സ്വർണക്കൊള്ള: സാങ്കേതികത്വം പറഞ്ഞ് പത്മകുമാറിന് ‘സംരക്ഷണ’മൊരുക്കി സി.പി.എം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം എ. പത്മകുമാറിനെ സാങ്കേതികത്വം പറഞ്ഞ് ‘സംരക്ഷിച്ച്’ സി.പി.എം. മുൻ എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ പത്മകുമാറിനെ ഇപ്പോൾ കുറ്റവാളിയായി കാണേണ്ടെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിലപാട്. അറസ്റ്റിലായെന്നുകരുതി കുറ്റവാളിയാകുന്നില്ലെന്നും കേസിന്‍റെ വിചാരണയടക്കം പൂർത്തിയാക്കി കോടതി ശിക്ഷ വിധിക്കുമ്പോഴാണ് കുറ്റക്കാരനാകുന്നതെന്നുമുള്ള സാങ്കേതികത്വമാണ് ന്യായീകരണമായി പാർട്ടി മുന്നോട്ടുവെക്കുന്നത്.

അന്വേഷണം പൂർത്തിയായി വിശദാംശങ്ങൾ വന്നശേഷം വസ്തുത പരിശോധിച്ചാണ് പത്മകുമാറിനെതിരെ പാർട്ടി നടപടി സ്വീകരിക്കുകയെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യംചെയ്യൽ വേളയിൽ പത്മകുമാർ മുൻ ദേവസ്വം മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കടകംപള്ളി സുരേന്ദ്രനെതിരെ മൊഴിനൽകുമോ എന്നതടക്കം ആശങ്കയും സി.പി.എമ്മിനുണ്ട്ഇതെല്ലാം മുൻനിർത്തിയാണ് പത്മകുമാറിന്‍റെ കാര്യത്തിൽ തള്ളുകയും കൊള്ളുകയും ചെയ്യാത്ത നിലപാട് പാർട്ടി കൈക്കൊണ്ടത്.

2019ൽ ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പടി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈാമറിയത് പത്മകുമാർ പ്രസിഡന്‍റായ ദേവസ്വം ബോർഡിന്‍റെ ഒത്താശയിലാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ഇക്കാര്യത്തിൽ അന്ന് ദേവസ്വം മന്ത്രിയോ അദ്ദേഹത്തിന്‍റെ ഓഫിസോ ഇടപെട്ടതായി പത്മകുമാർ അന്വേഷണ സംഘത്തോട് പറഞ്ഞാൽ തെരഞ്ഞെടുപ്പിനിടയിൽ കടകംപള്ളിയെ എസ്.ഐ.ടി ചോദ്യംചെയ്യും. ഇതോടെ ബോർഡിനപ്പുറം പാർട്ടിയും സർക്കാറും പ്രത്യക്ഷത്തിൽതന്നെ സ്വർണക്കൊള്ളയിൽ പ്രതിക്കൂട്ടിലാവും. തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയുമാകും. കൂടാതെ മൂന്നാം സർക്കാറിലേക്കുള്ള സി.പി.എമ്മിന്‍റെ വഴിയിലെ കല്ലും മുള്ളുമായി ശബരിമല സ്വർണക്കൊള്ള മാറുമെന്നും ഉറപ്പാണ്.

Tags:    
News Summary - cpm protecting padmakumar on gold sabarimala gold missing row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.