കും.

തുടർന്ന്, സംസ്ഥാന കമ്മിറ്റിയെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തിരഞ്ഞെടുക്കും. ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണവും ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള ചർച്ചയും ഇതോടനുബന്ധിച്ച് നടക്കും. 38,426 ബ്രാഞ്ച് സമ്മേളനങ്ങളും 2444 ലോക്കൽ സമ്മേളനങ്ങളും 210 ഏരിയ സമ്മേളനങ്ങളും 14 ജില്ല സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിലേക്കെത്തിയത്.

സമ്മേളനത്തിന്‍റെ പരിസമാപ്തി കുറിച്ച് ഞായറാഴ്ച വൈകീട്ട് മൂന്നിന് കാൽ ലക്ഷം റെഡ് വളന്‍റിയർമാർ അണിനിരക്കുന്ന മാർച്ചും രണ്ടു ലക്ഷം പേർ പങ്കെടുക്കുന്ന പ്രകടനവും നടക്കും. റെഡ് വളന്‍റിയർ മാർച്ച് പീരങ്കി മൈതാനം, ഹൈസ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് ആശ്രാമത്ത് സമാപിക്കും. പ്രകടനം പീരങ്കി മൈതാനം, ശാരദാമഠം, കടപ്പാക്കട, ഹൈസ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് ആശ്രാമത്ത് സമാപിക്കും. വൈകീട്ട് അഞ്ചിന് ആശ്രാമം മൈതാനത്ത് പൊതുസമ്മേളനം നടക്കും.

Tags:    
News Summary - CPM State conference begins in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.