ഗവർണർ രാജേന്ദ്ര ആർലേക്കർ

ഗവർണർ രാജേന്ദ്ര ആ‍ർലേക്കർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി സി.പി.ഐ

ന്യൂഡൽഹി: പരിസ്ഥിതി ദിനത്തിലെ ഭാരതാംബ വിവാദത്തിന് പിന്നാലെ കേരള ​ഗവർണർ രാജേന്ദ്ര ആ‍ർലേക്കർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി സി.പി.ഐ. ​ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ​ഗവ‍ർണറുടെ ഭാ​ഗത്ത് നിന്നും ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. ഗവ‍ർണറെ തിരിച്ച് വിളിക്കണമെന്നാണ് ആവശ്യം. സി.പി.ഐയുടെ രാജ്യസഭാ എം.പി സന്തോഷ് കുമാർ പി. ആണ് രാഷ്ട്രപതിക്ക് പരാതി നൽകിയത്.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം തുടർച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ ഗുരുതരമായ ആശങ്ക രേഖപ്പെടുത്താനാണ് രാഷ്ട്രപതിക്ക് പരാതി നൽകുന്നതെന്ന് സന്തോഷ് കുമാർ എം.പി ചൂണ്ടിക്കാണിക്കുന്നു. രാജ്ഭവനിൽ നടന്ന പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട കേരള ഗവർണറുടെ പെരുമാറ്റം പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുമായി കൂടിയാലോചിക്കാതെ ഭാരത് മാതായുടെ ഒരു പ്രത്യേക പതിപ്പ് ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചത് സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദിനെ പരിപാടി ബഹിഷ്കരിക്കാൻ നിർബന്ധിതനാക്കിയെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പരാതിയിൽ പറയുന്നു.

കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർമാർ ആവർത്തിച്ച് രാഷ്ട്രീയ ഏജന്റുമാരായി പ്രവർത്തിക്കുകയും രാജ്ഭവനുകളെ ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്ര കേന്ദ്രങ്ങളാക്കി മാറ്റുകയും ഭരണഘടനാ മാനദണ്ഡങ്ങൾ, ഫെഡറൽ തത്വങ്ങൾ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ തീരുമാനങ്ങൾ അവഗണിക്കുകയും ചെയ്യുന്ന ഒരു രീതിക്ക് നാം സാക്ഷ്യം വഹിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതും ​ഗവർണർ പദവിക്ക് നൽകിയിരിക്കുന്ന ഭരണഘടനാ പരിധികളുടെ കടുത്ത ലംഘനത്തിന് തുല്യവുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.