തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ നയസമീപനം സംബന്ധിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന കമ്മിറ്റിയാണ് ഞായറാഴ്ച ചേർന്നത്.
വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുന്ന പ്രാദേശിക രാഷ്ട്രീയ പാർട്ടികളുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുകയും സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യണമെന്നതാണ് പ്രധാന രാഷ്ട്രീയ ലൈൻ. കോൺഗ്രസ് സഖ്യത്തെ നേരത്തേ ശക്തമായി എതിർത്തിരുന്ന കേരള നേതൃത്വം ഇക്കുറി കാര്യമായ വിയോജിപ്പ് ഉയർത്തിയിട്ടില്ല.
ദേശീയതലത്തിൽ പരമാവധി സീറ്റുകൾ ഉറപ്പിക്കുക എന്നത് പാർട്ടിയുടെ നിലനിൽപ്പിന് അനിവാര്യമായതിനാൽ കേന്ദ്രനേതൃത്വത്തിന്റെ നിലപാടിന് അനുസരിച്ച് നീങ്ങാനാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം. ഇന്ത്യ മുന്നണിയുടെ സാധ്യതകളും നിലവിലെ വെല്ലുവിളികളും യോഗത്തിൽ ചർച്ച ചെയ്തു.
കേന്ദ്ര സർക്കാറിനെതിരെയുള്ള ഡൽഹി പ്രക്ഷോഭത്തെക്കുറിച്ച വിലയിരുത്തലും യോഗത്തിലുണ്ടായി. കേരളത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്ര നിലപാടിനെതിരെയായിരുന്നു പ്രക്ഷോഭമെങ്കിലും ദേശീയതലത്തിൽ പ്രതിപക്ഷ നേതാക്കളെ അണിനിരത്താനുള്ള വേദിയായി സമരമുഖം മാറി.
കോൺഗ്രസ് ദേശീയ നേതൃത്വത്തിന് താൽപര്യമുണ്ടായിരുന്നെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടാണ് തടസ്സപ്പെടുത്തിയത്. ഇക്കാര്യത്തിൽ കേന്ദ്രത്തോടുള്ള കോൺഗ്രസിന്റെ മൃദുസമീപനം ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടും. കോൺഗ്രസ് സമരാഗ്നി യാത്രയിൽ ലീഗിനെ അവഗണിച്ചത് രാഷ്ട്രീയ പ്രചാരണമായി ഉയർത്താനും ധാരണയായി. രണ്ടു ദിവസങ്ങളിലാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നതെങ്കിലും തിങ്കളാഴ്ചയിലെ യോഗം വെട്ടിക്കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.