തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിരന്തരം നടത്തിവന്ന മുസ്‍ലിംവിരുദ്ധ പ്രചാരണങ്ങളെയും വർഗീയ നിലപാടുകളെയും പാർട്ടി ഭയപ്പാടോടെ നോക്കിനിന്നത് വൻ വീഴ്ചയായെന്ന് സി.പി.എം. വെള്ളാപ്പള്ളിയുടെ തീവ്ര മുസ്‍ലിംവിരുദ്ധതയെ കൃത്യസമയത്ത് പ്രതിരോധിക്കാതിരുന്നത് വലിയ തെറ്റായിപ്പോയെന്ന് മുൻമന്ത്രിയും മുതിർന്ന നേതാവുമായ വി.എൻ. വാസവൻ തുറന്നുപറഞ്ഞു. സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഗുരുതര വീഴ്ച വാസവൻ പരസ്യമായി സമ്മതിച്ചത്.
അതേസമയം, തിരുവനന്തപുരം ജില്ലയിൽ നടന്ന ഏരിയാ കമ്മിറ്റി യോഗങ്ങളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നത്.
നവോത്ഥാന നായകനായ കുമാരനാശാനെക്കാൾ കേമനാണ് വെള്ളാപ്പള്ളി നടേശനെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് ശുദ്ധ അസംബന്ധവും ഇടതുപക്ഷ മൂല്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് യോഗത്തിൽ പ്രതിനിധികൾ ആഞ്ഞടിച്ചു. ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വർഗീയ ശക്തികളുമായി സി.പി.എം നേതൃത്വം നടത്തിയ അവിശുദ്ധ വിട്ടുവീഴ്ചകളാണ് തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ തിരിച്ചടിയായതെന്ന വിലയിരുത്തലും ചർച്ചകളിൽ ഉയർന്നു വന്നു.
പാർട്ടിക്കുള്ളിലെ വലതുപക്ഷ വ്യതിയാനവും ബി.ജെ.പി വിധേയത്വവും തുറന്നുകാട്ടുന്നതായിരുന്നു ഏരിയാ കമ്മിറ്റിയിലെ മറ്റ് വിമർശനങ്ങളും. ബി.ജെ.പിയുടെ സ്ഥാനാർഥിയായി മത്സരിക്കാൻ നീക്കം നടത്തിയ ഒരു ജില്ലാ കമ്മിറ്റി അംഗത്തെ പാർട്ടി നേതൃത്വം സംരക്ഷിച്ചതിനെതിരെ അണികൾ കടുത്ത രോഷം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.