സി.പി.എം ‘കടന്നലുകൾ’ ഒടുവിൽ ബിനീഷ് കോടിയേരിയെയും തേടിയെത്തി; ‘മരിച്ചാൽ പാർട്ടി പതാക പുതുക്കുന്നത് എന്തിനാണെന്ന് അറിയുമോ സഖാവിന്?’

കണ്ണൂർ: കടന്നലുകൾ എന്നപേരിൽ സൈബർ ലോകത്ത് അറിയപ്പെടുന്ന സി.പി.എം പോരാളികളെ നയിച്ച, അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഒടുവിൽ ‘കടന്നലു’കളുടെ കൂട്ട ആക്രമണം. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തോൽപിച്ച് തളിപ്പറമ്പിൽ സി.പി.എമ്മിന് കനത്ത തിരിച്ചടി നൽകിയ ടി.കെ. ഗോവിന്ദന് സ്വന്തം വീട്ടിൽ സ്വീകരണം നൽകിയതിന്റെ പേരിലാണ് സൈബർ ആക്രമണം. ഇന്നലെയാണ് ടി.കെ. ഗോവിന്ദനും ഭാര്യയും കോടിയേരിയുടെ വീട്ടിലെത്തിയത്. ഇത് ആയിരക്കണക്കിന് സഖാക്കളെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് സൈബർ ഇടങ്ങളിൽ ഉയരുന്ന വിമർശനം

തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത സഖാക്കളുടെ നെഞ്ചിൽ ചവിട്ടിയാണ് ഈ 'നാടകം' അരങ്ങേറിയതെന്ന് അണികൾ കുറ്റപ്പെടുത്തുന്നു. മുസ്‍ലിം ലീഗിന്റെ വോട്ട് വാങ്ങി ജയിച്ച ഒരാളെ, കമ്മ്യൂണിസ്റ്റുകാർ ഈ ജന്മം നേരെയാകില്ലെന്ന് പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെ കോടിയേരിയുടെ വീട്ടിൽ മടിയിൽ കയറ്റി ഇരുത്തിയത് എന്ത് ആശയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അണികൾ ചോദിക്കുന്നു. ടി.കെ. ഗോവിന്ദൻ നടത്തിയ പുഷ്പാർച്ചന വെറും അഭിനയമാണെന്നും അതിന് ബിനീഷ് കോടിയേരി കൂട്ടുനിന്നുവെന്നും വിമർശനമുണ്ട്. കോടിയേരി ബാലകൃഷ്ണൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇത്തരം വഞ്ചകർക്കായി ആ വീടിന്റെ ഗേറ്റ് പോലും തുറക്കില്ലായിരുന്നുവെന്നാണ് പ്രവർത്തകർ പറയുന്നത്.

‘മരിച്ചാൽ പാർട്ടി പതാക പുതുക്കുന്നത് എന്തിനാണെന്ന് അറിയുമോ സഖാവിന്? ഈ ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത് ഒരു പാർട്ടി അംഗം ചെയ്ത എല്ലാവിധ കാര്യങ്ങളുടേയും ഉടമസ്ഥാവകാശം പാർട്ടിയുടേത് മാത്രമാണ് എന്ന പ്രഖ്യാപനം ആണത്.. അവിടെ ഭാര്യക്കോ മകനോ പോലും അവകാശമില്ല എന്ന സന്ദേശമാണ്’

‘ലീഗിന്റെ വോട്ട് വാങ്ങി ജയിച്ച ആളെ ഈ ദിവസം തന്നെ മടിയിൽ കയറ്റി ഇരുത്തിയത് ലീഗിന്റെ എന്ത്‌ ആശയപരമായ കാര്യങ്ങൾ കണ്ടിട്ട് ആണ്... യഥാർത്ഥ വോട്ടുകൾ ഇനിയും പോകും നിങ്ങൾ ഒന്നും ഈ ജന്മത്ത് നേരെ ആവാൻ പോകുന്നില്ല എന്ന പ്രസ്താവന നടത്തിയിട്ടാണ് നേരെ കോടിയേരി യുടെ വീട്ടിലേക്ക് ഗോവിന്ദൻ വന്നത് ഇതൊക്കെ സാധാരണ ജനങ്ങൾ കാണുന്നുണ്ട് ആ നിങ്ങൾ ആവും പോലെ എന്തെങ്കിലും ഒക്കെ കാണിക്ക് നമ്മൾ ഇവിടെ ഒക്കെ തന്നെ ഉണ്ടാവും എന്തായാലും ഇനി ഫോളോ ചെയ്യുന്നില്ല ലാൽസലാം’

‘പിന്നിൽ നിന്ന് കുത്തിയവർ എപ്പോഴും കുലംകുത്തികളായി ശ്രമിച്ചുകൊണ്ടേയിരിക്കും’

‘എപ്പോഴും തന്തയെ മാത്രം പൊക്കിയടിച്ചു നടന്നാൽ മതിയോ? തൻ​േറേതായ വ്യക്തി മുദ്ര എന്തെങ്കിലും ഈ പാർട്ടിക്ക് വേണ്ടി ചെയ്തോ?’

‘ഗോവിന്ദന്റെ ചുമലിൽ കൈ വെച്ചുള്ള ആ ചിരി അത് ആയിരക്കണക്കിന് സഖാക്കളെ പരിഹസിച്ചുള്ള ചിരി പോലെ തോന്നി’

‘ഒന്നാം കടന്നൽ രാജയായ അൻവറിക്കക്ക് ഇനി വിശ്രമ നാളുകളാണ്. രണ്ടാം കടന്നലിനും ആ കൂട് തന്നെയാണ് ചേരുക. ഞങ്ങൾ സാധാ പാർട്ടിക്കാർക്ക് ഒരു വൈകാരികതയുമില്ല, പാർട്ടി വിരുദ്ധർ കുലംകുത്തികൾ തന്നെയാണ്. AKG യുടെയും കൃഷ്ണപിള്ളയുടെയും EMS ൻ്റെയും കോടിയേരിയുടെയും പിൻമുറക്കാരായ ഞങ്ങൾ അവരേൽപിച്ച ദീപശിഖ കെടാതെ സൂക്ഷിക്കും.’

‘സഖാവ് കോടിയേരിയുണ്ടായിരുന്നേൽ വർഗ വഞ്ചകരെ ആ പേരിട്ടു തന്നെ വിളിക്കും , unfollow ചെയ്യുന്നു’

‘ബിനീഷേ, ആ ഒറ്റുകാരൻെറ നാടകത്തിന് സ.കോടിയേരിയുടെ കുടുംബം വേദിയൊരുക്കി കൊടുത്തതിലെ പ്രതിഷേധം അറിയിക്കട്ടെ.’

‘വർഗ വഞ്ചകനെ വീട്ടിൽ കയറ്റിയ നിങ്ങളുടെ ഒരു പോസ്റ്റിനും ലൈക്ക് അടിക്കാനോ നല്ലത് പറയാനോ ഞാൻ തയ്യാറല്ല’

‘ഗോവിന്ദൻ MLA യുടെ കൂടെയോ പാർട്ടിയുടെ കൂടെയോ’

‘എന്ത് പറഞ്ഞാലും ഗോവിന്ദൻ ഇന്ന് വീട്ടിൽ വന്നത് ശരിയായില്ല. ഗോവിന്ദന്റെ ഓരോ വാക്കുകൾ ശ്രദ്ധിക്കുക. തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ല. കിടന്നാൽ ഉറക്കം വരുന്നില്ല. എന്നിട്ടും ഗോവിന്ദനോട്‌ ഇഷ്ടമോ? അമ്മയേയും മകനേയും ഗോവിന്ദൻ പറ്റിക്കുന്നു. കരുതൽ

വേണം അത്ര മാത്രം. പാർട്ടിയെ ചതിച്ചവരെ അകറ്റി നിർത്തുക. പാർട്ടിയാണ് വലുത്, വഞ്ചകർ അല്ല. പാർട്ടി വിട്ട് പോകുമ്പോൾ

അവർ പറഞ്ഞിരുന്നോ? അന്ന് അച്ഛനെ അവർ ഓർത്തില്ലേ? നിരവധി പ്രശ്നങ്ങൾ പാർട്ടിയിൽ നിന്ന് അനുഭവിക്കുന്നവർ ഇന്നും എന്റെ ജില്ലയിൽ തൃശൂരിൽ അവർ ഇന്നും പാർട്ടി യിൽ തന്നെ...’

‘മോനെ ബിനീഷെ, പുഷ്പാർച്ചന വെറും നാടകം അതിന് കൂട്ട് നിന്ന നീയാണ് മികച്ച നടൻ’, ‘അച്ഛനായിരുന്നു എങ്കിൽ ആ ഗേറ്റ് വഞ്ചകർക്ക് മുന്നിൽ തുറക്കില്ല.. ഒന്നും പറയാനില്ല’, ‘നീയൊക്കെ ചേർന്നാണ് ഈ പാർട്ടിയെ നശിപ്പിച്ചത്. സാധാരണ പാർട്ടി അംഗങ്ങളുടെ മനസ്സിനെ വേദനിപ്പിച്ചു . എന്തൊക്കെ വിവരണം പറഞ്ഞാലും’ ‘അവനെയൊക്കെ വിജയിപ്പിക്കാൻ താങ്കളും നല്ല രീതിയിൽ പണിയെടുത്തിട്ട് ഉണ്ടായിരിക്കും. അതിന്റെ നന്ദി പറയാൻ ആയിരിക്കുമല്ലോ ഇന്ന് എത്തിയത്. കുഞ്ഞനന്തൻ സഖാവിനെയൊക്കെ വേട്ടയാടി ഇല്ലാതാക്കിയ UDF നോടൊപ്പം കൂടിയ വർഗ്ഗവഞ്ചകന് നീയും നിൻ്റെ മമ്മിയും കൊടുത്ത സ്വീകരണം സാധാരണ സഖാക്കൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്...’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്ന വേളയിലാണ്, തളിപ്പറമ്പിൽ പാർട്ടിയെ വെല്ലുവിളിച്ചതിന് നടപടിയെടുത്ത മുൻ ജില്ല സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദനും ഭാര്യയും മുൻ ഏരിയ കമ്മിറ്റിയംഗവുമായ കെ.പി. രമണിയും കോടിയേരിയുടെ വീട്ടിലെത്തിയത്. എന്തുകൊണ്ട് തോറ്റുവെന്ന് ചർച്ച ചെയ്യുമ്പോഴാണ് തളിപ്പറമ്പിലെ ‘വർഗവഞ്ചക’നെ മുൻ സെക്രട്ടറിയുടെ കുടുംബം ഇരുകൈയും നീട്ടി സ്വീകരിച്ചത്. ടി.കെ. ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കില്ലെന്നും താൻ ആരുടെയും അടിമയല്ലെന്നും മറ്റ് കാര്യങ്ങൾ തന്റെ വിഷയമല്ലെന്നും കോടിയേരിയുടെ പത്നി വിനോദിനി തുറന്നടിക്കുകയും ചെയ്തു.

‘പാർട്ടിക്ക് കോടിയേരിയെ പോലൊരു സെക്രട്ടറിയെ കിട്ടില്ലെന്ന്’ ബിനീഷ് കോടിയേരി വോട്ടെണ്ണൽദിനത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനു പിന്നാലെയാണ് മറ്റൊരു ‘കുലംകുത്തി’യെ വീട്ടിൽ കയറ്റിയിരുത്തിയത്. തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കു പിന്നാലെ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ കണ്ണൂരിൽ പലയിടത്തും ബാനറുകളും പോസ്റ്ററുകളും ഉയരുന്ന സന്ദർഭത്തിലാണിത്. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് കുടുംബം ആവർത്തിക്കുമ്പോഴും പിണറായിയെയും ഗോവിന്ദനെയുമൊക്കെ ഇനി ആര് ഗൗനിക്കുന്നു എന്നതിന്റെ കൃത്യമായ സൂചന കൂടിയാണിത്. പാർട്ടിയിലെ പിണറായിക്കാലം തീരുന്നതിന്റെ ചില സന്ദേശങ്ങളും.

Tags:    
News Summary - cpm cyber attack bineesh kodiyeri over tk govindan visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.