തിരുവനന്തപുരം: ജന്മശതാബ്ദി വർഷത്തിലെ 25ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായ ജില്ല സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ ‘മത്സര വിലക്ക്’ നടപ്പാക്കി ഒരുപരിധിവരെ വിഭാഗീയത ഒഴിവാക്കാനായതിന്റെ ആശ്വാസത്തിൽ സി.പി.ഐ. പത്തനംതിട്ടയാണ് ഇതിന് അപവാദം. വിഭാഗീയത രൂക്ഷമായ ഇവിടെ മത്സരമൊഴിവാക്കി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ ജില്ല സെക്രട്ടറിയാക്കാനും നേതൃത്വത്തിനായി.
അതേസമയം, സർക്കാറിനും സെക്രട്ടറിയടക്കം നേതൃത്വത്തിനും പാർട്ടി മന്ത്രിമാർക്കും സി.പി.എമ്മിനും എതിരായി ഒട്ടുമിക്ക ജില്ല സമ്മേളനങ്ങളിലും കടുത്ത വിമർശനങ്ങളുയർന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ സമ്മേളനത്തിൽ സർക്കാറിന്റെ ഇടതുമുഖം വികൃതമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പ്രതിനിധികൾ പ്രതിഷേധമുയർത്തി.
ലോക്കൽ സമ്മേളനങ്ങളിൽ പലയിടത്തും ചേരിതിരിഞ്ഞ് മത്സരമുണ്ടായതോടെയാണ് ഔദ്യോഗിക പാനലിനെതിരായ മത്സരം തടയാനും മത്സരമുണ്ടായാൽ സമ്മേളനം സസ്പെൻഡ് ചെയ്യാനും നേതൃത്വം തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെ ജില്ല സമ്മേളനങ്ങളിലടക്കം ചിലർ മത്സര ഭീഷണി ഉയർത്തിയത് ഔദ്യോഗിക പാനൽ വെട്ടിത്തിരുത്തുന്നതിന് വഴിവെച്ചിരുന്നു. ഇതോടെയാണ് പാർട്ടി ‘മത്സര വിലക്ക്’ നിർബന്ധമാക്കി ജില്ല നിർവാഹക സമിതികളിൽ റിപ്പോർട്ട് ചെയ്തത്.
വിരലിലെണ്ണാവുന്ന മണ്ഡലം സമ്മേളനങ്ങളിൽ മത്സര സാഹചര്യമുണ്ടായതൊഴിച്ചാൽ ജില്ല സമ്മേളനങ്ങളിലെവിടെയും കാര്യമായ വിമത ഭീഷണി ഉയർന്നില്ല. കമ്മിറ്റികളിൽ നിന്നൊഴിവാക്കുന്നതിനെ ചൊല്ലി തൃശൂരിലടക്കം ഇറങ്ങിപ്പോക്കുണ്ടായതിൽ സമവായമുണ്ടാക്കാനുമായി. സമ്മേളനങ്ങളിലെ വിമർശനങ്ങളെ ക്രിയാത്മകമായി നേരിടാനും പാർട്ടി നിലപാടുറപ്പിച്ച് ബോധ്യപ്പെടുത്താനുമായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സെപ്റ്റംബർ എട്ടുമുതൽ 12വരെ ആലപ്പുഴയിലാണ് സംസ്ഥാന സമ്മേളനം. തുടർന്ന് ഛണ്ഡിഗഡിൽ പാർട്ടി കോൺഗ്രസ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.