ഷാഫിയെ തോൽപിക്കാനും സുരേഷ് ഗോപിയെ ജയിപ്പിക്കാനും സി.പി.എം - ബി.ജെ.പി ധാരണ -കെ. മുരളീധരൻ

തൃശൂർ: വടകരയിൽ ഷാഫിയെ തോൽപിക്കാനും തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാനും സി.പി.എം -ബി.ജെ.പി ധാരണയെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്നുമാണ് നേരത്തേതന്നെ ഇക്കാര്യത്തിൽ കെ. സുരേന്ദ്രൻ നടത്തിയ പ്രസ്താവന. ഇതിൽനിന്നുതന്നെ അന്തർധാര വ്യക്തമാണെന്നും വലപ്പാട് മാധ്യമങ്ങളോട് പ്രതികരിക്കവെ കെ. മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ കുറെ കാലമായി പിണറായി നരേന്ദ്ര മോദിയെ മറന്നതുപോലെയാണ്. വിമർശനം മുഴുവൻ രാഹുൽ ഗാന്ധിക്കാണ്. കഴിഞ്ഞ ദിവസം നടന്ന ഇൻഡ്യ സഖ്യത്തിന്റെ റാലിയിലും പങ്കെടുത്തില്ല. എന്താണ് റാലിയിൽ പങ്കെടുത്താൽ കുഴപ്പം, ഇതിൽനിന്ന് മനസ്സിലാക്കാമല്ലോ. ഒരുപാട് പേർ ജീവനും രക്തവും കൊടുത്ത പാർട്ടിയെ പിണറായി ആർ.എസ്.എസിന്റെ ആലയിൽ കെട്ടി. സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിന്റെ അങ്കലാപ്പാണ്. സ്ഥാനാർഥിക്ക് എവിടെ വേണമെങ്കിലും പോകാം. അത് ചർച്ചയാക്കേണ്ടതില്ല. ഇതുകൊണ്ടൊന്നും വോട്ട് കിട്ടാൻ പോകുന്നില്ല -മുരളീധരൻ പറഞ്ഞു.

കരുണാകരന്‍റെ കുടുംബത്തിനൊരു പ്രത്യേകതയുണ്ട്. വീട്ടിൽ വരുന്നത് ശത്രുക്കളാണെങ്കിൽപോലും മാന്യമായിട്ടേ പെരുമാറൂ. വീട്ടിൽ വരുന്നവരെ ഗെറ്റ്ഔട്ട് അടിക്കുന്ന പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിന് ഇല്ല. ചില വീടുകളിൽ ഗെറ്റ്ഔട്ട്‌ അടിച്ചല്ലോ. കെ. കരുണാകരന്‍റെ കെയറോഫിൽ 10 വോട്ട് കിട്ടുമെന്ന് ബി.ജെ.പി കരുതേണ്ട. മൂന്നാം സ്ഥാനത്തേക്കുതന്നെ പോകും. രണ്ടുപേർക്കാണ് കേരളത്തിൽ സമനില തെറ്റിയത്. ഒന്ന് ബി.ജെ.പിക്ക്, രണ്ട് കേരളത്തിന്‍റെ മുഖ്യമന്ത്രിക്കെന്നും മുരളീധരൻ പറഞ്ഞു. 

Tags:    
News Summary - CPM - BJP agree to defeat Shafi says K Muralidharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.