കോഴിക്കോട്: ഒരു മാസം പിന്നിട്ട ആശ വർക്കർമാരുടെ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം മുഖപത്രം ദേശാഭിമാനി. സമര നേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുന്നുവെന്നും സമരത്തിന്‍റെ പൊള്ളത്തരം ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരുന്നുവെന്നും മുഖപ്രസംഗം പറയുന്നു.
ഇത്രയും പിന്തിരിപ്പൻ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി പ്രതിനിധികളെയാണ് തിരുവനന്തപുരത്ത് ആശമാരുടെ പേരിൽ നടക്കുന്ന സമരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നത്. കേന്ദ്രത്തിനാണ് ഉത്തരവാദിത്വം എന്നറിയാമായിരുന്നിട്ടും അതെല്ലാം മറച്ചുവച്ച് സംസ്ഥാന സർക്കാറിനെതിരെ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വെളിച്ചത്തുവരുന്നു. അടിക്കടി ആവശ്യങ്ങൾ മാറ്റുന്ന സമരനേതൃത്വം ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം മറച്ചുപിടിക്കാനാണ് ശ്രമിച്ചത്. പാർലമെന്റിലെ സംഭവ വികാസങ്ങൾ ഇവരുടെ ശ്രമം പൊളിച്ചടുക്കി.
തിരുവനന്തപുരം സമരവേദിയിൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ പിന്തുണയുമായി എത്തിയെങ്കിലും പാർലമെന്റിൽ കേന്ദ്ര നിലപാടിലെ വഞ്ചന തുറന്നുകാട്ടപ്പെട്ടു. കഠിനമായി പണിയെടുക്കുന്ന ആശമാർക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്. ഈ ദിശയിൽ ആദ്യം വേണ്ടത് ആശമാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുക എന്നതാണ്.
മിനിമം വേതനവും പെൻഷനും ഉറപ്പാക്കാൻ ഈ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. ഇടതുപക്ഷത്തെ കരിവാരിത്തേക്കാൻ വഴിയിൽ കിട്ടുന്ന എന്തും എടുത്ത് ഉപയോഗിക്കുന്നവർ ഇത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രനയം തിരുത്താൻ യോജിച്ച സമരത്തിന് എല്ലാവരും തയാറാകണമെന്നും മുഖപ്രസംഗം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.