തിരുവനന്തപുരം: നിലമ്പൂർ ജനവിധിയിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഭരണവിരുദ്ധവികാരം പ്രതിഫലിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തൽ. പ്രതീക്ഷിച്ചതിനൊത്ത് വോട്ടുവിഹിതം വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
എങ്കിലും അടിസ്ഥാന വോട്ടുകളിൽ കാര്യമായ കുറവില്ല. ഇടതുമുന്നണിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ട് പി.വി. അൻവറിന് പോയതായാണ് ബൂത്തുതല കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനെ ഗൗരവത്തിൽ കാണണമെന്നും യോഗം വിലയിരുത്തിയതായാണ് വിവരം.
വ്യാഴം, വെള്ളി ദിവസങ്ങളിലായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗവും തെരഞ്ഞെടുപ്പ് തോൽവി ചർച്ചചെയ്യും. അനിവാര്യഘട്ടത്തിൽ ആർ.എസ്.എസുമായി സി.പി.എം കൂട്ടുകൂടിയെന്ന വോട്ടെടുപ്പിന്റെ അവസാന നാളിലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയിൽ സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നേക്കും. നേരത്തെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതുമായി ബന്ധപ്പെട്ട് ഗോവിന്ദനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട ശിൽപശാലയിൽ മുഖ്യമന്ത്രി പിണറായി വിജയനും പരോക്ഷമായി ഗോവിന്ദനെതിരെ വിമർശനമുന്നയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തേണ്ട മുന്നൊരുക്കങ്ങളുടെ മാർഗരേഖ സംസ്ഥാന കമ്മിറ്റി യോഗം തയാറാക്കും. ഇതിനനുസരിച്ചായിരിക്കും ജില്ലതല ശിൽപശാല സംഘടിപ്പിക്കലും പ്രാദേശിക തലത്തിൽ എൽ.ഡി.എഫ് കമ്മിറ്റികളെ സജീവമാക്കലും കരട് പട്ടിക പ്രസിദ്ധീകരിച്ചശേഷമുള്ള വോട്ട് ചേർക്കലുമെല്ലാം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.