ദേശവിരുദ്ധ പരാമര്‍ശം നടത്തിയ ജലീലിനെ സി.പി.എമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നു -കെ. സുധാകരൻ

കണ്ണൂർ: ദേശവിരുദ്ധ പരാമര്‍ശം നടത്തിയ കെ.ടി. ജലീലിനെ സി.പി.എമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഭരണഘടനയെ ബഹുമാനിക്കാത്ത, രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളുടെ കൂടാരമാണ് എൽ.ഡി.എഫ് എന്നും അദ്ദേഹം ആരോപിച്ചു.

ജലീല്‍ നടത്തിയ പരാമര്‍ശത്തിന്റെ ഗൗരവം ചൂണ്ടിക്കാണിക്കാനും തെറ്റുതിരുത്തി മാപ്പ് പറയാൻ നിര്‍ദ്ദേശിക്കാനുമുള്ള ആര്‍ജ്ജവം കൈമോശം വന്നവരാണ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും തലപ്പത്ത് ഇരിക്കുന്നത്. കഴിവും പ്രാപ്തിയുമുള്ള മന്ത്രിമാര്‍ കുറവെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി -കെ. സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കെ.ടി. ജലീൽ ഫേസ്ബുക്കിലെഴുതിയ വിവാദ കശ്മീർ യാത്രാ വിവരണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു എന്നാണ് ലേഖനത്തിലുള്ളത്. വിഭജന കാലത്ത് കശ്മീരി​നെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു. ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്.

ഇതിനെതിരെ കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ രംഗത്തുവന്നിരുന്നു. കെ.ടി ജലീലിനെ രാജ്യദ്രോഹി എന്ന് വിളിച്ചാണ് പ്രൾഹാദ് ജോഷി വിമർശിച്ചത്. 'കോൺഗ്രസിലോ കമ്യൂണിസ്റ്റ് പാർട്ടിയിലോ ആണ് അവർ പ്രവർത്തിക്കുന്നത്. അവർ ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതുണ്ട്. ഇതുപോലെയാണ് അവർ സംസാരിക്കുന്നതെങ്കിൽ അവർ രാജ്യദ്രോഹിയാണ്. കേരള സർക്കാർ ഇക്കാര്യം കർശനമായി കൈകാര്യം ചെയ്യണം' -പ്രൾഹാദ് ജോഷി പറഞ്ഞു.

മുൻമന്ത്രി കെ.ടി. ജലീൽ നടത്തിയ 'അസാദ് കശ്മീർ' എന്ന പ്രയോഗം ഒരിന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ​ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. 'പാകിസ്താൻ കൈവ​ശപ്പെടുത്തിയ കശ്മീരിനെ കുറിച്ച് അവർ നയതന്ത്ര വേദികളിൽ നിരന്തരം ഉപയോഗിക്കുന്ന വാക്കാണ് 'ആസാദ് കശ്മീർ' എന്നത്. ആ വാക് പ്രയോഗമാണ് ജലീൽ നടത്തിയത്. നമ്മുടെ കശ്മീരിനെ കുറിച്ച് ഇന്ത്യൻ അധീന കശ്മീർ എന്നതും പാകിസ്താന്റെ പ്രയോഗമാണ്. പാകിസ്താന്റെ കൈവശമുള്ള കശ്മീരിനെ പാക് അധീന കശ്മീർ എന്നാണ് ഇന്ത്യ വിളിക്കുന്നത്. ഇതൊന്നും അറിയാതെയാണോ ജലീൽ ആ വാക്ക് ഉപയോഗിച്ചത് എന്ന് വ്യക്തമല്ല. അറവില്ലായ്മ കൊണ്ട് തെറ്റ് പറ്റിയതാണെങ്കിൽ ജലീൽ അവ പിൻവലിച്ച് പൊതുജനത്തോട് മാപ്പ് പറയണം' -സതീശൻ പറഞ്ഞു. 

Tags:    
News Summary - CPM and Chief Minister protect Jaleel who made anti-national remarks -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.