'ഹരിത' വിഷയം നിയമസഭയിൽ ഉന്നയിച്ച് ഭരണപക്ഷം; ചോദ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: മുസ് ലിം ലീഗ് വിദ്യാർഥിനി സംഘടനയായ ഹരിതയിലെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിച്ച് ഭരണപക്ഷം. ചോദ്യോത്തരവേളയിൽ ഭരണപക്ഷ അംഗമായ പി.പി. ചിത്തരഞ്ജനാണ് ഹരിതയുടെ പേരെടുത്ത് പറയാതെ വിഷയത്തിൽ ചോദ്യം ഉന്നയിച്ചത്. ഇത് സഭക്കുള്ളിൽ പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവെച്ചു.

''സ്ത്രീക്ക് വേണ്ടിയും ആത്മാഭിമാന ക്ഷതത്തിനുമെതിരെയും പ്രതികരിച്ചതിനെതിരെ സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വം ആ പാർട്ടിയിലെ വനിതാ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കുകയും കൂടുതൽ അവഹേളനത്തിന് ഇരയാക്കുകയും ചെയ്തത് മൂലം സമൂഹത്തിൽ ഉളവായിട്ടുള്ള പൊതുബോധം മാറ്റിയെടുക്കാൻ സർക്കാർ തയാറാകുമോ'' എന്നതായിരുന്നു പി.പി. ചിത്തരഞ്ജന്‍റെ ചോദ്യം.

ലീഗിനെ ലക്ഷ്യമിട്ടുള്ള ഭരണപക്ഷ അംഗത്തിന്‍റെ ചോദ്യത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. വിഷയത്തിൽ ഇടപെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. വിഷയം ഒരു പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. അത്തരം കാര്യങ്ങൾ സഭയിൽ ചോദ്യോത്തരമാക്കി മാറ്റി രാഷ്ട്രീയ ചേരിപ്പോര് നടത്തരുത്. ദുരുദ്ദേശപരമായ ചോദ്യങ്ങൾ പാടില്ലെന്ന് സഭാ നടപടിചട്ടത്തിൽ പറയുന്നുണ്ട്. അത് ലംഘിക്കുകയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തി അതിൽ പരിഹാരം കാണാനുള്ള വേദിയാണ് ചോദ്യോത്തരവേളയെന്നും സതീശൻ ചൂണ്ടിക്കാട്ടി.

എന്നാൽ, ചോദ്യം റദ്ദാക്കണമെന്ന സതീശന്‍റെ ആവശ്യം സ്പീക്കർ എം.ബി. രാജേഷ് അംഗീകരിച്ചില്ല. ചോദ്യം ഉന്നയിച്ച അംഗം എഴുതി തന്നാൽ മാത്രമെ റദ്ദാക്കാൻ സാധിക്കൂ. പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയം ഗൗരവമുള്ളതു കൊണ്ടാണ് മുമ്പ് റൂളിങ് നൽകിയതെന്നും സ്പീക്കർ വ്യക്തമാക്കി. ഇതേതുടർന്ന് പ്രതിപക്ഷ അംഗങ്ങൾ സഭക്കുള്ളിൽ ബഹളം വെക്കുകയായിരുന്നു.

പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്ന സ്ത്രീവിരുദ്ധ ഇടപെടലിൽ നിന്ന് രാഷ്ട്രീയപാർട്ടികൾ മാറിനിൽക്കണമെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നൽകി. ഇതാണ് സർക്കാർ നിലപാട്. സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള പദ്ധതികൾ സർക്കാർ നടത്തുന്നുണ്ട്. സ്ത്രീ സുരക്ഷക്കുള്ള നിയമപരിരക്ഷ, സേവനങ്ങൾ എന്നിവ സംബന്ധിച്ച ബോധവത്കരണം നൽകി വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എം.എസ്​.എഫ്​ സംസ്​ഥാന പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്‍റ്​ പി​.കെ നവാസ്​ അശ്ലീല പരാമർശം നടത്തിയെന്ന്​ കാണിച്ച്​ 'ഹരിത' ഭാരവാഹികൾ മുസ്​ലിം ലീഗ് സംസ്ഥാന​ നേതൃത്വത്തിന്​ പരാതി നൽകിയതാണ് പാർട്ടിയിൽ പുതിയ വിവാദത്തിന് വഴിച്ചത്. എന്നാൽ, ഈ പരാതിയിൽ ലീഗ് നേതൃത്വം നടപടി എടുക്കാത്തതിനാൽ ഹരിത ഭാരവാഹികൾ വനിത കമീഷന്​ പരാതി നൽകിയതോടെ വിഷയം പൊതുചർച്ചയായി.

വിഷയം ഉയർത്തി സി.പി.എം യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ ലീഗിനെതിരെ രംഗത്തുവരികയും ചെയ്തു. ഇതേ തുടർന്ന്​ ലീഗ്​ നേതൃത്വം പ്രശ്നപരിഹാരത്തിനായി നടത്തിയ ഇടപെടലുകൾ ഫലം കണ്ടില്ല. തുടർന്ന്​, ഹരിത സംസ്ഥാന കമ്മിറ്റിയെ ആദ്യം മരവിപ്പിക്കുകയും പിന്നീട്​ പിരിച്ചുവിടുകയും ചെയ്​ത ലീഗ്​ സംസ്​ഥാന നേതൃത്വം നേരിട്ട്​ പുതിയ ഭാരവാഹികളെ നിയമിക്കുകയും ചെയ്​തു.

ഈ വിവാദങ്ങൾക്കിടെ ഹരിതയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ്​ ഫാത്തിമ തഹ്​ലിയ കോഴിക്കോട് വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതേ തുടർന്ന്​ വൈസ്​ പ്രസിഡന്‍റ്​ സ്​ഥാനത്ത്​ നിന്ന്​ തഹ്​ലിയയെ നീക്കി. പിന്നാലെ, ഹരിത നേതാക്കൾക്ക് നീതി കിട്ടിയില്ലെന്ന് ആരോപിച്ച എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി. ഷൈജലിനെയും പദവികളിൽ നിന്ന് നീക്കിയിരുന്നു.

കോഴിക്കോട് വെള്ളയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെമ്മങ്ങാട് ഇൻസ്പെക്ടർ സി. അനിത കുമാരി ഹരിത ഭാരവാഹികളിൽ നിന്ന് മൊഴിയെടുപ്പ് പൂർത്തിയാക്കി. തുടർന്ന് പി.കെ. നവാസിന്‍റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽവിട്ടു.

Tags:    
News Summary - CPM raised the issue of 'Haritha' in the kerala assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.