സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം എസ്.അജയകുമാർ, സി.പി.ഐ പാലക്കാട് ജില്ല സെക്രട്ടറി സുമലത മോഹൻദാസ്
പാലക്കാട്: ഉത്തരംതാങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സി.പി.ഐക്കാർക്കുള്ളതെന്നും ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറുന്നതെന്നും സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് അംഗം എസ്.അജയകുമാർ.
സി.പി.എം-സി.പി.ഐ പോര് നടക്കുന്ന ഒറ്റപ്പാലം മണ്ണൂരിലെ ഒരു പൊതുയോഗത്തിലാണ് അജയകുമാർ സി.പി.ഐ രൂക്ഷമായി വിമർശിച്ചത്. തോറ്റാൽ പൂർണ ഉത്തരവാദിത്വം സി.പി.എമ്മിനും ജയിച്ചാൽ ക്രെഡിറ്റ് സി.പി.ഐക്കുമാണ് എന്നതാണ് സമീപനം. സംസ്ഥാനത്ത് അഞ്ച് ശതമാനം വോട്ട് മാത്രമേയുള്ളു സി.പി.ഐക്ക്. ഒരു മണ്ഡലത്തിലും ഒറ്റക്ക് നിന്നാൽ ജയിക്കാൻ കഴിയില്ല. എവിടെയെങ്കിലും നാല് സി.പി.ഐക്കാർ ഉള്ളിടത്ത് അഞ്ച് സീറ്റ് ചോദിക്കുമെന്നും എസ്.അജയകുമാർ കുറ്റപ്പെടുത്തി.
അതേസമയം, ഈ പ്രസ്താവനക്കെതിരെ സി.പി.ഐ പാലക്കാട് ജില്ല സെക്രട്ടറി സുമലത മോഹൻദാസ് രംഗത്തെത്തി. നിലവാരം കുറഞ്ഞ പ്രസ്താവനയാണ് എസ്.അജയകുമാർ നടത്തിയതെന്നും മാനസിക വിഭ്രാന്തിയാണ് ഇതിന് പിന്നിലെന്നും ഇതിന് സി.പി.എം തടയിടണമെന്നും സുമലത മോഹൻദാസ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് സി.പി.ഐ നേരത്തെ വിലയിരുത്തിയിരുന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലായിരുന്നു വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.