'കൈയും വെട്ടും കാലും വെട്ടും, വേണ്ടി വന്നാൽ തലയും വെട്ടും, വല്ലാതങ്ങ് കുരച്ചാൽ.. കുന്തിപ്പുഴയുടെ തീരത്ത് ഐആർ.എട്ടിന് വളമാക്കും'; പി.കെ. ശശിക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രകടനം

പാലക്കാട്: സി.പി.എം പ്രദേശിക നേതാക്കൾക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച സി.പി.എം നേതാവും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശിക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രകടനം.

'ബിലാലുമാരുടെ ചെരിപ്പ് നക്കികൾ ഞങ്ങടെ നേരെ പോരിന് വന്നാൽ തച്ചു തകർക്കും സൂക്ഷിച്ചോ...ഞങ്ങൾക്കുണ്ടൊരു പരിപാടി. അരിവാൾ കൊണ്ടൊരു പരിപാടി. കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും. ബിലാൽ എന്നൊരു വേട്ടപട്ടി വല്ലാതങ്ങ് കുരച്ചാൽ കുന്തിപ്പുഴയുടെ തീരത്ത് ഐ.ആർ.എട്ടിന് വളമാക്കും. സി.പി.എമ്മാ പറയുന്നെ'- മണ്ണാർക്കാട് നഗരത്തിൽ ഏരിയ സെക്രട്ടറി എൻ.കെ നാരയണൻ കുട്ടി ഉൾപ്പെടെ പങ്കെടുത്ത പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യമാണിത്.

കഴിഞ്ഞ ദിവസം, മണ്ണാർക്കാട് ന​ഗരസഭയിലെ അഴിമതിക്കെതിരെ പാർട്ടി സ്വീകരിച്ച നിലപാടിനെതിരെ ശശി വിമർശനം ഉന്നയിച്ചിരുന്നു. മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പങ്കെടുത്തായിരുന്നു വിമർശനം.

'കൊച്ചി പഴയ കൊച്ചിയല്ല, എന്നാല്‍ ബിലാല് പഴയ ബിലാല്‍ തന്നെയെന്ന് ' പി.കെ ശശി പറഞ്ഞു. അഴിമതിയെ ആരും പിന്തുണക്കാറില്ല. അഴിമതിയെ തുറന്ന് കാണിക്കുകതന്നെ വേണം. അതേസമയം അഴിമതി ആരോപിക്കുന്നവര്‍ പരിശുദ്ധരായിരിക്കണം. അത് തെളിയിക്കാന്‍ കഴിയണം. മാലിന്യകൂമ്പാരത്തില്‍ കിടക്കുന്നവന്‍ മറ്റൊരാളുടെ വസ്ത്രത്തിലെ കറുത്തപുള്ളിയെ ചൂണ്ടിക്കാണിക്കുന്നത് മ്ലേച്ഛകരമാണ്. എല്ലാം സോഷ്യല്‍ ഓഡിറ്റ് ചെയ്യപ്പെടണം. ഒറ്റകാര്യമേ പറയാനുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് മമ്മൂട്ടി ചിത്രമായ ബിഗ്ബിയിലെ പ്രശസ്തമായ ഡയലോഗ് വേദിയില്‍ പറഞ്ഞത്. നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ശശിയുടെ പ്രസംഗം. 

അച്ചടക്ക നടപടിയുടെ ഭാഗമായി പി.കെ.ശശിയെ സി.പി.എം ജില്ല സെക്രട്ടേറിയറ്റിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് പി.കെ.ശശിയെ വിളിച്ചതിൽ സി.പി.എമ്മിൽ മുറുമുറുപ്പുണ്ടായിരുന്നു. പ്രസംഗത്തിലെ ശശിയുടെ വിമർശനം സി.പി.എമ്മിന് സാരമായ മുറിവേറ്റുവെന്ന് തെളിയിക്കുന്നതാണ് കൊലവിളി മുദ്രാവക്യമുൾപ്പെടെയുള്ള പ്രകടനം.

പി. കെ ശശിക്ക് മുന്നറിയിപ്പുമായി സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം പി.എം ആർഷോയും രംഗത്തെത്തി. ഏതെങ്കിലും തമ്പുരാന്റെ വാക്ക് കേട്ട് ഇറങ്ങിയാൽ രണ്ട് കാൽ കുത്തി നടക്കില്ലെന്ന് ആർഷോ പറഞ്ഞു.  

Full View


Tags:    
News Summary - CPM protest against PK Sasi in Mannarkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.