മലപ്പുറം: കോവിഡ് ബാധിതക്ക് ഇന്‍ഷുറന്‍സ് തുക തടഞ്ഞ സംഭവത്തില്‍ 2.5 ലക്ഷം രൂപയും കോടതി ചെലവും നല്‍കണമെന്ന് ഉപഭോക്തൃ കമീഷന്‍. മഞ്ചേരി മെഡിക്കല്‍ കോളജിലെ 108 ആംബുലന്‍സില്‍ നഴ്സായിരുന്ന ഇല്ലിക്കല്‍ പുറക്കാട് സ്വദേശിനി ജോസ്‌ന മാത്യുവിന്റെ പരാതിയിലാണ് ഉത്തരവ്. ജോസ്‌ന ജോലിയിലിരിക്കെ കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായിരുന്നു.
ഡിസ്ചാർജ് ചെയ്ത ശേഷം 15 ദിവസം മുട്ടിപ്പാലത്തെ കോവിഡ് സെന്ററില്‍ ക്വാറന്റീനിലുമായിരുന്നു. തുടര്‍ന്ന് കൊറോണ രക്ഷക് പോളിസി പ്രകാരം ഇന്‍ഷുറന്‍സ് സംഖ്യയായ 2.5 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഇൻഷുറന്‍സ് കമ്പനി അനുവദിച്ചില്ല. തുടര്‍ന്നാണ് ഉപഭോക്തൃ കമീഷനില്‍ പരാതി നല്‍കിയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിർദേശപ്രകാരം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കേണ്ട സാഹചര്യം പരാതിക്കാരിക്ക് ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ഇൻഷുറന്‍സ് തുക അനുവദിക്കില്ലെന്നുമാണ് കമ്പനി വാദിച്ചത്. എന്നാല്‍, നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് നിഷേധിച്ച നടപടി ശരിയല്ലെന്നും ഇന്‍ഷുറന്‍സ് തുകയായ 2.5 ലക്ഷവും കോടതിച്ചെലവായ 5000 രൂപയും ഒരു മാസത്തിനകം പരാതിക്കാരിക്ക് നല്‍കണമെന്നും കമീഷന്‍ വിധിച്ചു.
തുക നൽകുന്നതിൽ വീഴ്ചവന്നാല്‍ ഒമ്പതു ശതമാനം പലിശയും നല്‍കേണ്ടിവരുമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ കമീഷൻ ഉത്തരവില്‍ പറഞ്ഞു. ഇഫ്‌കോ ടോക്കിയോ ജനറല്‍ ഇൻഷുറന്‍സ് കമ്പനിക്കെതിരെയാണ് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.